Sunday, May 19, 2024
HomeIndiaപ്രജ്വല്‍ രേവണ്ണ വിഷയത്തില്‍ പ്രതികരിച്ച്‌ മോദി; "പ്രജ്വലിനെപ്പോലുള്ളവരോട് വിട്ടുവീഴ്ചയില്ല, രാജ്യം വിടാൻ സഹായിച്ചത് കര്‍ണാടക സര്‍ക്കാര്‍''

പ്രജ്വല്‍ രേവണ്ണ വിഷയത്തില്‍ പ്രതികരിച്ച്‌ മോദി; “പ്രജ്വലിനെപ്പോലുള്ളവരോട് വിട്ടുവീഴ്ചയില്ല, രാജ്യം വിടാൻ സഹായിച്ചത് കര്‍ണാടക സര്‍ക്കാര്‍”

ബംഗളൂരു: ജെഡി-എസ് നേതാവും എൻഡിഎയുടെ ഹാസൻ മണ്ഡലം സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസില്‍ പ്രതികരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രജ്വലിനെപ്പോലുള്ളവരെ സർക്കാർ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നും അദ്ദേഹത്തിനു രാജ്യം വിടാൻ സൗകര്യമൊരുക്കിയത് കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരാണെന്നും ഇം‌ഗ്ലീഷ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

പ്രജ്വലുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണക്കേസില്‍ നിയമം അതിന്‍റെ വഴിക്കുപോകുമെന്നും നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും മോദി വ്യക്തമാക്കി. “ആയിരക്കണക്കിന് വീഡിയോകള്‍ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ഇത് ജെഡി-എസ് കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്ന സമയത്താണെന്നാണ്. ഈ വീഡിയോകള്‍ അവർ അധികാരത്തിലിരുന്നപ്പോള്‍ ശേഖരിക്കുകയും വൊക്കലിംഗ വിഭാഗത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായശേഷം പുറത്തുവിടുകയും ചെയ്തു. ”-മോദി പറഞ്ഞു.

അതേസമയം, വിദേശത്തേക്കു മുങ്ങിയ പ്രജ്വലിനെ അറസ്റ്റ് ചെയ്യാൻ മംഗളൂരുവിലെയും ബംഗളൂരുവിലെയും വിമാനത്താവളങ്ങളില്‍ എസ്‌ഐടി സംഘം വലവിരിച്ചിട്ടുണ്ട്.

പ്രജ്വല്‍ ഇന്നലെ പുലർച്ചെ മംഗളൂരു വിമാനത്താവളത്തില്‍ എത്തുമെന്ന് പ്രചാരണമുണ്ടായെങ്കിലും എസ്‌ഐടി സംഘം ഇതു തള്ളിക്കളഞ്ഞിരുന്നു. പിതാവ് എച്ച്‌.ഡി. രേവണ്ണ അറസ്റ്റിലായ സാഹചര്യത്തില്‍ പ്രജ്വല്‍ ഉടൻതന്നെ കീഴടങ്ങിയേക്കുമെന്നാണ് വിവരം. വിവാദ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിനു പിന്നില്‍ താനല്ലെന്ന് ബിജെപി നേതാവ് ദേവരാജ് ഗൗഡ വ്യക്തമാക്കി.

ജെഡി-എസില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ഒളിവില്‍ കഴിയുകയാണെന്നും പ്രജ്വലിന്‍റെ മുൻ ഡ്രൈവർ കാർത്തിക് ഗൗഡയുടെ അഭിഭാഷകൻകൂടിയായ ദേവരാജ് ഗൗഡ പറഞ്ഞു. പ്രജ്വലിന്‍റെ പീഡനദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവും അഭിഭാഷകനുമായ ദേവരാജ് ഗൗഡയ്ക്കാണു താൻ കൈമാറിയതെന്ന് കാർത്തിക് ഗൗഡ വ്യക്തമാക്കിയിരുന്നു.

അതിനിടെ, പ്രജ്വലിന്‍റെ പീഡനത്തിനിരയായ ഹാസനിലെ നിരവധി സ്ത്രീകളെ കഴിഞ്ഞ പത്തു ദിവസമായി കാണാനില്ലെന്ന് പരാതിയുണ്ട്. ഭയം മൂലവും മാനഹാനി ഓർത്തുമാണത്രെ ഇവർ സ്ഥലം വിട്ടത്.

വിവാദ വീഡിയോ ക്ലിപ്പിംഗുകള്‍ മൊബൈലുകളില്‍ സൂക്ഷിക്കുന്നതിനെതിരേ എസ്‌ഐടി സംഘം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular