Friday, May 3, 2024
HomeKeralaഅദ്വാനിക്ക് ജന്മദിനം ആശംസിച്ച വിമർശനത്തിൽ ശശി തരൂർ

അദ്വാനിക്ക് ജന്മദിനം ആശംസിച്ച വിമർശനത്തിൽ ശശി തരൂർ

ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിക്ക് ജന്മദിനാശംസ നേർന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിട്ട സംഭവത്തിൽ മറുപടിയുമായി ശശി തരൂർ എം. പി രംഗത്ത്. തന്നെ സംഘിയെന്ന് അഭിസംബോധ ചെയ്യാം, എന്നാൽ അവർക്കു വേണ്ടി തന്‍റെ മൂല്യങ്ങൾ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂർ പറഞ്ഞു. രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് നാഗരികത കൈമോശം വന്നിട്ടുണ്ടോയെന്നും ശശി തരൂർ പറഞ്ഞു. ‘എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി ഞാൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല’- ശശി തരൂർ ഫേസ്ബുക്കിൽ വ്യക്തമാക്കി.

ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് നാഗരികത കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്!!

ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് പോലും നല്ലത് ചെയ്യാൻ പഠിപ്പിക്കുന്ന സ്നേഹത്തിന്റെ തികച്ചും പോസിറ്റീവ് ആയ അവസ്ഥയാണ്. ഗാന്ധിജിയുടെ പദങ്ങളായ നന്മയും തിന്മയും സത്യത്തിൽ ഞാനുപയോഗിക്കാത്തത് ഒരേ വ്യക്തിക്ക് തന്നെ ഇത് രണ്ടിന്റെയും പ്രതിഫലനമുണ്ടാകും എന്നതിനാലാണ്. പക്ഷെ, എന്ത് തന്നെയായാലും അസഹിഷ്ണുത എതിർക്കപ്പെടേണ്ടത് തന്നെയാണ്.

അത് കൊണ്ട് ഒരു കാര്യം കൃത്യമായി വ്യക്തമാക്കാൻ ഞാനുദ്ദേശിക്കുന്നത് ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്ഷങ്ങളായി ഞാനെഴുതുന്നത് ഞാൻ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി ഞാൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular