Monday, May 20, 2024
HomeIndiaകൊടൈക്കനാലിലും ഊട്ടിയിലും ഇനി കെഎസ്‌ആര്‍ടിസി ബസില്‍ ടൂര്‍ പോകാം; അതും കുറഞ്ഞ നിരക്കില്‍!

കൊടൈക്കനാലിലും ഊട്ടിയിലും ഇനി കെഎസ്‌ആര്‍ടിസി ബസില്‍ ടൂര്‍ പോകാം; അതും കുറഞ്ഞ നിരക്കില്‍!

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ഇനി അതിര്‍ത്തി കടക്കും. വന്‍ വിജയമായി മാറിയതോടെ അയല്‍സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്താനുള്ള സാധ്യതകള്‍ തേടി കെ.എസ്.ആര്‍.ടി.സി.

ആദ്യ ഘട്ടത്തില്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് നീക്കം.

ഇത്തരം സര്‍വീസുകള്‍ രണ്ട് രീതിയില്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. താല്‍ക്കാലിക പെര്‍മിറ്റ് എടുത്ത ശേഷം അന്യസംസ്ഥാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന സാധ്യതയാണ് ആദ്യത്തേത്. മറ്റൊന്ന് സംസ്ഥാന അതിര്‍ത്തി വരെ കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് നടത്തി അവിടെ നിന്ന് അതാതു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഗതാഗത സംവിധാനവുമായി യോജിച്ച്‌ യാത്ര പൂര്‍ത്തിയാക്കുന്ന രീതിയും.

കൊടൈക്കനാല്‍, ഊട്ടി, രാമേശ്വരം, വേളാങ്കണ്ണി, കന്യാകുമാരി എന്നീ കേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് മൂകാംബികയ്ക്കും കന്യാകുമാരിക്കും കെ.എസ്.ആര്‍.ടി.സി ഇത്തരം സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ സര്‍വീസുകള്‍ക്ക് ഒരു ഏകീകൃത രൂപം വന്നിട്ടില്ല.

ബജറ്റ് ടൂറിസത്തിന്റെ അന്തര്‍സംസ്ഥാന വിപൂലീകരണ പഠനം നടക്കുന്നുണ്ടെന്നും പ്രായോഗികതയിലേക്ക് എത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ ധനം ഓണ്‍ലൈനിനോട് പ്രതികരിച്ചു.

വരുമാനം 39 കോടി രൂപ, ട്രിപ്പുകള്‍ 10,500

2021 നവംബറിലാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സര്‍വീസ് ആരംഭിക്കുന്നത്. തുടക്കം മുതല്‍ സൂപ്പര്‍ഹിറ്റായി മാറിയ യാത്രയില്‍ നിന്ന് ഇതുവരെ നേടാനായത് 39 കോടി രൂപയാണ്. 5.95 ലക്ഷം പേര്‍ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തു. ഇതുവരെ നടത്തിയത് 10,500 സര്‍വീസുകളാണ്.

തിരുവനന്തപുരത്ത് ആരംഭിച്ച സിറ്റി ടൂര്‍ സര്‍വീസും ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. തലസ്ഥാനത്തെ മാതൃകയില്‍ കൊച്ചിയിലും കോഴിക്കോടും സമാന ആശയം നടപ്പിലാക്കാനും കെ.എസ്.ആര്‍.ടി.സിക്ക് പദ്ധതിയുണ്ട്. ഡബിള്‍ ഡക്കര്‍ ബസിലെ യാത്രയ്ക്ക് കൊച്ചിയിലും കോഴിക്കോടും വലിയ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular