Friday, May 17, 2024
HomeGulfവീണ്ടും ഖത്തറിന്റെ നയതന്ത്ര വിജയം; അമേരിക്ക, വെനിസ്വേല തടവുകാരുടെ മോചനം സാധ്യമാക്കി

വീണ്ടും ഖത്തറിന്റെ നയതന്ത്ര വിജയം; അമേരിക്ക, വെനിസ്വേല തടവുകാരുടെ മോചനം സാധ്യമാക്കി

ദോഹ: ഗസ്സക്കും യുക്രെയ്നും അഫ്ഗാനും പിന്നാലെ വെനിസ്വേലയിലും തടവുകാരുടെ മോചനത്തിന് വഴിയൊരുക്കി ഖത്തറിന്റെ നയതന്ത്ര ഇടപെടല്‍.

ഖത്തറിന്റെ മധ്യസ്ഥ ചര്‍ച്ചകളുടെ തുടര്‍ച്ചയായി 10 തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച്‌ അമേരിക്കയും വെനിസ്വേലയും ധാരണയിലെത്തി.

വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തര്‍ അമേരിക്ക-വെനസ്വേല വിഷയത്തിലും മധ്യസ്ഥത വഹിച്ചത്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒക്ടോബറില്‍ വെനസ്വേലയുടെ പെട്രോളിയം മേഖലക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരെ കൈമാറാനും ധാരണയായത്. വെനിസ്വേലൻ പ്രസിഡന്റ് നിക്കളസ് മദുറോയുടെ അടുപ്പക്കാരനായ കൊളംബിയന്‍ ബിസിനസുകാരന്‍ അലക്സ് സാബും മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. നിര്‍ണായക മധ്യസ്ഥത വഹിച്ച ഖത്തറിനും അമീര്‍ ശൈഖ് തമീംബിന്‍ ഹമദ് ആല്‍ഥാനിക്കും മദുറോ നന്ദി പറഞ്ഞു. തടവുകാരെ കൈമാറ്റം ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്ക അറസ്റ്റു ചെയ്ത ആറ് വെനിസ്വേലൻ തടവുകാരെയും വെനിസ്വേല അറസ്റ്റുചെയ്ത നാലുപേരെയും മോചിപ്പിച്ചു.

മോചിതരായവരെ പ്രസിഡന്റ് മദുറോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. യു.എസ് തടവുകാരുടെ സംഘം കഴിഞ്ഞദിവസം ടെക്സാസിലെ അമേരിക്കൻ മിലിട്ടറി ബേസിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനും അമേരിക്കക്കുമിടയിലും ഖത്തറിലെ ഇടപെടലിലൂടെ തടവുകാരുടെ മോചനവും സാധ്യമാക്കിയിരുന്നു. റഷ്യയില്‍നിന്ന് യുക്രൈന്‍ കുഞ്ഞുങ്ങളെ മോചിപ്പിക്കാനും ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും അഫ്ഗാനില്‍നിന്ന് അമേരിക്കൻ സേനാ പിന്മാറ്റം, ചാഡ് സമാധാന കരാര്‍ എന്നിവക്കു പിന്നാലെയാണ് ഖത്തറിന്റെ നയതന്ത്ര ഇടപെടല്‍ വെനിസ്വേലയിലും ആശ്വാസമായി മാറുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular