Friday, May 3, 2024
HomeKeralaആത്മാര്‍ത്ഥമായി സേവിച്ച്‌ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്നു; ജീവനക്കാരന് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കി മുതലാളി

ആത്മാര്‍ത്ഥമായി സേവിച്ച്‌ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്നു; ജീവനക്കാരന് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കി മുതലാളി

കോഴിക്കോട്.

ജോലി ചെയുന്ന സ്ഥാപനത്തില്‍ നിന്ന് സമ്മാനം കിട്ടുക, അത് എത്ര ചെറുതാണെങ്കില്‍ പോലും അതില്‍ പരം വലിയ സന്തോഷം ഉണ്ടാവില്ല. എന്നാല്‍ അപ്രതീക്ഷിതമായി കിട്ടുന്ന ആ സമ്മാനം ഒരു ബെന്‍സ് കാര്‍ ആയാലോ? കിലുക്കത്തിലെ കിട്ടുണ്ണിയേട്ടന്റെ അവസ്ഥയായിരിക്കും പലര്‍ക്കും. എന്നാല്‍ വര്‍ഷങ്ങളായി ആത്മാര്‍ത്ഥമായി സേവിച്ച ജീവനക്കാരന് ബെന്‍സ് കാര്‍ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഒരു മുതലാളി. ഡിജിറ്റല്‍ ഉപകരണങ്ങളുടെ റീട്ടെയില്‍ വ്യാപാര രംഗത്തെ മുന്‍നിരക്കാരായ മൈ ജിയുടെ ചെയര്‍മാനും എംഡിയുമായ എ.കെ.ഷാജിയാണ് ഒപ്പം ജോലി ചെയുന്നയാള്‍ക്ക് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയത്.

മൈ ജി ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫിസര്‍ കോഴിക്കോട് സ്വദേശി സി.ആര്‍.അനീഷിനാണ് ബെന്‍സിന്റെ ചെറു എസ്‌യുവി ജിഎല്‍എ സമ്മാനമായി ലഭിച്ചത്. മൈജി തുടങ്ങുന്നതിന് മുന്നേ തന്നെ കണ്ണും കാതുമായി ഷാജിക്ക് ഒപ്പമുണ്ട് അനീഷ്. കാല്‍നൂറ്റാണ്ടോളമായി ഷാജിയോടൊപ്പം നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് അനീഷിനെ സമ്മാനാര്‍ഹനാക്കിയത്. കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ നടന്ന ജീവനക്കാരുടെ കുടുംബ സംഗമത്തില്‍ അപ്രതീക്ഷിതമായാണ് അനീഷിനെ തേടി കാര്‍ എത്തിയത്. സര്‍പ്രൈസ് സമ്മാനത്തിന്റെ ‘ഷോക്കില്‍’ നിന്ന് അനീഷ് ഇതുവരെ മുക്തനായിട്ടില്ല.

ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതല്‍ എന്ന നിലയിലാണ് സഹപ്രവര്‍ത്തകര്‍ ഷാജിക്ക എന്നു വിളിക്കുന്ന ഷാജി സമ്മാനം നല്‍കിയത്. മാര്‍ക്കറ്റിങ്, പ്രൊജക്റ്റ് ആന്‍ഡ് മെയിന്റനെന്‍സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത് മുതലുള്ള ഒട്ടേറെ കാര്യങ്ങള്‍ക്കും നേതൃത്വം വഹിക്കുന്ന വ്യക്തിയാണ്.

ഇതാദ്യമായല്ല മൈ ജി ജീവനക്കാര്‍ക്ക് കാറുകള്‍ വാങ്ങി നല്‍കുന്നത്. 2 വര്‍ഷം മുന്‍പ് 6 ജീവനക്കാര്‍ക്ക് ഒരുമിച്ചു കാറുകള്‍ സമ്മാനമായി നല്‍കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നിറഞ്ഞ മനസോടെ ജീവനക്കാര്‍ ജോലിയെടുത്താല്‍ മാത്രമേ ഏതൊരു സ്ഥാപനത്തിനും വളര്‍ച്ചയുണ്ടാകൂ എന്നാണ് മാനേജ്മെന്റിന്റെ നിലപാട്. വിദേശയാത്രകള്‍ ഉള്‍പ്പടെ ഒട്ടേറെ ഓഫറുകള്‍ എല്ലാ വര്‍ഷവും ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഷോറൂമുകള്‍ അടച്ചിട്ടപ്പോള്‍ ഭക്ഷ്യ കിറ്റുകളും മറ്റും ജീവനക്കാരുടെ വീടുകളിലെത്തിക്കാന്‍ സിഎംഡി തന്നെ മുന്നിട്ടിറങ്ങിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular