Monday, May 20, 2024
HomeKeralaസ്വാമി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സ്വാമി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സ്വാമി ഗംഗേശാനന്ദയുടെ  ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ഡി ജി പി: ബി. സന്ധ്യയ്ക്കെതിരെ ആരോപണങ്ങളുമായി സ്വാമി തന്നെ രംഗത്തു വന്നതോടെ കേരള പൊലീസിനു മറ്റൊരു നാറ്റക്കേസ് കൂടി നേരിടേണ്ട സ്ഥിതിയായി. ആരൊക്കെ കുറ്റവാളിയെന്നു കോടതികള്‍ തീരുമാനിക്കുന്നതാണല്ലോ ജനാധിപത്യ മര്യാദ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീര്‍പ്പുകള്‍ ഉണ്ടാവുക. എന്നാല്‍ തെളിവ് സമര്‍പ്പിക്കാന്‍ പരാജയപ്പെടുന്ന പോലീസ് ഒരു വിധത്തിലും മാപ്പര്‍ഹിക്കുന്നില്ല. കാരണം അവര്‍ കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കുന്നു. കേരളത്തില്‍ ഇത് പതിവ് കാഴ്ചയാവുന്നു എന്നതാണ് ദുഃഖ സത്യം.

നടന്‍ ദിലീപിനെതിരെ വധ ഗൂഢാലോചന ആരോപിച്ച ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച തെളിവുകള്‍ അദ്ദേഹത്തിന് ജാമ്യം നിഷേധിക്കാന്‍ പര്യാപ്തമല്ല എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഒരു മാസം നീണ്ട വാദ പ്രതിവാദങ്ങള്‍ക്കു ശേഷമാണു ആ തീര്‍പ്പുണ്ടായത്. കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിയുന്ന വിധം തെളിവുകള്‍ അവതരിപ്പിക്കയാണ് പൊലീസിന്റെ ഉത്തരവാദിത്തം. ഗൂഢാലോചന കേസില്‍ അതുണ്ടായില്ല എന്ന സത്യം ബാക്കി നില്‍ക്കുന്നു.
തിരുവനന്തപുരത്തു സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ അഞ്ചു വര്‍ഷമായിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അപ്പോള്‍ തെളിവുകള്‍ ലഭിച്ചില്ലേ?
ചൊവാഴ്ച മാധ്യമങ്ങളെ കണ്ട സ്വാമി പറഞ്ഞത് തനിക്കെതിരെ നടന്ന അക്രമത്തിനു ഇപ്പോള്‍ ജയില്‍ ഡി ജി പി ആയ സന്ധ്യ ഉത്തരവാദി ആണെന്നാണ്. ‘അവര്‍ തെറ്റുകാരിയല്ല എന്ന് ഞാന്‍ പറയില്ല,’ പോലീസ് അന്വേഷിക്കട്ടെ,’ സ്വാമി പറയുന്നു.
‘എനിക്കെതിരായ ഗൂഢാലോചനയെല്ലാം മാഡത്തിന്റെ അറിവോടെ ആയിരുന്നു,’ സന്ധ്യയെ ചൂണ്ടി സ്വാമി പറയുന്നു. ‘അവരുടെ പങ്കു അന്വേഷിക്കണം.’
ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലം സംരക്ഷിക്കാന്‍ താന്‍ ശ്രമിച്ചതിനാണ് സന്ധ്യയ്ക്കു വിരോധമുണ്ടായത്.

സ്വാമി പറഞ്ഞത്: ‘രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് എന്റെ  ജനനേന്ദ്രീയം മുറിക്കുക എന്നത് അസംഭവ്യമായ കാര്യമാണ്. നിരന്തരം ശാരീരിക വ്യായാമം ചെയ്യുന്ന ആളാണ് ഞാന്‍.  കളരിയും മറ്റും അഭ്യസിച്ചിട്ടുണ്ട്. ഉറക്കം ഉണരുമ്പോള്‍ അറിയുന്നത് അതിശക്തമായ വേദന ആയിരുന്നു. ഇടതു കൈ ശരീരത്തോട് ചേര്‍ക്കുമ്പോഴാണ് ജനനേന്ദ്രീയത്തില്‍ മുറിവുണ്ടായ കാര്യം അറിയുന്നത്.
‘ആ സമയം പരാതിക്കാരിയായ കുട്ടി അടുക്കല്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ശരിക്കും മനസ്സിലായില്ല. കുട്ടി പുറകിലത്തെ ഡോര്‍ തുറന്ന് പുറത്തേക്ക് ഓടിയതാണ് പിന്നീട് കണ്ടത്. 10 മിനിട്ടിനുള്ളില്‍ പോലീസ് എത്തി. ‘ആരുമായും ബന്ധപ്പെടാന്‍ പറ്റിയില്ല. ശാന്തമായി അതിനെ സ്വീകരിച്ചു. നിര്‍ദ്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. പിന്നീടാണ് അറിയുന്നത്, കുട്ടി ഓടി പോയത് സന്ധ്യയുടെ വീട്ടിലേക്കാണെന്ന്.”
ആദ്യ എഫ് ഐ ആറില്‍ ഒന്‍പതോളം വകുപ്പുകള്‍ ചുമത്തിയിരുന്നു എന്ന് സ്വാമി ചൂണ്ടിക്കാട്ടുന്നു. അതിനു ശേഷം പെണ്‍കുട്ടി സത്യം പറഞ്ഞപ്പോള്‍ അതു രണ്ടായി ചുരുങ്ങി.  പീഡന ശ്രമത്തിനിടെ ലിഗം മുറിച്ചു  എന്ന് ആദ്യം പറഞ്ഞ പെണ്‍കുട്ടി പിന്നീട് അത് തിരുത്തിയപ്പോള്‍ പോസ്‌കോ ഉള്‍പ്പെടെ ചില വകുപ്പുകള്‍ നീക്കം ചെയ്തു.

പെണ്‍കുട്ടിയുടെ കുടുംബവുമായി തനിക്കു ഉറ്റ ബന്ധം ഉണ്ടായിരുന്നു എന്ന് സ്വാമി പറയുന്നു. താന്‍ ഉപയോഗിച്ച് വന്ന 24 ലക്ഷം രൂപ വില വരുന്ന ഇന്നോവ കാര്‍ അവര്‍ വാങ്ങി തന്നതാണ്. അവളും കാമുകന്‍ അയ്യപ്പദാസും ചേര്‍ന്നാണ് തനിക്കെതിരെ അക്രമം കാട്ടിയത്.
പെണ്‍കുട്ടിയും അയ്യപ്പദാസും ചേര്‍ന്നാണ് 2017 മെയ് 20 രാത്രിയില്‍  സ്വാമിയുടെ ലിംഗം മുറിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെയും അന്തിമ റിപ്പോര്‍ട്ട്. കൃത്യം നടത്തുന്നതിന് മുന്‍പ് അവര്‍ ഇന്റര്‍നെറ്റില്‍ നോക്കി അതിന്റെ വിശദാംശങ്ങള്‍ മനസിലാക്കിയത്രേ.

ദിലീപ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ നിര്‍ണായക തെളിവുകളൊന്നും പുതുതായി ലഭിച്ച മട്ടില്ല. മാത്രമല്ല,  ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് കോടതിയെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇനിയും തെളിവുകള്‍ വരുമെന്നാണ് അവര്‍ പറയുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം നീട്ടി കൊടുക്കാന്‍ പക്ഷെ ഹൈക്കോടതി തയ്യാറായില്ല. മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കണം എന്ന ഉറച്ച നിലപാടിന്റെ അര്‍ഥം പോലീസ് മറ്റൊരു പരാജയത്തിലേക്കു നീങ്ങുന്നു എന്നാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയും നിരസിച്ചാണ് കോടതി ഈ തീര്‍പ്പു കല്‍പിച്ചത്.
സന്ദര്‍ഭവശാല്‍, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല സന്ധ്യയ്ക്കായിരുന്നു. അവര്‍ക്കെതിരെ ചില ഹര്‍ജികളില്‍ ദിലീപ് പേരെടുത്തു പറഞ്ഞു ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular