Saturday, May 18, 2024
HomeUSAആണവയുദ്ധത്തെ അമേരിക്കക്കാർ പേടിക്കേണ്ടന്ന് ബൈഡൻ

ആണവയുദ്ധത്തെ അമേരിക്കക്കാർ പേടിക്കേണ്ടന്ന് ബൈഡൻ

അമേരിക്കയുടെ കടുത്ത ഉപരോധത്തെത്തുടർന്ന് മോസ്‌കോ തങ്ങളുടെ ആണവസേനയെ അതീവജാഗ്രതയിൽ നിർത്തിയിരിക്കുകയാണ്. എന്നാൽ, യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം ആഗോള ആണവയുദ്ധമായി വികസിക്കുമെന്ന് അമേരിക്കക്കാർ ഭയപ്പെടേണ്ടതില്ലെന്ന് പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച പറഞ്ഞു.

അമേരിക്കക്കാർ ആണവയുദ്ധത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതുണ്ടോ എന്നുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ‘ഇല്ല’ എന്നാണ് പ്രസിഡന്റ് മറുപടി നൽകിയത്.

നാറ്റോ രാജ്യങ്ങളുടെ  പ്രസ്താവനകൾ കാരണം ആണവായുധങ്ങൾ വിക്ഷേപിക്കാൻ തയ്യാറായിരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ സൈന്യത്തിന് ഞായറാഴ്ച നിർദ്ദേശം നൽകിയിരുന്നു.

റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനോടും സൈനിക ജനറൽ സ്റ്റാഫ് മേധാവി ജനറൽ വലേരി ഗെരാസിമോവിനോടും തങ്ങളുടെ ആണവ സേനയെ “പ്രത്യേക യുദ്ധ ഡ്യൂട്ടിയിൽ” ഉൾപ്പെടുത്താൻ പുടിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുണ്ട്‌.

പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ സാമ്പത്തിക മേഖലയിൽ ഉപരോധം ഏർപ്പെടുത്തിയതോടൊപ്പം, മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ രാജ്യത്തെക്കുറിച്ച് ആക്രമണാത്മക പ്രസ്താവനകൾ നടത്തിയതിലുമുള്ള അസ്വസ്ഥത പുടിൻ പ്രകടിപ്പിച്ചിരുന്നു.

റഷ്യയ്‌ക്കെതിരായ ഉപരോധം മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന് പുടിന്റെ പ്രധാന സഖ്യകക്ഷിയായ ബെലറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഞായറാഴ്ച അവകാശപ്പെട്ടു,

കഴിഞ്ഞ ആഴ്‌ച തുടക്കത്തിൽ പരിമിതമായ ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം, വാരാന്ത്യത്തിൽ വൈറ്റ് ഹൗസ് പുടിന്റെ  സ്വകാര്യ സ്വത്ത് ലക്ഷ്യമിട്ട് അധിക ഉപരോധം ഏർപ്പെടുത്തി.  സ്വിഫ്റ്റ് അന്താരാഷ്ട്ര ഇടപാട് സംവിധാനത്തിൽ നിന്ന് റഷ്യൻ ബാങ്കുകളെ നീക്കുകയും ചെയ്തു.

റഷ്യയുടെ യുഎൻ മിഷനിലെ 12 അംഗങ്ങളെ പുറത്താക്കാനുള്ള യുഎസ് തീരുമാനത്തിൽ യുഎന്നിലെ റഷ്യൻ  അംബാസഡർ ഖേദം പ്രകടിപ്പിച്ചു

റഷ്യയുടെ യുഎൻ മിഷനിലെ 12 സ്റ്റാഫ് അംഗങ്ങളെ പുറത്താക്കാനുള്ള യുഎസ് തീരുമാനത്തിൽ യുഎന്നിലെ റഷ്യൻ  അംബാസഡർ വാസിലി നെബെൻസിയ ഖേദം പ്രകടിപ്പിച്ചു.

റഷ്യൻ ദൗത്യത്തിനെതിരായ ശത്രുതാപരമായ നടപടി എന്നാണ് ഈ നീക്കത്തെ സുരക്ഷാ കൗൺസിൽ യോഗത്തിന്റെ തുടക്കത്തിൽ നെബെൻസിയ വിശേഷിപ്പിച്ചത്.

ആതിഥേയ രാജ്യമെന്ന നിലയിൽ ഐക്യരാഷ്ട്രസഭയുടെ  ആസ്ഥാനത്ത്  യുഎസ് ഒപ്പുവച്ച കരാറിന്റെയും വിയന്ന കൺവെൻഷനുകളുടെയും കടുത്ത ലംഘനമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ റഷ്യൻ സൈനിക നീക്കങ്ങൾക്കിടെയാണ് അമേരിക്കയുടെ തീരുമാനം.

നയതന്ത്രത്തിന്റെയും നയതന്ത്ര പരിഹാരങ്ങളുടെയും ആവശ്യകതയെക്കുറിച്ച് റഷ്യയോട് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കെ തന്നെ, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താനുള്ള തങ്ങളുടെ അവസരങ്ങൾ നിയന്ത്രിക്കപ്പെടുന്നതും നെബെൻസിയ ചൂണ്ടിക്കാട്ടി. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

“യതന്ത്രജ്ഞർ എന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്തങ്ങൾക്കും കടമകൾക്കും അനുസൃതമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റഷ്യൻ മിഷനിലെ 12 സ്റ്റാഫ് അംഗങ്ങളെ പുറത്താക്കാൻ ഉത്തരവിട്ടതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് ഡെപ്യൂട്ടി പെർമനെന്റ് റെപ്രെസന്ററ്റീവ് റിച്ചാർഡ് മിൽസ് പറഞ്ഞു.

ആതിഥേയ രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കാതിരിക്കാൻ രാജ്യം വിടണമെന്ന്  അവരോട് അഭ്യർത്ഥിച്ചതായും മിൽസ് വ്യക്തമാക്കി.
എന്നാൽ, മിൽസിന്റെ പ്രതികരണം തൃപ്തികരമല്ലെന്ന് നെബെൻസിയ കുറ്റപ്പെടുത്തി.

കാനഡ യുക്രെയ്‌നിന്  ആയുധങ്ങൾ അയയ്ക്കും: ട്രൂഡോ 

യുക്രെയ്‌നെ പിന്തുണയ്ക്കുന്നതിനായി കാനഡ ആയുധങ്ങളും അത്യാധുനിക തോക്കുകളും അയയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു.
ഹെൽമെറ്റുകൾ, ഗ്യാസ് മാസ്‌കുകൾ, നൈറ്റ് വിഷൻ ഗ്ലാസുകൾ എന്നിവയുൾപ്പെടെയുള്ള സൈനിക സാമഗ്രികൾ കയറ്റി  അയയ്‌ക്കുമെന്ന് കാനഡ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

റഷ്യൻ ക്രൂഡ് ഓയിലിന്റെ  ഇറക്കുമതി നിരോധിക്കാൻ കനേഡിയൻ സർക്കാർ പദ്ധതിയിടുന്നതായും ട്രൂഡോ കൂട്ടിച്ചേർത്തു.

റഷ്യൻ സെൻട്രൽ ബാങ്കുമായി കനേഡിയൻ ധനകാര്യ സ്ഥാപനങ്ങൾ നടത്തിവന്നിരുന്ന ഇടപാടുകൾ അവസാനിപ്പിക്കാനും തീരുമാനമായി.
കൂടാതെ, റഷ്യൻ വിമാനങ്ങൾക്ക് കനേഡിയൻ വ്യോമാതിർത്തി അടച്ചുകൊണ്ട് ഉപരോധങ്ങളുടെ ഒരു പരമ്പര കനേഡിയൻ ഗവൺമെന്റ് റഷ്യയ്‌ക്കെതിരെ നടപ്പാക്കുന്നുണ്ട്.

യുക്രെയ്നിലെ റഷ്യൻ  പോരാട്ടം അവസാനിപ്പിക്കണം: യുഎൻ മേധാവി

ഐക്യരാഷ്ട്രസഭ, മാർച്ച് 1 :  യുക്രെയ്നിലെ സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച ആവശ്യപ്പെട്ടു. യുഎൻ ജനറൽ അസംബ്ലിയുടെ അടിയന്തര പ്രത്യേക സെഷനിലാണ്  അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
സൈനികർ അവരുടെ താവളങ്ങളിലേക്ക് മടങ്ങണമെന്നും  നേതാക്കൾ സമാധാനത്തിലേക്ക് നീങ്ങണമെന്നും പൗരന്മാർ സംരക്ഷിക്കപ്പെടണമെന്നും ഗുട്ടെറസ് പറഞ്ഞു.

യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും പ്രാദേശിക സമഗ്രതയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിർത്തികളെ ബഹുമാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഗുട്ടെറസ് ആഹ്വാനം ചെയ്തു.

യുക്രെയ്ൻ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുകയാണെന്നും  അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ എല്ലാ രാജ്യങ്ങൾക്കും ഉണ്ടാകുമെന്നും  അദ്ദേഹം മുന്നറിയിപ്പ് നൽകി.
റഷ്യൻ ആണവ സേനകൾ അതീവ ജാഗ്രതയിലാണെന്നും അതൊരു ഞെട്ടിക്കുന്ന സംഭവവികാസമാണെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ആണവായുധങ്ങളുടെ ഉപയോഗത്തെ  ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനമാണ് യഥാർത്ഥ പരിഹാരമെന്ന്  ഗുട്ടെറസ് ആവർത്തിച്ചുപറഞ്ഞു.
തോക്കുകൾ കൊണ്ടല്ല സംസാരിക്കേണ്ടതെന്നും ചർച്ചകളിൽ ഏർപ്പെട്ട്  എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കാൻ വൈകരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

യുക്രേനിയൻ-റഷ്യൻ പ്രതിനിധികൾ തമ്മിൽ നടക്കുന്ന നേരിട്ടുള്ള ചർച്ചകൾ യുദ്ധം ഉടനടി നിർത്തുക മാത്രമല്ല, നയതന്ത്ര പരിഹാരത്തിലേക്കുള്ള പാതയും സൃഷ്ടിക്കുമെന്നുള്ള  പ്രത്യാശയും ഗുട്ടെറസ് പ്രകടിപ്പിച്ചു.

ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനും സുഗമമാക്കാനും വാഗ്ദാനം നൽകിയ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.അത്തരം ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും ഗുട്ടെറസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular