Saturday, May 18, 2024
HomeUSAറഷ്യ യുക്രെയ്നെ ആക്രമിക്കുമെന്ന് ഉറപ്പാണ്: ബൈഡൻ

റഷ്യ യുക്രെയ്നെ ആക്രമിക്കുമെന്ന് ഉറപ്പാണ്: ബൈഡൻ

വാഷിങ്ടൻ ഡിസി ∙ റഷ്യ യുക്രെയ്ൻ അതിർത്തിയിൽ അണിനിരത്തിയിരിക്കുന്ന സൈനീകവ്യൂഹം യുക്രെയ്നെ ആക്രമിക്കുന്നതിനുവേണ്ടി തന്നെയാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവണ്ണം ബൈഡൻ വ്യക്തമാക്കി. ഫെബ്രുവരി 18 വെള്ളിയാഴ്ച യുക്രെയ്ൻ – റഷ്യൻ അതിർത്തി സംഭവ വികാസങ്ങളെ കുറിച്ചു ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് ബൈഡൻ തന്റെ അഭിപ്രായം പരസ്യമായി വെളിപ്പെടുത്തിയത്. സാഹചര്യം ഇങ്ങനെയാണെങ്കിലും ചർച്ചകൾക്കുള്ള അവസരം ഇനിയുമുണ്ടെന്ന് ബൈഡൻ പറഞ്ഞു.

അമേരിക്ക–യൂറോപ്പ് തുടങ്ങിയ രാഷ്ട്രങ്ങളുടെ അഭിപ്രായത്തെ മറികടന്ന് റഷ്യൻ ആക്രമണമുണ്ടായാൽ കനത്ത വില നൽകേണ്ടിവരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ അതിർത്തിയിൽ ഒന്നരലക്ഷത്തോളം സൈനീകരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ഇത് സൈനിക അഭ്യാസത്തിനു വേണ്ടിയാണെന്നും റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യൻ പ്രസിഡന്റിന്റെ അഭിപ്രായം മുഖവിലക്കു പോലും എടുക്കാൻ കഴിയാത്തതാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. സഖ്യ രാഷ്ട്രങ്ങളുടേയും യുക്രെയ്നിന്റേയും ഭാഗത്തു അമേരിക്ക ഉറച്ചു നിൽക്കുമെന്നും അതിനുവേണ്ടി ഏതറ്റം വരെ പോകുന്നതിനും തയാറാണെന്നും ബൈഡൻ പറഞ്ഞു.

യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്ക്കി ഈ വാരാന്ത്യം മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കുന്നതിന് തലസ്ഥാനം വിടുന്നതോടെ റഷ്യൻ ആക്രമണം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് നാറ്റോയിലെ മുപ്പതംഗ രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച സെലൻസ്ക്കി അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി ചർച്ച നടത്തും.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular