Sunday, May 19, 2024
HomeObituaryസൗമ്യനായ സുഹൃത്ത് ഡോ. ജോര്‍ജ് പീറ്ററിന് (58) കണ്ണീരോടെ വിട (സജി കരിമ്പന്നൂര്‍)

സൗമ്യനായ സുഹൃത്ത് ഡോ. ജോര്‍ജ് പീറ്ററിന് (58) കണ്ണീരോടെ വിട (സജി കരിമ്പന്നൂര്‍)

മയാമി(ഫ്‌ളോറിഡ): ബ്രോവാര്‍ഡ് കോളജിലെ മുഴുവന്‍ സമയ നേഴ്‌സിംഗ് പ്രൊഫസറും, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ മുന്‍ പ്രസിഡന്റും ആയിരുന്ന ഡോ.ജോര്‍ജ് പീറ്റര്‍ (58) മയാമിയില്‍ അന്തരിച്ചു.

കാലം പണ്ടേ തയ്യാറാക്കിയ തിരക്കഥ പോലെ ജോര്‍ജ് പീറ്റര്‍ സാര്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരും തന്നെ അദ്ദേഹത്തിന്റെ ഈ വിയോഗവാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല.

കാല്‍നൂറ്റാണ്ടിലധികമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോ. ജോര്‍ജ് പീറ്റര്‍ വിനയവും ലാളിത്യവും ചേര്‍ന്ന സമുജ്ജ്വലമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ആതുര സേവനമായ നേഴ്‌സിംഗ് മേഖലയായിരുന്നു അദ്ദേഹത്തിന്റെ വഴിത്താരകളത്രയും.
ശുശ്രൂഷമേഖലകളിലെ കര്‍മ്മോജ്ജ്വലകത, അദ്ദേഹത്തെ തന്റെ കോളേജിലെ തന്നെ പ്രൊഫസര്‍ എന്ന നിലയില്‍ വരെ എത്തിച്ചു.
എടുത്തുപറയേണ്ട ശ്രദ്ധേയകരമായ മറ്റ് നേട്ടങ്ങളില്‍ ചിലത്, കാര്‍ഷികമേഖലയില്‍ താന്‍ വരിച്ച നേട്ടങ്ങളും, സാംസ്‌ക്കാരിക മേഖലകളിലെ മുന്നേറ്റവുമായിരുന്നു.

എല്ലാത്തിനുമുപരി തികഞ്ഞ ഒരു കലാകാരനും അഭിനേതാവുംകൂടിയായിരുന്നു അന്തരിച്ച ഡോ.ജോര്‍ജ് പീറ്റര്‍. മയാമിയിലെ സംഘമിത്ര എന്ന പ്രശസ്തമായ തിയേറ്റേഴ്‌സിലെ നാടകങ്ങളുടെ നിറസാന്നിദ്ധ്യവും അഭിനേതാവും ആയിരുന്നു അദ്ദേഹം.

കോണ്‍സ്റ്റബിള്‍ ആയി നിറഞ്ഞാടിയ ജോര്‍ജ് സാറിന്റെ വേഷപ്പകര്‍ച്ചകള്‍ മനസില്‍ ഒരു വിങ്ങലായി ഇന്നും അവശേഷിക്കുന്നതായി ഡയറക്ടര്‍ നോയ്ല്‍ മാത്യുവും മറ്റ് അഭിനേതാക്കളും നിറകണ്ണുകളോടെ അനുസ്മരിച്ചു.
ജന്മനാടിനെക്കുറിച്ചുള്ള കരുതലിന്റെയും കാരുണ്യത്തിന്റെയും ഭാഗമായി മയാമിയിലുള്ള തന്റെ വിപുലമായ കൃഷിയിടത്തില്‍, മാവും പിലാവും പുളിയും കരിമ്പുമടങ്ങുന്ന ഒരു ഏദന്‍തോട്ടം തന്നെ അദ്ദേഹം നട്ടു വളര്‍ത്തി പരിപാലിച്ചിരുന്നതായി ഉറ്റ ചങ്ങാതി ഷെന്‍സിമാണി ഓര്‍ത്തെടുത്തു.

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നടന്ന കൃഷിപാഠം പരമ്പരയോടനുബന്ധിച്ചു, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡാ (എം.എ.സി.എഫ്.) സംഘടിപ്പിച്ച കാര്‍ഷികമേള 2021-ല്‍, ജോര്‍ജ്‌ സാറിന്റെ തോട്ടത്തില്‍ നിന്നുള്ള , മലയാളികളുടെ ഇഷ്ടവിഭവമായ 25-ഓളം ചക്ക, 100 ഓളം കരിക്ക്, മറ്റനേകം പച്ചക്കറിതൈകള്‍, വിത്തുകള്‍, എന്നിവ തികച്ചും സൗജന്യമായി എത്തിച്ചത്, പ്രസിഡന്റ് ഷാജു ഔസേഫ് അനുസ്മരിക്കുന്നത്, മറ്റൊരു സാക്ഷ്യപത്രം.

പ്രൊഫസര്‍ ജോര്‍ജ് പീറ്റര്‍അമേരിക്കയിലെ നേഴ്‌സസ് അസോസിയേഷന്‍ ആയ ‘നൈന’യുടെ എഡിറ്റോറിയല്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.

ഫ്‌ളോറിഡായിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തില്‍ മുളംതുരുത്തിയിലെ അതിപ്രശസ്തമായ തോപ്പില്‍ കുടുംബാംഗമാണ് പരേതന്‍.

പൊതുദര്‍ശനം, സാംസ്‌ക്കാര ശുശ്രഷകള്‍ എന്നിവ  ഉടന്‍ തന്നെ പത്രക്കുറിപ്പിലൂടെ അറിയിക്കുന്നതാണെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു.

സൗമ്യനായ സുഹൃത്തിന്റെ, ദീപ്തമായ സ്മരണകള്‍ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

സജി കരിമ്പന്നൂര്‍, ഫ്‌ളോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular