Saturday, May 18, 2024
HomeUSAയുക്രൈന്‍- റഷ്യ സംഘര്‍ഷം: രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ

യുക്രൈന്‍- റഷ്യ സംഘര്‍ഷം: രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ

അമേരിക്കയും യു.കെയും അടക്കമുള്ള പത്ത് രാജ്യങ്ങള്‍ വിഷയം രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍, ചര്‍ച്ചചെയ്യേണ്ടന്ന നിലപാടാണ് ചൈന സ്വീകരിച്ചത്.

ന്യൂഡല്‍ഹി: യുക്രൈന്‍ -റഷ്യ സംഘര്‍ഷ ശമനത്തിന്‌ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. സംഘര്‍ഷ ശമനം ഉണ്ടാകുന്നതോടൊപ്പം ആ മേഖലയിലെ എല്ലാ രാജ്യങ്ങളുടേയും സുരക്ഷ പരിഗണിക്കേണ്ടതുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. അതെസമയം രക്ഷസമിതി വിഷയം ചര്‍ച്ച ചെയ്യണമോ എന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു.

യുഎസ്, യു.കെ, ഫ്രാന്‍സ്, യുഎഇ അടക്കമുള്ള പത്ത് രാജ്യങ്ങള്‍ വിഷയം രക്ഷാസമിതിയില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന ആവശ്യത്തില്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ ചൈന മാത്രമാണ് എതിര്‍ത്ത് വോട്ടുചെയ്തത്.

മിന്‍സ്‌ക് പാക്കേജ് നടപ്പാക്കുന്നതിനു വേണ്ടിയുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഉണ്ടാവണം. ശാന്തമായ ക്രിയാത്മക നയതന്ത്രമാണ് ഇപ്പോഴത്തെ ആവശ്യമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി.എസ് തിരുമൂര്‍ത്തി വ്യക്തമാക്കി. നോര്‍വെയുടെ അധ്യക്ഷതയില്‍ നടന്ന ലോകസമാധാനവും യുക്രൈനിന്‍റെ സുരക്ഷയും എന്ന വിഷയത്തിലെ ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

പ്രശ്ന പരിഹാരത്തിനായി റഷ്യയും അമേരിക്കയും തമ്മിലുള്ള ഉന്നത തല സുരക്ഷ ചര്‍ച്ചയും പാരിസില്‍ നടക്കുന്ന നോര്‍മേന്‍ഡി ഫോര്‍മാറ്റ് ചര്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യ വീക്ഷിച്ചുവരികയാണെന്ന് അംബാസിഡര്‍ തിരുമൂര്‍ത്തി അറയിച്ചു. മിന്‍സ്‌ക് ധാരണ അടിസ്ഥാനമാക്കി നടക്കുന്ന സമാധാന ഉദ്യമ ശ്രമങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള ഡോണ്‍ബാസിലെ സംഘര്‍ഷം ഒഴിവാക്കാനുള്ള ധാരണയാണ് മിന്‍സ്ക് ധാരണ.

2014ലാണ് ഈ ധാരണയുണ്ടാക്കുന്നത്. റഷ്യയും യുക്രൈനും ഒ.എസ്.സി.ഇയും തമ്മിലാണ് ധാരണയുണ്ടാക്കിയത്. സംഘര്‍ഷം കുറയ്ക്കുക, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 57 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് ഒ.എസ്.സി.ഇ. ഇതില്‍ ഭൂരിഭാഗം രാജ്യങ്ങളും യൂറോപ്പില്‍ നിന്നാണ്.

ഡോണ്‍ബാസ് സംഘര്‍ഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചയാണ് നോര്‍മേന്‍ഡി ഫോര്‍മാറ്റ്. 2014ല്‍ ഈ രാജ്യങ്ങളിലെ നേതാക്കള്‍ ഫ്രാന്‍സിലെ നോര്‍മേന്‍ഡിയില്‍ വച്ചാണ് ചര്‍ച്ച ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular