Friday, May 17, 2024
HomeAsiaറാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള തന്റെ എതിര്‍പ്പ് വ്യക്തമാക്കി ജോ ബൈഡന്‍

റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള തന്റെ എതിര്‍പ്പ് വ്യക്തമാക്കി ജോ ബൈഡന്‍

റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള തന്റെ എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ബന്ദികളെ മോചിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണമെന്നുമുള്ള സമ്മര്‍ദ്ദം ഇസ്രയേലിനും ഹമാസിനും മേല്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബൈഡന്‍ തന്റെ നിലപാട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചത്.റാഫയില്‍ അഭയം പ്രാപിച്ച 10 ലക്ഷത്തോളം വരുന്ന പലസ്തീനികളെക്കുറിച്ചുള്ള ആശങ്കയ്ക്കിടയിലാണ് ബൈഡന്‍ നെതന്യാഹുവിനോട് സംസാരിച്ച കാര്യം വൈറ്റ് ഹൗസ് അറിയിച്ചത്. റാഫയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്ക ആക്രമണങ്ങളെ എതിര്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചും ഇരുവരും സംസാരിച്ചിട്ടുണ്ട്.

ചര്‍ച്ചകള്‍ക്കിടയിലും റാഫയിലെ മൂന്ന് വീടുകള്‍ക്ക് നേരെ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടെന്നും നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്നും ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കും ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളും ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് സൗദി അറേബ്യയിലെത്തുന്നുണ്ട്. ചര്‍ച്ചകളിലെ പുതിയ നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഇസ്രയേലി സംഘം ഈജിപ്തിലെ കെയ്റോയിലെത്തും. കൂടാതെ ഹാമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബേസം നൈമും ചര്‍ച്ചയ്ക്കായി കെയ്റോയിലെത്തുന്നുണ്ട്. ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ആക്രമണങ്ങള്‍ക്ക് മുമ്ബ് അമേരിക്കയുടെ കാഴ്ചപ്പാടുകള്‍ പരിഗണിക്കുമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി എബിസിയോട് പ്രതികരിച്ചു. അമേരിക്കയുടെ ആശങ്കകളും വീക്ഷണങ്ങളും ശരിയായ രീതിയില്‍ പങ്കുവെക്കാന്‍ അവസരം ലഭിക്കുന്നത് വരെ റാഫയിലേക്ക് പോകില്ലെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ പലസ്തീന്‍ അനുകൂല പ്രക്ഷോഭം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular