Wednesday, May 8, 2024
HomeKeralaപ്രതിയെ കുടുക്കിയത് പോലീസിന്റെ ചടുലമായ നീക്കം

പ്രതിയെ കുടുക്കിയത് പോലീസിന്റെ ചടുലമായ നീക്കം

മുട്ടം: കോളപ്ര മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി രാഹുല്‍ രാജിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കിയത് മുട്ടം പോലീസിന്റെ ചടുലമായ നീക്കം.

ഇന്നലെ രാവിലെ 9 മണിയോടെയാണ് പഴയമറ്റം വാഴമലയില്‍ സോനയ്ക്ക് (25) നേരെ ഭര്‍ത്താവ് പഴയമറ്റം പള്ളിക്കതടത്തില്‍ രാഹുല്‍ രാജ് ആസിഡ് ആക്രമണം നടത്തിയത്. 2015 ല്‍ പ്രണയിച്ച്‌ വിവാഹിതരായ ഇവര്‍ 9 മാസം ഒരുമിച്ച്‌ ജീവിച്ചു.പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്നു. നിയമപരമായി ഇവര്‍ വിവാഹമോചനം നേടിയിട്ടില്ല.ഇതിനിടെ സോന കരിങ്കുന്നം സ്വദേശിയായ യുവാവുമായി പ്രണയത്തിലാകുകയും ചെയ്തു.

ഇതിന്റെ പേരില്‍ രാഹുലും, സോനയുമായി നിരന്തരം വഴക്കിടുക പതിവായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ് സോന ബന്ധുവീടായ കോളപ്ര മഞ്ഞപ്രയില്‍ എത്തിയത്. സോന ഇവിടെ ഉണ്ടെന്ന് മനസിലാക്കിയ രാഹുല്‍ ഇന്നലെ രാവിലെ എത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്.ഈ സമയം ഇവിടെ പ്രായമായ ഒരാളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്.വീടിന്റെ മുറ്റത്ത് നിന്നിരുന്ന സോനയുമായി രാഹുല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, കയ്യില്‍ കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് സോനയ്ക്ക് നേരെ ഒഴിക്കുകയുമായിരുന്നു. നാല്‍പത് ശതമാനം പൊള്ളലേറ്റ സോന അപകടനില തരണം ചെയ്തിട്ടുണ്ട്. കരിങ്കുന്നം പോലീസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റില്‍ പെട്ടയാളാണ് പ്രതി രാഹുല്‍.കൃത്യം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുവാനുള്ള തയാറെടുപ്പിലായിരുന്നു ഇയാള്‍.

യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായി എന്നറിഞ്ഞതോടെ മുട്ടം പോലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. രാഹുല്‍ തിങ്കളാഴ്ച വൈകിട്ട് നന്നായി മദ്യപിച്ചിരുന്നതായി പോലീസിന് വിവരം കിട്ടി. യുവതിക്ക് നേരെ ആക്രമണം നടത്തിയതിനു ശേഷം ഇയാള്‍ മദ്യപിക്കാന്‍ എത്തുവാന്‍ സാധ്യതയുണ്ടെന്ന് പോലീസ് മനസിലാക്കി.ഇതിന്‍ പ്രകാരം ഇയാളുടെ ഫോട്ടോ സഹിതം തൊടുപുഴയ്ക്ക് സമീപമുള്ള എല്ലാ ബാറിലേക്കും വിവരം കൈമാറി.കൂടാതെ മുട്ടത്തെ ബാറിന് സമീപം പോലീസ് രഹസ്യ നിരീക്ഷണവും നടത്തി. മുട്ടത്തുള്ള ബാറില്‍ ഇയാള്‍ മദ്യപിക്കാന്‍ എത്തിയ വിവരം ഞൊടിയിടക്കുളളില്‍ പോലീസിന് ലഭിച്ചു. ബാറിലെത്തിയ മുട്ടം പോലീസ് സംഘം പ്രതിയെ ഇവിടെ നിന്നും പിടികൂടുകയായിരുന്നു. ക്രിമനല്‍ പശ്ചാത്തലം ഉള്ള പ്രതി രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും തേടുന്നതിനിടെയാണ് പോലീസ് വലയിലാകുന്നത്. അന്വേഷണത്തിന്

തൊടുപുഴ ഡിവൈഎസ്പി എ.ജി. ലാലിന്റെ മേല്‍നോട്ടത്തില്‍ മുട്ടം എസ്‌എച്ച്‌ഒ വി. ശിവകുമാര്‍ , എസ് ഐ മാരായ സുബൈര്‍, അനില്‍കുമാര്‍, വര്‍ഗീസ്മാണി, എ എസ്‌ഐ മാരായ അബ്ദുള്‍ ഖാദര്‍, മഞ്ജു, ജയേന്ദ്രന്‍ സീനിയര്‍ സിപിഒ മാരായ സബീന, ദീപുബാലന്‍, സിപിഒ മാരായ അജിന്‍സ്, പ്രദീപ്, അനൂപ് ,അലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular