Saturday, May 18, 2024
HomeEuropeയുക്രെയ്നില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കല്‍; വിദേശകാര്യ മന്ത്രാലയവും തമിഴ്നാടും വാക്പോരില്‍

യുക്രെയ്നില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കല്‍; വിദേശകാര്യ മന്ത്രാലയവും തമിഴ്നാടും വാക്പോരില്‍

യുക്രെയ്നില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാറും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പൊരിഞ്ഞ പോരില്‍.

തമിഴ്നാട് സര്‍ക്കാര്‍ വന്‍ തുക ചെലവഴിച്ച്‌ അതിര്‍ത്തിയിലെത്തിച്ച തമിഴ് വിദ്യാര്‍ഥികളുടെ വിഷയത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വാക്പോര് തുടരുന്നത്.

ഒരാള്‍ക്ക് 500 ഡോളര്‍ ചെലവഴിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ എത്തിച്ച വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത് തങ്ങളാണെന്ന് അവകാശവാദമുന്നയിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് തെളിവുകള്‍ നിരത്തി തമിഴ്നാട് രംഗത്തെത്തിയിരിക്കുന്നത്. യുക്രെയ്നിലെ കിഴക്കന്‍ പ്രവിശ്യയായ സുമിയില്‍നിന്ന് അതിര്‍ത്തി കടക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് വന്‍ തുക ചെലവഴിക്കേണ്ടിവന്നത്. ഇത് സംബന്ധിച്ച്‌ ‘ദി ഹിന്ദു’ ദിനപത്രം മാധ്യമ പ്രവര്‍ത്തകയായ പാര്‍വതി ബിനു മാര്‍ച്ച്‌ നാലിന് ട്വിറ്ററില്‍ ​വിവരം പങ്കുവെച്ചിരുന്നു.

പിസോചിനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി പാര്‍വതി ബിനു ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് നിന്നുള്ള 35 വിദ്യാര്‍ത്ഥികളുടെ യാത്രാച്ചെലവ് വഹിച്ചത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച്‌ ബിനു ട്വീറ്റ് ചെയ്തതിന് പിന്നാലെ ഡി.എം.കെ എം. പി കനിമൊഴി കരുണാനിധി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. അടുത്ത ദിവസം തന്നെ ഇവര്‍ ഒരു ബസും ഏര്‍പ്പെടുത്തി നല്‍കി.

 

കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സൗകര്യമൊരുക്കുമ്ബോള്‍, അനുബന്ധ ശ്രമമെന്ന നിലയില്‍ സംസ്ഥാനത്ത് നിന്നുള്ള 35 വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കി. ബസ് സ്വകാര്യമായി ഏര്‍പ്പാട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഒഡീഷ സര്‍ക്കാര്‍ പിസോചിനില്‍ നിന്നുള്ള 25 വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ബസുകള്‍ ഏര്‍പ്പാടാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന പ്രദേശമായ സുമിയില്‍ 700 ഓളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്.

തമിഴ് വിദ്യാര്‍ഥി സംഘം മടങ്ങുന്ന ചിത്രം പാര്‍വതി ബിനു ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെ ബി.ജെ.പി അനുകൂല മാധ്യമമായ ടി.വി 9 എക്സിക്യൂട്ടീവ് എഡിറ്റര്‍ ആദിത്യ കൗള്‍ കേന്ദ്ര സര്‍ക്കാറിനായി രംഗത്തെത്തി. തമിഴ്നാട് സര്‍ക്കാര്‍ കുട്ടികള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് കൗള്‍ ട്വീറ്റ് ചെയ്തു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സീനിയര്‍ അഡ്വൈസര്‍ കാഞ്ചന്‍ ഗുപ്തയും പാര്‍വതിക്കെതിരെ രംഗത്തുവന്നു. പാര്‍വതി വ്യാജ വാര്‍ത്ത ചമക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

 

അതേസമയം, പിസോചിനില്‍നിന്നും റുമാനിയന്‍ അതിര്‍ത്തിയില്‍ എത്താന്‍ 35 തമിഴ് വിദ്യാര്‍ഥികള്‍ക്കായി തമിഴ്നാട് സര്‍ക്കാര്‍ 17500 ഡോളര്‍ ചെലവഴിച്ച്‌ വാഹനം സജ്ജമാക്കിയതായി ഡി.എം.കെ എന്‍.ആര്‍.ഐ വിഭാഗം സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. യാഷിനി പറഞ്ഞു. അതിര്‍ത്തിയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളും സംസ്ഥാന സര്‍ക്കാര്‍ ചെയ്ത സഹായം ശരിവെക്കുന്നുണ്ട്. അതിനിടെയാണ് ബി.ജെ.പി സംഘ് പരിവാര്‍ കേന്ദ്രങ്ങളില്‍നിന്നും വ്യാജ വിവരങ്ങള്‍ പുറത്തുവരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular