Saturday, May 18, 2024
HomeKeralaസ്വപ്‌നയെക്കൂടി തിരിച്ചെടുക്കൂ ; ശിവശങ്കര്‍ വിഷയത്തില്‍ ചെന്നിത്തലയുടെ പരിഹാസം

സ്വപ്‌നയെക്കൂടി തിരിച്ചെടുക്കൂ ; ശിവശങ്കര്‍ വിഷയത്തില്‍ ചെന്നിത്തലയുടെ പരിഹാസം

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പരിഹാസവും വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ശിവശങ്കറിനെ തിരിച്ചെടുത്ത സ്ഥിതിക്ക് ഇനി സ്വപ്‌നയെക്കൂടി തിരിച്ചെടുത്ത് പഴയ തസ്തികയില്‍ നിയമനം നല്‍കണമെന്നും അപ്പോള്‍ എല്ലാ ശുഭമാകുമെന്നും ചെന്നിത്തല വാര്‍ത്താ കുറിപ്പില്‍ പരിഹസിച്ചു.

ചെന്നിത്തലയുടെ വാര്‍ത്താ കുറിപ്പ്

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂര്‍ത്തിയിയിട്ടുമില്ല. അങ്ങനെ പ്രതിയായി നില്‍ക്കുന്ന ഒരാളെയാണ് തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചിട്ട് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത്. കോടതി ഈ കേസുകള്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. കോടതി തീര്‍പ്പ് കല്പിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.

ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നത്?  രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ?

സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കരന്റെ സസ്പെന്‍ഷന്‍ നീട്ടാമായിരുന്നു. നിയമപരമായി സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയര്‍ന്നു വന്നിരുന്നതാണ്. പ്രതികളുടെ മൊഴിയില്‍ അത് സംബന്ധിച്ച് പരാമര്‍ശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൂട്ടു പ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ ഇവിടെ കാട്ടിയിരിക്കുന്നത്.

ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular