Sunday, May 19, 2024
HomeUSA1,400 ജീവനക്കാരെ പിരിച്ചുവിട്ടു; കോവിഡിൽ പ്രതിദിനം 2000 മരണം

1,400 ജീവനക്കാരെ പിരിച്ചുവിട്ടു; കോവിഡിൽ പ്രതിദിനം 2000 മരണം

ന്യൂയോർക്ക്, ഫെബ്രുവരി 16 : ന്യൂയോർക്ക് സിറ്റിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയോടെ വാക്സിൻ എടുക്കാത്ത 1,400-ലധികം മുനിസിപ്പൽ തൊഴിലാളികളെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
914 അധ്യാപകരെയും  മറ്റ് ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു. 25 അഗ്നിശമന സേനാംഗങ്ങളും, 36 പോലീസ് ഓഫീസർമാരും, 101 ലോക്കൽ ഹൗസിംഗ് അതോറിറ്റി തൊഴിലാളികളും, 40 ശുചിത്വ വകുപ്പ് തൊഴിലാളികളും പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു.
പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുന്ന മുനിസിപ്പൽ തൊഴിലാളികളിൽ ഭൂരിഭാഗവും ഏതാനും മാസങ്ങളായി ശമ്പളമില്ലാത്ത അവധിയിൽ കഴിയുകയാണ്.
ഫെബ്രുവരി 11 വരെയാണ് വാക്സിനെടുക്കാൻ സമയപരിധി നീട്ടിനൽകിയിരുന്നത്. ഏകദേശം 3,000 നഗര ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാരിൽ പലരും വാക്സിനേഷന്റെ രേഖ ഹാജരാക്കിക്കൊണ്ട് നടപടിയിൽ നിന്ന് ഒഴിവാകുകയായിരുന്നു.
ന്യൂയോർക്ക് സിറ്റിയിലെ കോവിഡ് വാക്സിൻ മാൻഡേറ്റ് തടയാൻ ന്യൂയോർക്ക് സിറ്റി സ്കൂൾ അധ്യാപകർ ചേർന്ന് നൽകിയ അപ്പീൽ കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി തള്ളി.
ഏകദേശം 10,000 ന്യൂയോർക്ക് സിറ്റി ജീവനക്കാരുടെ വിധി തീർപ്പാക്കിയിട്ടില്ല. മെഡിക്കൽ കാരണങ്ങൾകൊണ്ടും മതപരമായ കാരണങ്ങൾമൂലവും ഇളവുകൾക്ക് ഇവർ അഭ്യർത്ഥിച്ചെങ്കിലും അർഹതയുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ന്യൂയോർക്ക് സിറ്റിയിൽ ഏകദേശം 3,70,000 മുനിസിപ്പൽ തൊഴിലാളികളുണ്ട്, അവരിൽ ഭൂരിഭാഗവും വാക്സിനേഷൻ എടുത്തിട്ടുണ്ട്.

കോവിഡ്  അഞ്ചിലൊന്നായി കുറഞ്ഞു; മരണം കുറയുന്നില്ല 

വാഷിംഗ്ടൺ,ഫെബ്രുവരി 16 : പ്രതിദിന കോവിഡ് കേസുകൾ ഒരു മാസം മുമ്പത്തെ റെക്കോർഡ് നിരക്കിന്റെ അഞ്ചിലൊന്നായി കുറഞ്ഞു. എന്നാൽ, ഇപ്പോഴും ഓരോ ദിവസവും ആയിരക്കണക്കിന് ആളുകൾ കോവിഡ്  മൂലം മരിക്കുന്നുണ്ട്.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ (ജെഎച്ച്‌യു) നിന്നുള്ള കണക്കുകൾ പ്രകാരം യുഎസിൽ ഇപ്പോൾ ശരാശരി 151,056 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ആഴ്‌ചയേക്കാൾ നിരക്ക് 44% ഇടിഞ്ഞു. കോവിഡ് കേസുകളുടെ നിരക്ക് ഒരു മാസം മുമ്പ് പ്രതിദിനം 800,000-ത്തിലധികം വരെ എത്തിയിരുന്നതാണ് ഇപ്പോൾ അഞ്ചിലൊന്നായി കുറഞ്ഞത്.
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസിൽ നിന്നുള്ള കണക്കുകൾ പ്രകാരം, കോവിഡ് ഹോസ്പിറ്റലൈസേഷനുകളും ഗണ്യമായി കുറഞ്ഞു. നിലവിൽ 82,842 രോഗികളാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞ ആഴ്‌ചയിലേതിനെ അപേക്ഷിച്ച് 23% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ, കോവിഡ് മൂലം പ്രതിദിനം 2,000-ത്തിലധികം അമേരിക്കക്കാർ ഇപ്പോഴും മരണപ്പെടുന്നതായും ജെഎച്ച്‌യു -വിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ,ശരാശരി 2,306 അമേരിക്കക്കാർ വീതമാണ് പ്രതിദിനം രോഗത്തിന് കീഴടങ്ങിയത്.
പുതിയ കോവിഡ് മരണങ്ങളിൽ കൂടുതലും രോഗം ബാധിച്ച് ആഴ്ചകൾക്ക് ശേഷമാണ് സംഭവിക്കുന്നത്.
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച്, അമേരിക്കയിലെ 64% ആളുകളും പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലും, 28% പേർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടുള്ളൂ.
പുതിയ വാക്‌സിനേഷനുകളുടെയും ബൂസ്റ്റർ ഷോട്ടുകളുടെയും വിതരണം പതുക്കെയാണ് നീങ്ങുന്നത്.
അലാസ്ക, കെന്റക്കി, മിസിസിപ്പി, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആഴ്‌ച കേസുകളുടെ നിരക്ക് ഏറ്റവും ഉയർന്നത്.
ലക്ഷത്തിൽ 100-ലധികം പേർക്ക് എന്ന തോതിലാണ്  പ്രതിദിനം ഈ സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
മേരിലാൻഡ്, ന്യൂജേഴ്‌സി, കൻസാസ്, ന്യൂയോർക്ക് എന്നിവിടങ്ങളിലാണ് കേസുകളുടെ നിരക്ക് ഏറ്റവും താഴ്ന്നത്. ലക്ഷത്തിൽ 25 ൽ താഴെ മാത്രമേ പ്രതിദിനം ഈ സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളു.

കൊലപാതകത്തിൽ നീതിതേടി നൂറുകണക്കിനാളുകൾ അണിനിരന്നു 

ന്യൂയോർക്ക് :ബംഗ്ലാദേശി കുടിയേറ്റക്കാരനായ മൊദസാർ ഖണ്ഡാകറിന്റെ കൊലപാതകത്തിൽ നീതിതേടി നൂറുകണക്കിനാളുകൾ അണിനിരന്നു. ഫെബ്രുവരി 9 പുലർച്ചെ 12.45 ന് ബ്രൂക്ലിനിലെ  വീടിന് മുന്നിൽ വച്ചാണ് 36 കാരനായ ഖണ്ഡാകറിന് വെടിയേറ്റത്. കാർ മോഷണത്തിനെ ചെറുക്കാൻ ശ്രമിക്കുന്നതിടയിലാകാം വെടിയേറ്റതെന്നാണ് പോലീസ് നിഗമനം.
ഒരൊറ്റ വെടിയൊച്ച മാത്രമേ കേട്ടിരിന്നുള്ളൂ എന്ന് അയൽവാസിയായ നെസ്‌റുൾ ഇസ്‌ലാം മൊഴിനല്കിയിരുന്നു. നിരീക്ഷണ ക്യാമറയിൽ രണ്ട് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും അവരിൽ ഒരാൾ മുഖംമൂടി ധരിച്ചിരുന്നു.


ജെഎഫ്‌കെ എയർപോർട്ടിൽ ജോലി ചെയ്തിരുന്ന ഖണ്ഡേക്കറിന് വീടിന് എതിർവശത്തെ മസ്ജിദിന്  അടുത്തുവച്ചാണ് വെടിയേറ്റത്. കൊലപാതകം നടന്ന സ്ഥലത്താണ്  വിലാപക്കാർ തടിച്ചുകൂടിയത്.
ദൈവം കുറ്റവാളിയെ വെറുതെവിടില്ലെന്ന് ഇരയുടെ സഹോദരൻ ഒനിക് ഖണ്ഡാകർ പറഞ്ഞു.
കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല, ഇത് സമൂഹത്തിൽ ഭീതി പടർത്തുന്നു എന്ന് ആളുകൾ വ്യക്തമാക്കി.
നഗരത്തിലെ തോക്ക് അക്രമത്തിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചു.
നിരപരാധികൾ വെടിയേറ്റ് മരണപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിയമവിരുദ്ധ തോക്കുകളും  അക്രമങ്ങളും സ്വൈര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്നും ആളുകൾക്കിടയിൽ അഭിപ്രായമുണ്ട്. മേയറും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റും ഉടൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഖൈറുൾ ഇസ്ലാം GoFundMe(ഗോഫണ്ട്മി)-ൽ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 15 വരെ, $38,688 സമാഹരിച്ചു. $100,000 ആണ് ലക്ഷ്യം.
$20 മുതൽ $1,000 വരെയുള്ള സംഭാവനകൾ സ്വീകരിക്കും.

ന്യൂയോർക്ക് സിറ്റിയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നെന്ന് സർവേഫലം 

ന്യൂയോർക്ക്, ഫെബ്രുവരി 11 :  ന്യൂയോർക്ക് സിറ്റിയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.സർവേയിൽ പങ്കെടുത്ത 74 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്.
2016 ജനുവരിയിലെ സർവേപ്രകാരം ഇത് 50 ശതമാനമായിരുന്നു.
1999ൽ  ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി സർവേയിൽ  ഈ വിഷയം ഉൾപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
സർവേ പ്രകാരം. ന്യൂയോർക്ക് നഗരം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നമായാണ് വോട്ടർമാർ കുറ്റകൃത്യങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്.
താങ്ങാവുന്ന നിരക്കിൽ വീടുകൾ ലഭിക്കാത്തതാണ് വലിയ പ്രശ്നമെന്ന് 46 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 9 ശതമാനം പേർ വീടില്ലേതാതാണ് അതിനേക്കാൾ ഗുരുതര വിഷയമെന്ന് പറഞ്ഞു.
മറ്റ് വലിയ നഗരങ്ങളെ അപേക്ഷിച്ച് ന്യൂയോർക്ക് സിറ്റി സുരക്ഷിതമല്ലെന്ന് 43 ശതമാനം വോട്ടർമാർ അഭിപ്രായപ്പെട്ടു.
കുറ്റകൃത്യത്തിന്റെ ഇരയാകുന്നതിൽ വ്യക്തിപരമായി ആകുലപ്പെടുന്നവരുടെ നിരക്ക് 65 ശതമാനത്തിലെത്തി.
ന്യൂയോർക്കുകാർക്ക് സബ്‌വേയിൽ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ യാത്ര ചെയ്യുന്നതിൽ സുരക്ഷിതത്വം കുറവാണെന്നും അഭിപ്രായമുയർന്നു.
അഞ്ച് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് തങ്ങളുടെ അയൽപക്കത്തെ  സുരക്ഷ മോശമായതായി അനുഭവപ്പെടുന്നതായാണ് 39 ശതമാനം ആളുകളും പറഞ്ഞത്.
സർവേയിലെ ചോദ്യങ്ങളോട്  പ്രതികരിച്ചവരിൽ 64 ശതമാനം പേരും ന്യൂയോർക്ക് സിറ്റിയിലെ ഗതിവിഗതികളിൽ ഒരു പരിധിവരെ അതൃപ്തരാണ്.
ഫെബ്രുവരി 3 മുതൽ 7 വരെ ന്യൂയോർക്ക് സിറ്റിയിൽ രജിസ്റ്റർ ചെയ്ത 1,343 വോട്ടർമാരുടെ പങ്കാളിത്തത്തോടെയാണ് സർവേ നടത്തിയത്.

ന്യൂയോർക്കിലെ കോവിഡ് രോഗികളുടെ എണ്ണം ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് 

ന്യൂയോർക്ക് : സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിതരാകുന്ന കോവിഡ് രോഗികളുടെ  എണ്ണം 3,883 ആയി കുറഞ്ഞു, ഡിസംബർ 19 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ഗവർണർ കാത്തി ഹോക്കൽ ശനിയാഴ്ച പറഞ്ഞു.
ജനുവരി 11-ന് ഒമിക്രോൺ വേരിയന്റിന്റെ ഉഗ്രവ്യാപനസമയത്ത് 12,671 രോഗികൾ വരെ ആശുപത്രിയിൽ ചികിത്സ തേടുന്ന സാഹചര്യം കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആശുപത്രിവാസം ഇപ്പോൾ 69 ശതമാനം കുറഞ്ഞത് ഏറെ ആശ്വാസകരമാണെന്ന് ഹോക്കൽ അഭിപ്രായപ്പെട്ടു.
ന്യൂയോർക്കിലെ പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 2.5 ശതമാനമായി കുറഞ്ഞു. ന്യൂയോർക്ക് സിറ്റിയിലെ പോസിറ്റിവിറ്റി നിരക്ക്  2.21 ശതമാനമാണ്, ഇത് സംസ്ഥാനത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.
ന്യൂയോർക്ക് സിറ്റിയിൽ 25 പേർ ഉൾപ്പെടെ അറുപത് ന്യൂയോർക്കുകാർ വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു.

രൂപ രംഗ പുട്ടഗുണ്ട ഡിസിയിലെ ഡിസ്ട്രിക്ട് കോടതി ജഡ്ജി 

വാഷിംഗ്ടൺ,ഡിസി: രാജ്യതലസ്ഥാനത്തെ  ഡിസ്ട്രിക്റ്റ് കോടതി ജഡ്ജായി  ഇന്ത്യൻ – അമേരിക്കൻ രൂപ രംഗ പുട്ടഗുണ്ട നിയമിതയായി. പ്രസ്തുത സ്ഥാനത്തെത്തുന്ന  ആദ്യ ഏഷ്യൻ-അമേരിക്കനാണ് പുട്ടഗുണ്ട. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ സുപ്പീരിയർ കോടതിയിൽ അസോസിയേറ്റ് ജഡ്ജിയായി മാർച്ചിൽ പ്രസിഡന്റ് ബൈഡനാണ് ഇവരെ  നാമനിർദ്ദേശം ചെയ്തത്.സൗത്ത് ഏഷ്യൻ ബാർ അസോസിയേഷന്റെ (SABA-DC) വാഷിംഗ്ടൺ ഡിസി ചാപ്റ്റർ പുട്ടഗുണ്ടയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. 57- 38 വോട്ടുകൾക്കാണ് സെനറ്റ് ഈ നിയമനം സ്ഥിരീകരിച്ചത്.
നിലവിൽ ഡിസി റെന്റൽ ഹൗസിംഗ് കമ്മീഷൻറെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജായി സേവനമനുഷ്ഠിക്കുകയാണ് പുട്ടഗുണ്ട.
2019-ൽ D.C. റെന്റൽ ഹൗസിംഗ് കമ്മീഷനിൽ ചേരുന്നതിന് മുമ്പ്, പുട്ടഗുണ്ട 2013 മുതൽ 2019 വരെ ഒരു സോളോ പ്രാക്ടീഷണറായിരുന്നു,
അറ്റോർണി നെഗോഷ്യേറ്റർ പ്രോഗ്രാമിലും സന്നദ്ധസേവനം നടത്തി പരിചയമുണ്ട്.


2012-ൽ ഡിസി ക്യാപിറ്റൽ പ്രോ ബോണോ ഹോണർ റോൾ അംഗീകാരം ലഭിച്ചിട്ടുണ്ട്. 2013-ൽ, ഡിസി ബാർ ഫൗണ്ടേഷൻ യംഗ് ലോയേഴ്‌സ് നെറ്റ്‌വർക്ക് ലീഡർഷിപ്പ് കൗൺസിലിൽ സേവനമനുഷ്ഠിക്കാനും പുട്ടഗുണ്ട തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കമ്മ്യൂണിറ്റിയിൽ സജീവമായി തുടരുന്ന ഇവർ, ഡൊമസ്റ്റിക് വയലൻസ് റിസോഴ്സ് പ്രോജക്ട് ബോർഡിലും നാഷണൽ അസോസിയേഷൻ ഓഫ് വിമൻ ജഡ്ജസിന്റെ ലോ സ്കൂൾ ഔട്ട്റീച്ച് കമ്മിറ്റിയിലും പ്രവർത്തിക്കുന്നുണ്ട്.
വാസ്സർ കോളജിൽ നിന്ന് ആർട്‌സ് ബിരുദവും ഒഹയോ സ്റ്റേറ്റ് മോറിറ്റ്‌സ് കോളേജ് ഓഫ് ലോയിൽ നിന്ന് ഡോക്ടറേറ്റും നേടിയ പുട്ടഗുണ്ട, ഡിസി  സുപ്പീരിയർ കോടതിയിലെ ജഡ്ജ്  വില്യം എം. ജാക്‌സന്റെയും ഡിസി അപ്പീൽ കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെയും ലോ ക്ലർക്കായാണ്  നിയമജീവിതം ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular