Friday, May 17, 2024
HomeIndiaഎസ്‌എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും, മാറ്റിവച്ചാല്‍ 40-താം തവണയും മാറ്റിവെച്ച കേസെന്ന ഖ്യാതിയും

എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും, മാറ്റിവച്ചാല്‍ 40-താം തവണയും മാറ്റിവെച്ച കേസെന്ന ഖ്യാതിയും

ന്യൂഡല്‍ഹി: ഇന്നലെയും പരിഗണിക്കാതെ മാറ്റിവച്ച എസ്‌എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. 110ാം നമ്ബരായി ലിസ്റ്റ് ചെയ്തിരിക്കുന്ന കേസ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.

അന്തിമ വാദത്തിനായി കേസ് ഇന്നലെയും ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മുപ്പത്തൊൻപതാം തവണയും മാറ്റിവയ്ക്കുകയായിരുന്നു. ഇന്നും മാറ്റിവച്ചാല്‍ 40 തവണ വാദം കേള്‍ക്കാതെ മാറ്റിവെച്ച കേസായി ലാവ്ലിൻ കേസ് മാറും.

ഈ വർഷം ഫെബ്രുവരി ആറിനാണ് ലാവ്‌ലിൻ കേസ് ഒടുവില്‍ പരിഗണിച്ചത്. പല തവണ സുപ്രീം കോടതിയില്‍ ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തെങ്കിലും ഓരോ തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സിബിഐ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും കേസ് മാറ്റിവച്ചിട്ടുണ്ട്.

1996ലെ നായനാർ സർക്കാരില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 2017ലാണ് ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതി ബോർഡ് മുൻ സാമ്ബത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. പന്നിയാർ, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്‌എൻസി ലാവലിൻ കമ്ബനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular