Friday, May 3, 2024
HomeEuropeകാനഡയിലെ 121 കോടിയുടെ സ്വര്‍ണ കവര്‍ച്ച; ഇന്ത്യൻ വംശജനടങ്ങുന്ന സംഘം പിടിയില്‍

കാനഡയിലെ 121 കോടിയുടെ സ്വര്‍ണ കവര്‍ച്ച; ഇന്ത്യൻ വംശജനടങ്ങുന്ന സംഘം പിടിയില്‍

കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കവർച്ച നടത്തിയ ഇന്ത്യൻ വംശജൻ അടങ്ങുന്ന സംഘം പിടിയിലായി. കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്ന് 20 മില്യണ്‍ കനേഡിയൻ ഡോളറിലധികം (ഏകദേശം 120 കോടി) വിലമതിക്കുന്ന സ്വർണക്കട്ടികള്‍ പ്രതികള്‍ കൊള്ളയടിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17 നായിരുന്നു സംഭവം നടന്നത്. ഏകദേശം ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനോടുവിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയിരിക്കുന്നത്. ഒരു ഇന്ത്യൻ വംശജൻ ഉള്‍പ്പെടെ കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

സംഘം വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്ന് പീല്‍ റീജിയണല്‍ പോലീസ് മേധാവി നിഷാൻ ദുരൈയപ്പ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് എയർ കാനഡ എയർലൈൻ ജീവനക്കാരും ഒരു ജ്വല്ലറി ഉടമയും പ്രതികളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ മറ്റൊരു പ്രതി യുഎസിലെ പെന്‍സില്‍വാനിയയില്‍ വെച്ചാണ് പിടിയിലായത്. എയർ കാനഡയിലെ ജീവനക്കാരനായ പരംപാല്‍ സിദ്ധു (54), അമിത് ജലോട്ട (40), അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാത് പരമലിംഗം (35) എന്നിവരാണ് നിലവില്‍ അറസ്റ്റിലായ പ്രതികള്‍.

മറ്റു പ്രതികളായ സിമ്രാൻ പ്രീത് പനേസർ (31), അർച്ചിത് ഗ്രോവർ (36), അർസലൻ ചൗധരി (42) എന്നിവർക്കായി പോലീസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഇവർക്കായി കാനഡയിലൂടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പൊലീസ് പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ഒരു റിഫൈനറിയില്‍ നിന്ന് 6,600 സ്വർണ്ണക്കട്ടികളും 2.5 മില്യണ്‍ ഡോളറിൻ്റെ വിദേശ കറൻസികളും ആണ് നഷ്ടപ്പെട്ടത്. എയർ കാനഡ വിമാനത്തിലെ കണ്ടെയ്‌നറിലാണ് സ്വർണക്കട്ടികളും കറൻസികളും എത്തിയത് . തുടർന്ന് അതീവ സുരക്ഷാ മേഖലയില്‍ സൂക്ഷിച്ചിരുന്ന കണ്ടെയ്നർ മോഷ്ടിക്കപ്പെടുകയായിരുന്നു.

ആ സമയം ഡുറാൻ്റേ കിംഗ്-മക്ലീൻ എന്നയാള്‍ വെയർഹൗസിലുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ സീഫുഡ്‌ കയറ്റുമതി ചെയ്യാനാണ് ഇയാള്‍ എത്തിയതെന്നാണ് രേഖകളില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് തലേദിവസം തന്നെ പൂർത്തിയാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായി. സീഫൂഡ് എന്ന വ്യാജേന 6,600 സ്വര്‍ണക്കട്ടികളും വിദേശ നോട്ടുകളും ട്രക്കില്‍ കയറ്റിയാണ് ഇയാള്‍ മുങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular