Sunday, May 19, 2024
HomeIndiaസ്റ്റാലിന്റെ നേട്ടം: കൊങ്കുനാടും പിടിച്ചു ഡി എം കെ

സ്റ്റാലിന്റെ നേട്ടം: കൊങ്കുനാടും പിടിച്ചു ഡി എം കെ

തമിഴ് നാട് തദ്ദേശ സ്വയം ഭരണ സമിതികളിലേക്കുള്ള വോട്ടെടുപ്പിൽ ദ്രാവിഡ മുന്നേററ കഴകം (ഡി എം കെ) നേടിയ വൻ വിജയം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭരണ മികവിനുള്ള അംഗീകാരമാവുന്നു. സംസ്ഥാനത്തെ 21 മുനിസിപ്പൽ കോർപറേഷനുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം കൊയ്‌ത ഡി എം കെ യുടെ സെക്കുലർ പ്രോഗ്രസ്സിവ് അലയൻസ് (എസ് പി എ) മുൻ ഭരണ കക്ഷി അണ്ണാ ഡി എം കെയെ അവരുടെ ശക്തി ദുർഗങ്ങളിൽ പോലും തകർത്തു തരിപ്പണമാക്കി.
അണ്ണാ ഡി എം കെയുടെ കോട്ടകൾ തകർത്തു പൊടിച്ചാണ് പശ്ചിമ മേഖലയിൽ ഡി എം കെ അശ്വരഥമോടിച്ചത്. കൊങ്കുനാട് എന്ന് അറിയപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ, കോയമ്പത്തൂരിൽ തന്നെ 100 ൽ 68 സീറ്റും നേടിയാണ് ഡി എം കെ കോർപറേഷൻ പിടിച്ചത്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, എന്നിങ്ങനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ പൊളിഞ്ഞു പോയ മേഖലകളിലെല്ലാം ഇക്കുറി അവർ കൊടി കുത്തി.
അണ്ണാ ഡി എം കെ ആഴത്തിൽ വേരുറച്ചു നിന്നിരുന്ന തേനിയിലും രാമനാഥപുരത്തും ഇക്കുറി ഡി എം കെയുടെ കൊടിയാണ് പാറിയത്.

ഡി എം കെ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ കോർപറേഷനുകളിൽ ചെന്നൈ, വെല്ലുർ, ഈറോഡ്, സേലം, തഞ്ചാവൂർ, തിരുച്ചി എന്നിവയും  ഉൾപ്പെടുന്നു. 2011 ൽ അന്നത്തെ 10 കോർപറേഷനുകളും അണ്ണാ ഡി എം കെ പിടിച്ചിരുന്നു.
ഔദ്യോഗിക കണക്കുകൾ അനുസരിച്ചു ഇക്കുറി ഡി എം കെ 21 കോർപറേഷനുകളിലുമായി 67.67% വോട്ട് നേടി: 1,374 ൽ 929 സീറ്റുകൾ.
വോട്ടെടുപ്പ് നടന്ന 138 മുനിസിപ്പാലിറ്റികളിൽ 128 ഡി എം കെ മുന്നണി പിടിച്ചു: 61.41% വോട്ട്. അതായത് 3,843 വാർഡുകളിൽ 2,360.
പാർട്ടിക്ക് 490 ടൌൺ പഞ്ചായത്തുകളിൽ ലഭിച്ചത് 400; അവർക്കു 7,261 ൽ 4,388 വാർഡുകൾ ലഭിച്ചു. 57.58% വോട്ട്.
കോയമ്പത്തൂർ ജില്ലയിലെ 198  മുനിസിപ്പാലിറ്റി വാർഡുകളിൽ 159 ഡി എം കെ യുടെ കൈയിലായി. അണ്ണാ ഡി എം കെ നേടിയത് വെറും 22.
കോർപറേഷനുകളിൽ അണ്ണാ ഡി എം കെ യ്ക്കു മൊത്തം ലഭിച്ചത് വെറും 161. അവർക്കു 15 ടൌൺ പഞ്ചായത്തുകളിലായി 1,206 സീറ്റും കിട്ടി.
കോൺഗ്രസും എം ഡി എം കെയും കമ്മ്യൂണിസ്റ് പാർട്ടികളും മുസ്ലിം ലീഗുമാണ് ഡി എം കെ മുന്നണിയിലെ പ്രധാന കക്ഷികൾ.
ഒറ്റയ്ക്കു മത്സരിച്ച ബി ജെ പി നിലം തൊട്ടില്ല. ബി ജെ പിക്ക് അടിത്തറയുള്ള കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ കോർപറേഷനും ഡി എം കെ കൊണ്ടു പോയി.
നടൻ വിജയകാന്തിന്റെ ഡി എം ഡി കെ പാർട്ടിയും ചില്ലറ വിജയങ്ങളിൽ ഒതുങ്ങി. കമൽ ഹാസന്റെ എം എൻ എം ആവട്ടെ ഒരൊറ്റ വാർഡ് പോലും ജയിച്ചില്ല.
സ്റ്റാലിൻ മേയറായി ഭരിച്ചിട്ടുള്ള ഗ്രെയ്റ്റർ ചെന്നൈ കോർപറേഷൻ ഡി എം കെ തിരിച്ചു പിടിച്ചു.
അണ്ണാ ഡി എം കെ നേതാവ് എടപ്പാടി പളനിസ്വാമിയുടെ മണ്ഡലത്തിൽ പോലും ആ പാർട്ടിക്ക് കനത്ത തോൽവിയാണുണ്ടായത്.
രാഷ്ട്രീയ പ്രാധാന്യമുള്ള മധുരയിൽ സ്റ്റാലിന്റെ സഹോദരൻ അഴഗിരിയുടെ എതിർപ്പുണ്ടായിട്ടും ഡി എം കെ കോർപറേഷനിലെ 100 വാർഡുകളിൽ 66 നേടി. അണ്ണാ ഡി എം കെ 12 ൽ ഒതുങ്ങി.
സേലത്തു 60 ൽ 47 കോർപറേഷൻ വാർഡുകളും ഡി എം കെ നേടി. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ 165 വാർഡുകളിൽ 96 അവർ ജയിച്ചു. ടൌൺ പഞ്ചായത്തുകളിൽ 474 ൽ 278.
തിരുനെൽവേലിയിൽ 55 ൽ 44 വാർഡും ഡി എം കെ സഖ്യം പിടിച്ചു. ഒരു ദശകത്തിനു ശേഷമാണു ഇവിടെ ഡി എം കെ മേയർ ഉണ്ടാവുക.
ഡി എം കെ യുടെ ദ്രാവിഡ മോഡൽ ഭരണമാണ് ജനങ്ങളുടെ മതിപ്പു നേടിയതെന്ന് സ്റ്റാലിൻ പറഞ്ഞു. “എന്റെ ഉത്തരവാദിത്തം വർധിക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നു,” സ്റ്റാലിൻ പറഞ്ഞു. “ഞങ്ങൾക്ക് ഈ വിജയം അഹങ്കാരം ഉണ്ടാക്കുന്നില്ല. ജനങ്ങൾ തന്ന വിശ്വാസം കാത്തു സൂക്ഷിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കും.”
അണികളോട് വിനയം പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. “കൊങ്കുനാട് പോലും നമ്മൾ പിടിച്ചു. പക്ഷെ വോട്ട് ചെയ്തവരെ വെറുപ്പിക്കരുത്. നമ്മുടെ ജോലി നമ്മൾ ഭംഗിയായി ചെയ്യുമ്പോൾ വോട്ട് ചെയ്യാത്തവർക്ക് ഖേദം തോന്നും.”
സഖ്യ കക്ഷികൾക്ക് നന്ദി പറയാൻ അദ്ദേഹം മറന്നില്ല. “സഖ്യ കക്ഷികളുടെ പിന്തുണ നമുക്ക് നിർണായക വിജയം നേടിത്തന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”
സ്ത്രീകളുടെ വർധിച്ച പ്രാതിനിധ്യം ദ്രാവിഡ രാഷ്ട്രീയത്തിലെ വിപ്ലവമാണെന്നു സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഒൻപതു മാസത്തെ ഭരണത്തിൽ സ്റ്റാലിൻ കാട്ടിയ മികവാണ് ഈ വിജയത്തിന് കാരണമെന്ന് കോൺഗ്രസ് നേതാവ് അളഗിരി പറഞ്ഞു.
ശനിയാഴ്ച്ച വോട്ടെടുപ്പ് നടന്ന ഇടങ്ങളിൽ ചൊവാഴ്ച രാവിലെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular