Saturday, May 18, 2024
HomeKeralaദിലീപിന്റെ അറസ്റ്റ് ആസന്നമെന്നു ക്രൈം ബ്രാഞ്ച്

ദിലീപിന്റെ അറസ്റ്റ് ആസന്നമെന്നു ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലും അത് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലും പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം വൈകാതെ കോടതി റദ്ദാക്കുമെന്നും അതോടെ നടനെ അറസ്റ്റ് ചെയ്യാൻ  കഴിയുമെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ബുധനാഴ്ച്ച തറപ്പിച്ചു പറഞ്ഞു. നാലു വർഷം മുൻപ് ആദ്യത്തെ കേസിൽ 90 ലധികം ദിവസങ്ങൾ റിമാൻഡിൽ കഴിഞ്ഞ നടൻ വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരുന്ന ദിവസങ്ങൾ അകലെയല്ല എന്ന് അവർ പറയുന്നു.

“കോടതി കൂടി പുതിയ തെളിവുകൾ വിലയിരുത്തുന്നതു വരെ കാത്തിരിക്കണം. ആ നടപടികൾ കഴിഞ്ഞാൽ ജാമ്യം റദ്ദാക്കുമെന്ന് ഉറപ്പാണ്,” ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേ സമയം, നടിയുടെ നേരെ ആക്രമണം ഉണ്ടായ സമയത്തു അവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ച ഡ്രൈവർ മാർട്ടിൻ ആന്റണിക്ക് ബുധനാഴ്ച സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിക്കണം എന്നായിരുന്നു സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.
നാലു വർഷമായി തന്നെ ജയിലിൽ ഇട്ടിരിക്കുന്നതു ന്യായമല്ലെന്ന മാർട്ടിന്റെ വാദം ജസ്റ്റിസ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.
അഞ്ചു വർഷത്തോളമായി പ്രതി ജയിൽ കഴിയുന്നു, വിചാരണ എന്നു തീരുമെന്ന് ആർക്കും അറിയില്ല — കോടതി പറഞ്ഞു.
നടി ആരോപിച്ച കുറ്റകൃത്യം നടന്നിട്ടില്ല എന്നാണ് ലാൽ ക്രീയേഷൻസ്  ഡ്രൈവറായിരുന്ന മാർട്ടിൻ പരസ്യമായി പറഞ്ഞിട്ടുള്ളത്. കേസിൽ രണ്ടാം പ്രതിയാണ് മാർട്ടിൻ. തൃശൂരിൽ ലാൽ ജൂനിയറിന്റെ ‘ഹണി ബീ 2’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് കമ്പനി കാറിൽ കൊച്ചിയിലേക്കു നടി യാത്ര ചെയ്യുമ്പോഴാണ് അത്താണിയിൽ വച്ച് ആക്രമണം ഉണ്ടായത്.
ഗൗരവമായ കാര്യങ്ങൾ നടന്നു എന്നു പ്രോസിക്യൂഷൻ പറയുന്ന കേസിന്റെ അന്വേഷണം ഗൗരവമായി തന്നെ തുടരണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
ഗൂഢാലോചന കേസിന്റെ എഫ് ഐ ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടു ദിലീപ് സമർപ്പിച്ച ഹർജി ബുധനാഴ്ച ഹൈക്കോടതി വീണ്ടും കേൾക്കാനിരിക്കെയാണ് പൊലീസ് പുതിയ തെളിവുകൾ കൊണ്ടു വന്നത്. ദിലീപിന്റെ ഹർജി കോടതി 17 നു മാറ്റിയിട്ടുണ്ട്.
ഫെബ്രുവരി ഏഴിനു ഈ  കേസിൽ ദിലീപിനു ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ, ജാമ്യം നിഷേധിക്കാൻ മതിയായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല എന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതിനു ശേഷം ഒട്ടേറെ പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നു ക്രൈം ബ്രാഞ്ച് അവകാശപ്പെടുന്നു.
കെട്ടിച്ചമച്ച കേസാണിതെന്നു പ്രതിഭാഗം വാദിക്കുമ്പോൾ, തെളിവുകളുടെ പിൻബലത്തിൽ ആ വാദം പൊളിക്കാമെന്നു പ്രോസിക്യൂഷൻ വിശ്വസിക്കുന്നു.
ദിലീപും കൂട്ടുപ്രതികളും കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ നിന്ന് തെളിവുകൾ നൽകുന്ന ഡാറ്റ നീക്കം ചെയ്‌തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പുതിയ ഒരു തെളിവ്. ദിലീപിന്റെ വീട്ടിൽ മൂന്നു വർഷം ജോലി ചെയ്‌തിരുന്ന ദാസൻ എന്നയാളുടെ മൊഴിയിൽ, പൾസർ സുനിയെ അപായപ്പെടുത്തുമെന്നു നടന്റെ സഹോദരൻ അനൂപ് പറഞ്ഞതായും തെളിവുണ്ട്.
ഏപ്രിൽ 15 വരെ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ചൊവാഴ്ച ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയിരുന്നു. അതു  തടയാനുള്ള ദിലീപിന്റെ അപേക്ഷ കോടതി സ്വീകരിച്ചതുമില്ല. നടനെ റിമാൻഡിലേക്കു കിട്ടാൻ കഴിയുന്ന തെളിവുകൾ അപ്പോഴേക്ക് ലഭ്യമാവും എന്നു  പൊലീസ് ഉറപ്പു പറയുന്നു.
ജനുവരി 29 നാണു കോടതി ഫോണുകൾ സമർപ്പിക്കാൻ ഉത്തരവിട്ടത്. അന്നും പിറ്റേന്നുമായി മുംബൈയിൽ ലാബ് സിസ്റ്റംസ് ഇന്ത്യ എന്ന സ്ഥാപനത്തിൽ വച്ചാണ് അവ ഫോർമാറ്റ് ചെയ്‌തത്‌. ഈ സ്‌ഥാപനത്തിന്റെ ഉടമ യോഗേന്ദ്ര യാദവ് പറയുന്നത് ഒരു ഫോണിനു 75,000 രൂപ വീതം വാങ്ങി എന്നാണ്.
ദിലീപ്, അനൂപ്,  സൂരജ് എന്നിവർ ഉപയോഗിച്ചു വന്ന ആറു ഫോണുകൾ കോടതിയിൽ സമർപ്പിച്ച ശേഷം ക്രൈം ബ്രാഞ്ച് തിരുവന്തപുരത്തു സർക്കാർ ലാബിൽ ഫൊറൻസിക് പരിശോധനയ്ക്കു നൽകിയിരുന്നു. ഇതിൽ നാലെണ്ണം മുംബൈയിൽ ഫോർമാറ്റ് ചെയ്‌തു എന്നാണ് പരിശോധനയിലെ കണ്ടെത്തൽ. എന്നാൽ നീക്കം ചെയ്ത ഡാറ്റയുടെ മിറർ കോപ്പി വീണ്ടെടുക്കാൻ കഴിഞ്ഞു.
ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ അയഥാർത്ഥമാണെന്നു ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻ പിള്ള പ്രതികരിച്ചു.

ദാസന്റെ മൊഴി

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യത്തിൽ ഇറങ്ങുമ്പോൾ “കാണിച്ചു കൊടുക്കാം” എന്ന് അനൂപ് ഫോണിൽ പറയുന്നത് കേട്ടു എന്നാണ് 2017 മുതൽ 2020 വരെ നടന്റെ ആലുവയിലെ ‘പദ്‌മസരോവരം’ വീട്ടിൽ സെക്യൂരിറ്റി ജോലി ചെയ്‌തിരുന്ന തുറവൂർ സ്വദേശി ദാസൻ പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ ദാസനെ വാട്‍സ്ആപ്പിൽ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞ ഇക്കാര്യം കുമാർ റെക്കോർഡ് ചെയ്തിരുന്നു.
കഴിഞ്ഞ വര്ഷം ഒക്ടോബറിൽ കുമാർ ദാസനെ വിളിച്ചുവെന്നും പറയുന്നു. ചില കാര്യങ്ങൾ താൻ വെളിപ്പെടുത്തുമെന്ന് നടനോടും അനൂപിനോടും പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തനിക്കു അതിനു ധൈര്യം ഉണ്ടായില്ലെന്ന് ദാസൻ പറയുന്നു.
ക്രൈം ബ്രാഞ്ച് പറയുന്നത്, ബാലചന്ദ്രകുമാറുമായി ബന്ധപെട്ടു ഒരു കാര്യവും പൊലീസിനോടു പറയരുതെന്നു ദാസനെ ദിലീപിന്റെ അഭിഭാഷകർ വിലക്കി എന്നാണ്. അനൂപ് തന്നെയാണ് ദാസനെ അഭിഭാഷകൻ രാമൻ പിള്ളയുടെ ഓഫീസിൽ കൂട്ടിക്കൊണ്ടു  പോയത്. ദിലീപിന്റെ ഉടമയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷന്റെ ഓഫീസിലേക്ക് ദാസനെ വിളിച്ചു വരുത്തിയതും അനൂപാണ്.
മറ്റൊരു അഭിഭാഷകനായ ഫിലിപ്പും ദാസനെ വിളിപ്പിച്ചു. ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് അയച്ച പരാതി വായിച്ചു കേൾപ്പിച്ചു. കുമാറുമായി ബന്ധപ്പെട്ടു ഒരു കാര്യവും പൊലിസിൽ പറയരുതെന്നും ആവശ്യപ്പെട്ടു.
താൻ ജോലി ചെയ്‌തിരുന്ന കാലത്തു നിരവധി തവണ കുമാർ ദിലീപിന്റെ വീട്ടിൽ വന്നിരുന്നു എന്നും ദാസൻ മൊഴി കൊടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular