Monday, May 6, 2024
HomeEditorialദൈവം ഇപ്പോൾ പഴയ ദൈവമല്ല: ദൈവ സങ്കൽപം മാറുന്നു

ദൈവം ഇപ്പോൾ പഴയ ദൈവമല്ല: ദൈവ സങ്കൽപം മാറുന്നു

ദൈവത്തെ കണ്ടാൽ എങ്ങിനെയിരിക്കും? ദൈവത്തിനു രൂപമാറ്റം സംഭവിച്ചോ?
പതിനാറാം നൂറ്റാണ്ടിൽ മൈക്കലാഞ്ജലോ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ തട്ടിൽ വരച്ച കാലാതീതമായ ചിത്രങ്ങളിൽ കാണുന്ന ദൈവം അല്ല ഇന്ന് അമേരിക്കൻ ക്രിസ്ത്യാനിയുടെ മനസിലുള്ള ദൈവം എന്ന് ഗവേഷകർ പറയുന്നു. മൈക്കലാഞ്ജലോ  വരച്ചു വച്ച ദൈവം ഭയം ഉളവാക്കുന്നവനും അന്യരെ ന്യായം വിധിക്കുന്നവനും ആയിരുന്നു. എന്നാൽ അമേരിക്കൻ ക്രിസ്ത്യാനിയുടെ സങ്കല്പത്തിലുള്ള ദൈവം അങ്ങനെയല്ലെന്ന്  യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് കരോലിനയിൽ ഗവേഷണം നടത്തിയ സാംസ്‌കാരിക മനശ്ശാസ്ത്ര വിദഗ്ധൻ ജോഷ്വ കോൺറാഡ് ജാക്‌സൺ പറയുന്നു.

“അമേരിക്കയിൽ ദൈവത്തിന്റെ രൂപം മൃദുഭാവിയാണ്. വിടർന്ന കണ്ണുകൾ. ഊഷ്‌മളമായ പുഞ്ചിരി. സൗഹൃദം നിറഞ്ഞ മുഖഭാവം,” ഇതാണ് ഗവേഷകരുടെ നിഗമനം.

ജാക്‌സൺ അത് വിശദീകരിക്കുന്നു: അഞ്ഞൂറോളം പേരോട്  കംപ്യൂട്ടറിൽ കാട്ടിക്കൊടുത്ത മുഖങ്ങളിൽ നിന്നു കൂടുതൽ ദൈവികമായ മുഖങ്ങൾ ആവർത്തിച്ചു ചൂണ്ടിക്കാട്ടാൻ നിർദേശിച്ചു.

“ബോധപൂർവമല്ലാതെ, ഈ ചിത്രങ്ങളിൽ നിന്ന് ദൈവത്തെ തെരഞ്ഞെടുക്കുമ്പോൾ, ആളുകൾ അവരവരുടെ തീരുമാനങ്ങൾ സ്വന്തം മത മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഉറപ്പിക്കയാണ്.”

ഗവേഷകർ കണ്ടെത്തിയ 153,000 രൂപങ്ങൾ സമന്വയിപ്പിച്ചു സൃഷ്‌ടിച്ച ദൈവത്തിന്റെ ഒരൊറ്റ ചിത്രം പരുക്കനായ ദൈവത്തെ മാറ്റി നിർത്തി സ്നേഹനിധിയായ ദൈവത്തെ കാട്ടിക്കൊടുത്തു.

അത്ഭുതകരം എന്ന് തോന്നാവുന്ന ഈ ഫലങ്ങൾ ജൂദായിസത്തിലും ക്രിസ്തു മതത്തിലും ഇസ്‌ലാമിലും വേരുറച്ച പാരമ്പര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതാണ് എന്ന് “ഗോഡ്: ആൻ അനാറ്റമി” എന്ന പുതിയ പുസ്തകത്തിൽ പറയുന്നു. ബ്രിട്ടനിലെ എക്സിറ്റർ യൂണിവേഴ്‌സിറ്റിയിൽ ഹീബ്രു ബൈബിൾ പ്രഫസറായ ഫ്രാൻസിസ്‌ക്ക സ്റ്റാവ്‌റാകോപുലു എഴുതിയതാണ് ഈ ഗ്രന്ഥം.

സ്റ്റാവ്‌റാകോപുലു എഴുതുന്നു: “ദൈവം വ്യക്തമായും പുരുഷനാണ്. മനുഷ്യന്റെ ശരീരം. സുന്ദരമായ മുഖം.” ബൈബിളിൽ മറഞ്ഞു കിടക്കുന്ന ദൈവത്തെ കണ്ടെത്താൻ പുരാവസ്‌തു ശാസ്ത്രവും പ്രാചീന ഗ്രന്ഥങ്ങളുടെ സ്വന്തം പരിഭാഷകളെയും അവർ ആശ്രയിച്ചിട്ടുണ്ട്.

ബൈബിളിലെ ശലോമോന്റെ ഗീതങ്ങളിൽ, ദൈവത്തെ വിശേഷിപ്പിക്കുന്നത് “പ്രാവിന്റേതു പോലെ കണ്ണുകളുള്ള, തിളങ്ങുന്ന ചർമവും സുഗന്ധവ്യഞ്ജനങ്ങളുടെ മെത്ത പോലെ കവിളുകളും” ഉള്ള, ലൈംഗിക ആകർഷണമുള്ള ഒരാളായിട്ടാണ്. നാണയങ്ങളിലും  കൊത്തുപണികളിലും  നീണ്ട, തിളക്കമുള്ള മുടിയും പരിഷ്‌കൃതമായ താടിയും കാണാം. ചിലപ്പോൾ ദൈവം സ്വന്തം രൂപത്തെ വർണിക്കുന്നുമുണ്ട്.

സ്റ്റാവ്‌റാകോപുലുവിന്റെ കുറിപ്പ്: “ദൈവം പുറപ്പാട് പുസ്തകത്തിൽ മോശയോട് സംസാരിക്കുമ്പോൾ താൻ ‘നീണ്ട മൂക്കുള്ളയാളാണ്’ എന്ന് പറയുന്നുണ്ട്.

സങ്കീർത്തനങ്ങൾ എഴുതിയ കവിക്ക്, യഹോവ “ആഗ്രഹം ഉണർത്തുന്ന ആകർഷണമുള്ള” ദൈവമായിരുന്നു എന്ന് അവർ വിശദീകരിക്കുന്നു.

ഈ ലിഖിതങ്ങൾ വ്യാഖ്യാനിച്ച ആദ്യകാല പുരോഹിതന്മാരുടെ കാഴ്ചപ്പാട് സ്റ്റാവ്‌റാകോപുലു വിശദീകരിക്കുന്നു: “അരുണ ശോഭ ചിതറുന്ന ആ മുഖത്തിന്റെയും പേശീ സമൃദ്ധമായ ശരീരത്തിന്റെയും കീഴടക്കുന്ന സൗന്ദര്യം വിരൽ ചൂണ്ടുന്നത്, അവരുടെ സുന്ദരനായ ദൈവം ഈജിപ്തിൽ നിന്നുള്ള പലായന കാലത്തു ആ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു എന്നതാണ്.”

സ്റ്റാവ്‌റാകോപുലു ഉദ്ധരിച്ചിട്ടുള്ള തന്റെ പ്രാഥമിക കണ്ടെത്തലുകൾ വികസിപ്പിച്ചെടുക്കാൻ ഗൗരവമായ പദ്ധതികൾ നോർത്തവെസ്റേൺ യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് കഴിഞ്ഞു ഫെലോ ആയ ജാക്‌സൺ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. സഹപ്രവർത്തകരായ ന്യൂസിലൻഡ് ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്ര വിദഗ്‌ധർ യാമിൻ ഹൽബേർസ്റ്റാറ്, ജെസ്സെ ബെറിങ്ങ് എന്നിവരുമായി ചേർന്ന് അദ്ദേഹം വിപുലമായ മത കലാസൃഷ്ടികളുടെ ശേഖരം ഉണ്ടാക്കാൻ ശ്രമിക്കുന്നു. കാലങ്ങൾ കടന്നു പോയപ്പോൾ  വിശ്വാസവും സംസ്ക്കാരവും തമ്മിൽ എങ്ങിനെ പ്രവർത്തിച്ചു എന്നു കണ്ടെത്താൻ പണ്ഡിതന്മാർക്ക് ഇത് ഉപയോഗിക്കാം എന്നാണ് അവരുടെ വിശ്വാസം. അതോടൊപ്പം, വളരെ കാലം മുൻപ് ജീവിച്ചിരുന്നവരുടെ മനഃശാസ്ത്രത്തിലേക്കു പുതിയ വെളിച്ചം കിട്ടുമെന്നും.

“ഇപ്പോൾ ഏതാണ്ട്‌ 3,000 ഇമേജുകൾ ഞങ്ങളുടെ പക്കലുണ്ട്,” ജാക്‌സൺ പറയുന്നു. “എന്നാൽ 30,000 ഞങ്ങളുടെ ലക്‌ഷ്യം.”

ജാക്‌സൺ തുടരുന്നു: “ക്രിസ്ത്യാനികൾ ഇന്ന് ദൈവത്തെ സ്നേഹം നിറഞ്ഞ സങ്കൽപമായി കാണുന്നു. അപ്പോൾ അത് നമ്മൾ കലയിലും കാണേണ്ടതാണ്.
“കാലങ്ങളിലൂടെ വന്ന ക്രിസ്ത്യൻ ദൈവത്തിന്റെ ഇമേജുകൾ നമ്മൾ കാണുകയും ദൈവത്തെ ചിത്രീകരിച്ചതിന്റെ പരിണാമം വിലയിരുത്തുകയും ചെയ്യുമ്പോൾ, കൂടുതൽ കൂടുതൽ സ്നേഹവാനാവുന്ന ദൈവത്തിന്റെ ചിത്രങ്ങളാണ് നമ്മൾ കാണുന്നത്. അതാണ് യഥാർത്ഥത്തിൽ ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞ ചിത്രങ്ങളിൽ കാണുന്നത്.

“പഴയ ഗവേഷണങ്ങളിൽ തെളിയുന്നത്, ശൈഥില്യത്തിന്റെ കാലത്തു സമൂഹത്തെ ഫലപ്രദമായി നിയന്ത്രിക്കുന്ന ഏകാധിപതികളായാണ് ജനങ്ങൾ ദൈവത്തെ കണ്ടിരുന്നത് എന്നാണ്. പക്ഷെ സമൂഹത്തെ കുറിച്ചുള്ള ഭീതി കുറഞ്ഞു വരികയും ഭദ്രത കൈവരികയും ചെയ്തപ്പോൾ ഏകാധിപതിയായ ദൈവം എന്ന സങ്കൽപ്പത്തിന് മൂല്യം നഷ്ടപ്പെട്ടു എന്ന് കരുതാം.”

ബൈബിളിലെ ദൈവത്തിന്റെ വർണനകൾ ആലങ്കാരികമായി എടുത്താൽ മതിയെന്നും അക്ഷരാർഥത്തിൽ കാണേണ്ടതില്ലെന്നും യഹൂദ, ക്രിസ്ത്യൻ മതപണ്ഡിതന്മാർ  2600 വർഷത്തിലേറെയായി പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ ക്രിസ്ത്യാനികൾ ഉൽപത്തി പുസ്തകത്തിൽ പറയുന്നതിലാണ് വിശ്വസിക്കുന്നത്, നമ്മളെ ദൈവം സ്വന്തം രൂപത്തിൽ സൃഷ്ടിച്ചു എന്ന്.

ജാക്‌സൺ പറയുന്നു: “ദൈവത്തിനു മനുഷ്യന്റെ രൂപവും വികാരങ്ങളും ഉണ്ടെന്നു കരുതുന്നത് സ്വാഭാവികമായ ഒരു കാഴ്ചപ്പാടാണ്. ദൈവത്തെ കണ്ടാൽ എങ്ങിനെയിരിക്കും  എന്ന് നമുക്കൊരു പിടിയുമില്ല. അപ്പോൾ പിന്നെ നമുക്ക് ഏറ്റവും വ്യക്തമായ അറിവിൽ നിന്ന് തുടങ്ങാതിരിക്കാൻ എങ്ങിനെ കഴിയും — അതായതു നമ്മൾ?”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular