Sunday, May 19, 2024
HomeUSAന്യൂയോര്‍ക്ക് ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട സിബു നായര്‍ക്ക് സ്വീകരണം

ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട സിബു നായര്‍ക്ക് സ്വീകരണം

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ ഐക്യനാടുകളിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ വരുവാന്‍ വൈമുഖ്യം കാണിച്ചിരുന്ന മലയാളികളുടെ ചിന്താഗതിയില്‍  മാറ്റം വരുത്തിക്കൊണ്ട് പല സംസ്ഥാനങ്ങളില്‍ നിന്നായി മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു വരുന്ന ഒരു കാലഘട്ടത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

ന്യൂയോര്‍ക്ക്, ടെക്‌സസ്, ഫ്‌ലോറിഡ, ന്യൂജേഴ്സി, കണക്ടിക്കട്, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ മലയാളികള്‍ മുന്‍ വര്ഷങ്ങളിലേതിനേക്കാള്‍ കൂടുതലായി കടന്നുവരുന്ന സാഹചര്യമാണ്  ഇപ്പോള്‍ ഉള്ളത്. അതില്‍ ഏറ്റവും ഒടുവിലത്തെ തെളിവാണ്  ന്യൂയോര്‍ക്ക് സംസ്ഥാനത്തെ   ബഫല്ലോ   എന്ന സിറ്റിയില്‍ നിന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹൊക്കുളിന്റെ ഏഷ്യന്‍  കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍  മലയാളി സിബു നായര്‍. ന്യൂയോര്‍ക്ക്    സ്റ്റേറ്റ്  ഗവര്‍ണറുടെ കീഴിലുള്ള ഈ ഒരു പദവിയിലേക്കു നിയമിക്കപ്പെടുന്ന ആദ്യ മലയാളിയാണ് സിബു.

അമേരിക്കന്‍ ഭാഗത്തെ നയാഗ്ര വെള്ളച്ചാട്ടം ഉള്‍ക്കൊള്ളുന്ന പ്രമുഖമായ  ബഫല്ലോ  സിറ്റിയിലെ  അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും  ബഫല്ലോ   യൂണിവേഴ്‌സിറ്റിയിലെ അസ്സോസിയേറ്റ് ഡയറക്ടറുമായ സിബു നായരെ ഗവര്‍ണര്‍ കാത്തി  തന്റെ ടീമിലെ ഏഷ്യന്‍  കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടറായി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് നിയമിച്ചത്. തന്നില്‍ നിക്ഷിപ്തമായ ചുമതലയില്‍ പ്രവേശിക്കുന്നതിനും ന്യൂയോര്‍ക്ക്    സിറ്റിക്ക് ചുറ്റുപാടുമുള്ള ഏഷ്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി സംവാദിക്കുന്നതിനുമായി സിറ്റിയില്‍  എത്തിയ സിബു നായര്‍ക്ക് ലോങ്ങ് ഐലന്‍ഡ്  – ക്വീന്‍സ്  ഭാഗത്തെ മലയാളികള്‍ ഊഷ്മളമായ  സ്വീകരണം നല്‍കി.

നസ്സോ കൗണ്ടി മെഡിക്കല്‍ സെന്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സെനറ്റര്‍ കെവിന്‍ തോമസിന്റെ കമ്മ്യൂണിറ്റി ലയസണ്‍ ഓഫീസറുമായ അജിത് കൊച്ചൂസ് എന്ന അജിത് എബ്രഹാം കൊച്ചുകുടിയിലാണ് യോഗം സംഘടിപ്പിച്ചത്. ബെല്ലറോസിലുള്ള ടേസ്റ്റ് ഓഫ് കൊച്ചി റെസ്റ്റാറന്റില്‍ സംഘടിപ്പിച്ച മീറ്റിംഗില്‍ വിവിധ മലയാളി  സംഘടനകളെ പ്രതിനിധീകരിച്ചു  മുപ്പതിലധികം മലയാളികള്‍ പങ്കു ചേര്‍ന്നു.

കൊല്ലം ജില്ലയില്‍  ശൂരനാട്  സ്വദേശിയായ  സിബു നായര്‍, ബഫല്ലോ സിറ്റിയില്‍   വര്ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടു വരുന്നു. അതിനാല്‍ തന്നെ ആ പ്രദേശത്തെ  മലയാളികളുടെ ഇടയില്‍  സുപരിചിതനാണ്  അദ്ദേഹം.  രണ്ടു വര്ഷങ്ങള്ക്കു മുന്‍പ് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നും സ്റ്റേറ്റ് സെനറ്റര്‍ ആയി മത്സരിക്കുവാന്‍ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെട്ട വ്യക്തിയാണ് സിബു. ബഫല്ലോ സിറ്റിയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിബു, മലയാളികളുടെ എന്ത് ആവശ്യങ്ങളിലും തന്നാലാകുന്ന വിധം സഹായഹസ്തം നീട്ടുന്ന വ്യക്തികൂടിയാണ്. ബഫല്ലോ സിറ്റിയില്‍ മഹാത്മാ ഗാന്ധിജിയുടെ ഒരു പ്രതിമ സ്ഥാപിക്കുന്നതിനും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ നയാഗ്ര വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തില്‍ ലൈറ്റ് ഷോ നടത്തുന്നതിനും, ക്രിക്കറ്റ് കളിയുടെ പ്രൊമോഷനായി ഒരു ഗ്രവുണ്ട് സ്ഥാപിക്കുന്നതിനും സാധിച്ചത് സിബുവിന്റെ ഇടപെടല്‍ മൂലം മാത്രമാണ്.

ഗവര്‍ണറുടെ നസ്സോ കൗണ്ടി  പ്രതിനിധി ആന്‍ഡ്രൂ മുല്‍വിയും സിബുവിനൊപ്പം മലയാളി നേതാക്കളുമായി സംവാദിക്കാന്‍  എത്തിയിരുന്നു.  പ്രോഗ്രാം ഓര്‍ഗനൈസര്‍ അജിത് കൊച്ചൂസ്,  കേരളാ സെന്റെര്‍ പ്രസിഡന്റ് അലക്‌സ്  എസ്തപ്പാന്‍, സിറ്റി മേയറുടെ പ്രതിനിധി ഡോ. ബിന്ദു ബാബു, പ്രമുഖ കാര്‍ഡിയോളോജിസ്റ്റ്  ഡോ. നിഷ പിള്ള, കേരള കള്‍ച്ചര്‍ അസോസിയേഷന്‍ പ്രതിനിധി ഫിലിപ്പ് മഠത്തില്‍, ടോബിന്‍ മഠത്തില്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ മാത്യുക്കുട്ടി ഈശോ, നഴ്‌സിംഗ് അസോസിയേഷന്‍ പ്രതിനിധികളായ മേരി ഫിലിപ്പ്, ലീലാമ്മ അപ്പുകുട്ടന്‍,  ഫിലിപ്പ്, അപ്പുകുട്ടന്‍, ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് സജി തോമസ്,  ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ ട്രെഷറര്‍ ജോര്‍ജ് കൊട്ടാരം, നായര്‍ ബെനെവെലെന്റ്  അസോസിയേഷന്‍ പ്രതിനിധികള്‍ രാജഗോപാല്‍ നായര്‍, രാജേശ്വരി രാജഗോപാല്‍, എക്കോ ചാരിറ്റി ഓര്‍ഗനൈസഷന്‍ പ്രതിനിധി  ബിജു ചാക്കോ, ന്യൂയോര്‍ക്ക് പോലീസ് ദേശി സൊസൈറ്റി പ്രസിഡന്റ് രവി നാരായണന്‍, പ്രതിനിധി രമേഷ് പ്രബിദിന്‍, സാമൂഹിക പ്രവര്‍ത്തകന്‍  കോശി തോമസ്, ന്യൂയോര്‍ക്ക്  കേരള സമാജം പ്രതിനിധികള്‍ ഡോ. ജേക്കബ് തോമസ്, കുഞ്ഞു മാലിയില്‍, ടേസ്റ്റ് ഓഫ് കൊച്ചി റെസ്റ്റോറന്റ് ഉടമ ചെറിയാന്‍ അരികുപുറത്തു, റിയല്‍റ്റര്‍  ജോസ് തെക്കേടം, റെജി കുരിയന്‍, ഗ്ലോബല്‍ ന്യൂസ് എഡിറ്റര്‍ ഷാജി എണ്ണശ്ശേരില്‍, എബ്രഹാം പുതുശ്ശേരില്‍, ജിജോയ് എബ്രഹാം, ഷിബു സന്തൂര്‍, ബോബന്‍ തോട്ടം തുടങ്ങി സമൂഹത്തിലെ പ്രമുഖ മലയാളികള്‍  സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. മലയാളി സമൂഹത്തിനു വേണ്ട എല്ലാ സഹായങ്ങളും തന്നാലാകും വിധം ചെയ്യാമെന്ന് സിബു നായര്‍ പ്രതിനിധികളുമായുള്ള സംവാദത്തില്‍ പ്രസ്താവിച്ചു.

ന്യൂയോര്‍ക്ക്  ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട സിബു നായര്‍ക്ക് സ്വീകരണം  ന്യൂയോര്‍ക്ക്  ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട സിബു നായര്‍ക്ക് സ്വീകരണം
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular