Saturday, May 18, 2024
HomeEuropeആദ്യ ദിനം വിജയമെന്ന് റഷ്യ; മരണ സംഖ്യ ഉയരുന്നു; റഷ്യക്ക് സി.പി.എം. പിന്തുണ

ആദ്യ ദിനം വിജയമെന്ന് റഷ്യ; മരണ സംഖ്യ ഉയരുന്നു; റഷ്യക്ക് സി.പി.എം. പിന്തുണ

യുക്രൈനിലെ ചെര്‍ണോബില്‍ പിടിച്ചെടുത്തുകൊണ്ട് ആദ്യ ദിന യുദ്ധം റഷ്യ അവസാനിപ്പിച്ചു. ചെര്‍ണോബിലിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്തുകൊണ്ട് യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു. 1986 ലെ ദുരന്തം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങളുടെ സൈന്യം കനത്ത പോരാട്ടം നടത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് യുക്രൈനില്‍ വ്യോമാക്രമണം തുടങ്ങിയത്. യുക്രൈനിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചു. ഉഗ്ര സ്ഫോടനങ്ങള്‍ പല ഭാഗത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

അതേസമയം, ചെര്‍ണോബില്‍ റഷ്യ പിടിച്ചടക്കിയതായി യുക്രൈന്‍ പ്രസിഡന്റും സമ്മതിച്ചു.ചെര്‍ണോബിലെ ആണവനിലയത്തിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി യുക്രൈന്‍ വ്യക്തമാക്കി.

ഉക്രൈനിൽ ജനങ്ങൾക്ക് ആയുധം നൽകുന്നു;  137  മരണം

നാറ്റോയൊ അമേരിക്കയോ തങ്ങളുടെ സഹായത്തിന് സൈന്യത്തെ അയയ്ക്കില്ലെന്ന് ഉറപ്പായതോടെ സ്വയം പ്രതിരോധത്തിന് എതറ്റം വരെയും പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് യുക്രൈന്‍. ഇതിന്റെ ഭാഗമായി  ആയുധങ്ങളെടുക്കാനും സ്വന്തം വീടും നഗരവും സംരക്ഷിക്കാനും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മീര്‍ സെലന്‍സ്‌കി യുക്രൈന്‍ ജനതയോട് ആഹ്വാനം ചെയ്തു.

എങ്ങനെ ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന് സൈന്യം സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കി തുടങ്ങി. ആയുധമെടുക്കാന്‍ കഴിവുള്ള ആര് ആയുധം ആവശ്യപ്പെട്ടാലും നല്‍കുമെന്ന് വ്‌ളാഡ്മീര്‍ സെലന്‍സ്‌കി പറഞ്ഞു.

ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാന്‍ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിനാവില്ല. ഇത് തന്നെയാണ് ആയുധമെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ കാരണവും.

യുദ്ധം തുടങ്ങിയതിന് പിന്നാലെ ലോകത്തോടൊട്ടാകെ സഹായം തേടിക്കൊണ്ട് യുക്രൈനിയന്‍ പ്രസിഡന്റ്
വൊളോദിമിര്‍ സെലന്‍സ്‌കി വികാരഭരിതമായ പ്രസംഗമാണ് നടത്തിയത്. ലോകമേ, ഇടപെടൂ, എന്നാണ് ലോകരാജ്യങ്ങളോട്, വിശേഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളോട് അടിയന്തരസഹായം തേടി യുക്രൈന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടത്.

റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനെന്ന പ്രസ്താവനയുമായി  സെലന്‍സ്‌കി. റഷ്യന്‍ സൈനിക സംഘം ഉക്രൈന്‍ ആസ്ഥാനമായി കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു.

രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.

രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്ന് സെലന്‍സ്‌കി പറഞ്ഞു. എല്ലാവര്‍ക്കും ഭയമാണ്. യുക്രൈന് നാറ്റോ അംഗത്വം ഉറപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവര ആകെ 137 യുക്രൈനികള്‍ മരിച്ചെന്നും സെലന്‍സ്‌കി അറിയിച്ചു. 316 പേര്‍ക്കാണ് പരുക്കുകള്‍ പറ്റിയതെന്നും അദ്ദേഹം അറിയിച്ചു.

ഫ്രാൻസിന്റെ മുന്നറിയിപ്പ്

ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന റഷ്യന്‍ ഭീഷണിക്ക് പിന്നാലെ മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സ്. നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മനസ്സിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്സ് ലെ ഡ്രിയാന്‍ പറഞ്ഞു.

നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന പുട്ടിന്റെ ഭീഷണി ഉക്രൈന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും ലെ ഡ്രിയാന്‍ പറഞ്ഞു.

‘അറ്റ്ലാന്റിക് സഖ്യം ഒരു ആണവ സഖ്യമാണെന്ന് വ്‌ളാഡിമിര്‍ പുടിനും മനസിലാക്കണം, ഇതിനെ കുറിച്ച് ഇത്ര മാത്രമേ പറയുന്നുള്ളു’, ഫ്രഞ്ച് ടെലിവിഷന്‍ ടിഎഫ്1ല്‍ ലെ ഡ്രിയാന്‍ വ്യക്തമാക്കി.

അമേരിക്ക-ബ്രിട്ടൻ

റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ പ്രതിഷേധവുമായി ലോക രാജ്യങ്ങള്‍ മുന്നോട്ടെത്തി. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍ അറിയിച്ചു. നാല് റഷ്യന്‍ ബാങ്കുകളെ  കൂടി ഉപരോധത്തിലാക്കി. അമേരിക്കയിലുള്ള റഷ്യയുടെ സമ്പത്ത് മരവിപ്പിച്ചു. എന്നാല്‍ ഉക്രൈനിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കില്ലെന്നും, നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങളുമായി യുകെ. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ നിന്ന് റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുകെ വിലക്കേര്‍പ്പെടുത്തി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതുപോലൊരു സൈനിക നീക്കത്തിന് ലോകം സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് യുഎസ് ചൂണ്ടിക്കാട്ടി. മോസ്‌കോയില്‍ യുദ്ധവിരുദ്ധ റാലി നടത്തിയ നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു.

റഷ്യയെ അനുകൂലിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

റഷ്യ – യുക്രൈന്‍ വിഷയത്തില്‍ റഷ്യയെ അനുകൂലിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. ഉക്രയ്നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം യുക്രയ്നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണമെന്ന് പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നവെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

എന്നിരുന്നാലും യുക്രൈനെ റഷ്യ ആക്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും യുക്രയ്നിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഐ എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

ഹംഗറി – റൊമാനിയ അതിര്‍ത്തിയിലെത്താന്‍ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

യുദ്ധം രൂക്ഷമാകുന്ന യുക്രൈനില്‍ നിന്നും വിദ്യാര്‍ത്ഥികളെ അയല്‍ രാജ്യങ്ങള്‍ വഴി രക്ഷിക്കാന്‍ ഇന്ത്യയുടെ നീക്കം . ആദ്യ ഘട്ടമായി ഹംഗറിയിലേയ്ക്കും റൊമാനിയയിലേയ്ക്കും ആകും വിമാനങ്ങള്‍ അയയ്ക്കുക. വിദ്യാര്‍ത്ഥികളോട് ഈ അതിര്‍ത്തികളിലേയ്ക്ക് എത്താനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍  ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തി.

അതിര്‍ത്തികളില്‍ എത്താനാണ് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ഹംഗറി റൊമാനിയ അതിര്‍ത്തിയില്‍ എത്താനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവര്‍ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കണം (ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഈ വാര്‍ത്തയുടെ ചുവടെ) അതിര്‍ത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം.

സ്റ്റുഡന്റ് കോണ്‍ട്രാക്റ്റര്‍മാരെ ആവശ്യങ്ങള്‍ക്ക് സമീപിക്കണം. പാസ്‌പോര്‍ട്ട് കയ്യില്‍ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ അത് കയ്യില്‍ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തില്‍ സ്വന്തം വസ്ത്രത്തില്‍ എല്ലാം വളരെ വ്യക്തമായി, വലുപ്പത്തില്‍ ഇന്ത്യന്‍ പതാക പിന്‍ ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular