Sunday, May 19, 2024
HomeKeralaദീപുവിന്റെ സംസ്‌കാരം ഇന്ന് ; മൂന്ന് മണിക്ക് ട്വന്‍റി 20 നഗറില്‍ പൊതുദര്‍ശനം, വിലാപയാത്ര

ദീപുവിന്റെ സംസ്‌കാരം ഇന്ന് ; മൂന്ന് മണിക്ക് ട്വന്‍റി 20 നഗറില്‍ പൊതുദര്‍ശനം, വിലാപയാത്ര

കൊച്ചി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാരം ഇന്ന് നടക്കും.

ഇന്നലെ രാത്രി കോട്ടയത്തേക്ക് കൊണ്ട് പോയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ് മോര്‍ട്ടം നടക്കുക. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്.

ട്വന്‍റി 20 നഗറില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. ചടങ്ങുകള്‍ക്കു ശേഷം വൈകീട്ട് 5.30 ന് കാക്കനാട് അത്താണി പൊതുശമ്ശാനത്തില്‍ സംസ്കരിക്കും.

കഴിഞ്ഞ 12നാണ് ദീപുവിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെതിരെ കിഴക്കമ്ബലത്ത് നടന്ന വിളക്കണയ്ക്കല്‍ പ്രതിഷേധത്തിനിടെയാണ് മര്‍ദ്ദിച്ചത്. ട്വന്റി 20-യുടെ സജീവ പ്രവര്‍ത്തകനായ ദീപു പ്രതിഷേധം ഏകോപിപ്പിക്കാന്‍ മുന്നിലുണ്ടായിരുന്നു. ലൈറ്റണയ്ക്കല്‍ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്ബലം സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രക്തസ്രാവത്തെ തുടര്‍ന്ന് ദീപുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് രാജഗിരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular