Sunday, May 19, 2024
Homeനിര്‍ണായകമാകുന്ന ഫ്രഞ്ച്‌ ബന്ധം

നിര്‍ണായകമാകുന്ന ഫ്രഞ്ച്‌ ബന്ധം

ന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പരസ്‌പര വിശ്വാസത്തില്‍ അധിഷ്‌ഠിതമായ, ദൃഢമായ ബന്ധം നിലനിര്‍ത്തുന്നതില്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായക പങ്ക്‌ വഹിക്കുന്നു.

ഇന്ത്യയുടെ പിങ്ക്‌ നഗരമായ ജയ്‌പൂരിലും ന്യൂഡല്‍ഹിയിലുമാണ്‌ മാക്രോണ്‍ കഴിഞ്ഞയാഴ്‌ച സന്ദര്‍ശനം നടത്തിയത്‌.

ഇന്ത്യന്‍ മണ്ണില്‍ ഹൈടെക്‌ പ്രതിരോധ മാര്‍ഗത്തിന്‌ വഴിയൊരുക്കുന്ന പ്രതിരോധ സാങ്കേതികവിദ്യാ സഹകരണം കണക്കിലെടുത്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ സഖ്യകക്ഷിയാണ്‌ ഫ്രാന്‍സ്‌. കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന ഫ്രാന്‍സിന്റെ ബാസ്‌റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥിയായി നരേന്ദ്ര മോദിയെ ക്ഷണിക്കുകയും ഇന്ത്യന്‍ കരസേനയും നാവികസേനയും വ്യോമസേനയും സജീവമായി പങ്കെടുക്കുകയും ചെയ്‌തിരുന്നു. ലോകശക്‌തികള്‍ക്കിടയില്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമ-രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങളുടെ വീക്ഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്‌തമായ പ്രതിരോധ ബന്ധത്തിന്റെ പരമപ്രധാനമായ കണ്ണിയാണ്‌ ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ റഫാല്‍ ഇടപാട്‌. ഇത്‌ ഫ്രാന്‍സിനെയും ഇന്ത്യയെയും പ്രതിരോധമേഖലയില്‍ ദൃഢമായി ബന്ധിക്കുന്നു.

ഹിന്ദുസ്‌ഥാന്‍ എയറോനോട്ടിക്‌സ്‌ നിര്‍മിക്കുന്ന ഹെലികോപ്‌ടറുകളില്‍ ഫ്രാന്‍സില്‍ നിന്നുള്ള സഫ്രാന്‍ എഞ്ചിനുകള്‍ ഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്കു പുറമെ, ഇന്ത്യയുടെ എം.എം.ആര്‍.സി.എ (മീഡിയം മള്‍ട്ടി-റോള്‍ കമ്ബൈന്‍ഡ്‌ എയര്‍ക്രാഫ്‌റ്റ്‌) യ്‌ക്കായി ഇരു രാജ്യങ്ങളും സംയുക്‌തമായി ഒരു യുദ്ധവിമാന എഞ്ചിന്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രയാണത്തിലാണ്‌. ഐ.എസ്‌.ആര്‍.ഒയും ഫ്രഞ്ച്‌ സ്‌പേസ്‌ ഏജന്‍സിയായ സി.എന്‍.ഇ.എസും തമ്മിലുള്ള ഹൈടെക്‌ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നത്‌ ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഇന്ത്യയെ ഏറെ മുന്നോട്ടു നയിക്കും.

റോബോട്ടിക്‌സ്‌, സ്വയംനിയന്ത്രിത വാഹനങ്ങള്‍, സൈബര്‍ പ്രതിരോധം, കരയുദ്ധ സംവിധാനങ്ങള്‍, സമുദ്ര സാങ്കേതിക വിദ്യകള്‍ എന്നിവയാണ്‌ ഇന്ത്യ-ഫ്രാന്‍സ്‌ സഹകരണ സാധ്യതയുള്ള മേഖലകള്‍. 2000 ഏപ്രില്‍ മുതല്‍ 2023 സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ 10.8 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപവുമായി ഫ്രാന്‍സ്‌ ഇന്ത്യയിലെ പതിനൊന്നാമത്തെ വലിയ നിക്ഷേപകനാണ്‌. ഏകദേശം 200 ഇന്ത്യന്‍ കമ്ബനികള്‍ക്ക്‌ ഫ്രാന്‍സില്‍ സാന്നിധ്യമുണ്ട്‌. അയ്യായിരത്തില്‍ അധികം ഫ്രഞ്ച്‌ കമ്ബനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യ ഫ്രാന്‍സിലേക്ക്‌ 7.6 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും 2022-23ല്‍ 6.2 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയും ചെയ്‌തിട്ടുണ്ട്‌. 2020-21 മുതല്‍ ഇന്ത്യയ്‌ക്ക്‌ ഫ്രാന്‍സുമായി സ്‌ഥിരമായ വ്യാപാര നേട്ടമുണ്ട്‌. അതായത്‌, ഇറക്കുമതിയെ അപേക്ഷിച്ച്‌ ഇന്ത്യ വലിയ മൂല്യമുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നു.

ഫ്രാന്‍സില്‍ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതിയില്‍ വിമാനങ്ങള്‍, ബഹിരാകാശവാഹന ഉപകരണങ്ങള്‍, മെഡിക്കല്‍, ശാസ്‌ത്രീയ ഉപകരണങ്ങള്‍ എന്നിവയാണ്‌ ഉള്‍പ്പെടുന്നത്‌. അതേസമയം ഇന്ത്യയുടെ പ്രധാന കയറ്റുമതി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഇലക്‌ട്രിക്‌ യന്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, വസ്‌ത്രങ്ങള്‍, ടെലികോം ഉപകരണങ്ങള്‍ എന്നിവയാണ്‌. 2022-23 ല്‍ ഫ്രാന്‍സിലേക്കുള്ള ഇന്ത്യയുടെ ഐ ടി, മെയിന്റനന്‍സ്‌, റിപ്പയര്‍, യാത്ര, ഗതാഗതം, മറ്റ്‌ ബിസിനസ്സ്‌ സേവനങ്ങള്‍ എന്നിവയുടെ കയറ്റുമതി 3.2 ബില്യണ്‍ ഡോളറിലെത്തി. അതോടൊപ്പം ബിസിനസ്‌ സേവനങ്ങള്‍, ഗതാഗതം, ഇന്‍ഷുറന്‍സ്‌ എന്നിവയുടെ ഇറക്കുമതി 2.2 ബില്യണ്‍ ഡോളറാണ്‌.

ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായുള്ള വിദേശ വ്യാപാര കരാര്‍ ചര്‍ച്ചയില്‍, വിപണി പ്രവേശനം, ബൗദ്ധിക സ്വത്തവകാശം, നിക്ഷേപ സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിരവധി തടസങ്ങള്‍ നേരിടുന്നുണ്ട്‌. ന്യൂഡല്‍ഹിയില്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ ഏഴാം റൗണ്ട്‌ ചര്‍ച്ചകള്‍ നടക്കും. കൂടാതെ, സുസ്‌ഥിര അടിസ്‌ഥാന സൗകര്യ വികസനം, ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജം, കാലാവസ്‌ഥാ വ്യതിയാനം എന്നീ മേഖലകളില്‍ സഹകരണത്തിന്‌ വലിയ സാധ്യതകളുണ്ട്‌.

രാകേഷ്‌ മോഹന്‍ ജോഷി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular