Sunday, May 19, 2024
HomeKeralaകെ-റെയില്‍ സ്ത്രീകളുടെ കണ്ണീരില്‍ മുങ്ങി പോകുമോ ? നാട്ടിലെ ഫ്രഷ് ന്യുസ്

കെ-റെയില്‍ സ്ത്രീകളുടെ കണ്ണീരില്‍ മുങ്ങി പോകുമോ ? നാട്ടിലെ ഫ്രഷ് ന്യുസ്

പെണ്ണുങ്ങളുടെയും കൊച്ചു കുട്ടികളുടെയും കണ്ണീരു വീണ ഒരു പദ്ധതിയും ഒരു നാട്ടിലും വിജയിച്ചിട്ടില്ല . വീട് അവര്‍ക്ക് ഒരു വികാരം , പകരം കൊട്ടാരം കൊടുക്കാമെന്ന് പറഞ്ഞാലും അവരുടെ സ്വന്തം വീടിന് പകരമാകുമോ ?

പിണറായുടെ രണ്ടാം സര്‍ക്കാര്‍ നിലവില്‍ വന്നത് പെണ്ണുങ്ങളുടെ ആഗ്രഹപ്രകാരമായിരുന്നു . കൊറോണകാലത്ത് വീട്ടില്‍ തീ പുകഞ്ഞത് തന്നെ ആ കിറ്റ് കൊണ്ടായിരുന്നു . അതെ പിണറായി അവയുടെ എല്ലാമായ വീട് പൊളിച്ചു മാറ്റി തങ്ങളെ വഴിയാധാരമാക്കുമെന്ന് വന്നാല്‍ അവര്‍ തന്നെ പിണറായി മന്ത്രി സഭക്കെതിരാകും , അതാണ് പെണ്ണുങ്ങള്‍ അതില്‍ അവര്‍ക്ക് രാഷ്ട്രീയമില്ല അവര്‍ക്ക് ഏറ്റവും പ്രധാനം അവരുടെ വീടും മക്കളും സുരക്ഷിതത്വവുമല്ലേ ? ഇതെന്താ ആലോചന ശേഷിയും ഇത്രയേറെ കാര്യക്ഷമതയുമുള്ള പിണറായിക്ക് മനസിലാകാത്തത് ?  പൊളിക്കാന്‍ ഒരേയൊരു കൂട്ടര്‍ക്കേ കഴിയൂ അവരതിനുള്ള ശ്രമം മാടപ്പള്ളിയില്‍ തുടങ്ങിക്കഴിഞ്ഞു എന്നത് പിണറായിക്ക് ആശ്വാസകരം . നാളെ ചെങ്ങന്നൂരില്‍ നിന്ന് വി.ഡി സതീശന്‍ പട  നയിക്കാന്‍ തുടങ്ങുന്നു അതോടെ കേരളത്തിലെ സ്ത്രീകളുടെ ജീവന്മരണ പോരാട്ടം ഒരു രാഷ്ട്രീയ സമരമായി മാറും . സതീശനും സുധാകരനും അല്പമെങ്കിലും ദിശാബോധമുണ്ടെങ്കില്‍ അതത് നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കട്ടെ . രാഷ്ടീയ കുപ്പായം മാറ്റി കോണ്‍ഗ്രസുകാരും ആ നാട്ടുകാരാണെങ്കില്‍ അവരോടൊപ്പം കൂടട്ടെ , അതല്ലേ അതിന്റെ വഴി .

കള്ളനോട്ടും ഏറെ :

കള്ളപ്പണം മാത്രമല്ല നാട്ടില്‍ കള്ള നോട്ടും വ്യാപകം ! തിരുവന്തപുരം വിതുരയില്‍ നിന്ന് 500 രൂപയുടെ  81 നോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു . ഏതായാലും കള്ള നോട്ടടിക്കുന്നവര്‍ അമ്പതോ നൂറോ നോട്ടടിച്ച് അച്ച് ദൂരെ കളയില്ല , വരാനിരിക്കുന്നത് വലിയൊരു കള്ളനോട്ട് വേട്ട .

പുല്ലേ … പുല്ല് ഇവിടെയില്ല :

വേനല്‍ ഇങ്ങനെ തുടര്‍ന്നാല്‍ കണ്ണ് കാലികള്‍ക്ക് പുല്ലു പോലും കിട്ടാതെ വരും . ഇപ്പോഴേ കച്ചിക്ക് വില കൂടി  ഒപ്പം ക്ഷാമവും . കന്നുകാലികള്‍ക്ക് പച്ചപ്പുല്ലിന്റെ രസം കച്ചിയില്‍ കിട്ടുമോ ? കോഴികള്‍ യുക്രെയിനിലെ യുദ്ധം തുടങ്ങിയതോടെ കോഴിത്തീറ്റ കിട്ടാതെ പട്ടിണിയില്‍ . ചൂടായി പുല്ലേ എന്ന പറഞ്ഞാലും പുല്ല് എവിടെ?

ജയം നമുക്ക് :

മലയാളികളായ ഫുട്ബോള്‍ പ്രേമികള്‍ ഞായറാഴ്ചക്കായി കാത്തിരിക്കുന്നു അന്നാണ്  ഗോവയില്‍ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഏറ്റുമുട്ടുന്നത് . രണ്ടു ടീമിന്റെയും ജേഴ്സി മഞ്ഞ . പോയിന്റ് നിലയില്‍ ഹൈദരാബാദ് മുന്നിലായതിനാല്‍ സംഘാടകര്‍ മഞ്ഞ അവര്‍ക്ക് നല്‍കി . നമ്മുടെ  നിറം ഞായറാഴ്ച നീല . നമ്മുടെ ടീമിന്റെ ക്യാപ്ടനായിരുന്ന ബര്‍ത്തലോമ്യാ ഓഗ്ബച്ചേ ഞായറാഴ്ച ഹൈദരാബാദിന് വേണ്ടി ഇറങ്ങും . ഹോളിച്ചരണ്‍ നര്‍സറിയും  സെയ്ത്യാ സെന്‍ സിങ്ങും ഹൈദരാബാദിന്റെ കളിക്കാര്‍ . തീര്‍ന്നില്ല നമ്മുടെ മാനേജര്‍ മുതല്‍ സി.ഇ.ഓ വരെയായിരുന്ന താങ്ബോയ് സിങ് സ്റ്റോക്കും ഹൈദരാബാദിന്റെ കൂടെയാണ് . എന്നാലും പ്രതീക്ഷ വിടുന്നില്ല ഇവാന്‍ വുകൊമനോവിലും അദ്ദേഹം പരിശീലിപ്പിക്കുന്ന ചുണക്കുട്ടികളുമില്ലേ ? നമുക്ക് ജയിക്കണം .

റിക്കാര്‍ഡുമായി പശു :

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശു കോഴിക്കോട്ടെ ഫറോക്കിലാണ് ഉള്ളതെന്ന് നമ്മുടെ സിനിമാ നടന്‍ ഉണ്ടപക്രുവിന് പോലും അറിയില്ല . നിലവിലെ ഗിന്നസ് രേഖ പ്രകാരം പൂര്‍ണ്ണ വളര്‍ച്ചയായ മൂന്നു വയസ്സെത്തിയ ഏറ്റവും ചെറിയ പശുവിന്റെ പൊക്കം 90 സെ.മീ , ഫറോക്ക് കരുവന്‍ത്തുരുത്തി മഠത്തില്‍ പാടം സഹീദ മന്‍സലില്‍ കെ.എം മുഹമ്മദ് ബഷീറിന്റെ പശു മീനാക്ഷിക്ക് 70 സെ.മീ പൊക്കമേയുള്ളു . ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് പശുവിനുള്ള യൂണിവേഴ്സല്‍ റിക്കാര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതോടെ മീനാക്ഷിയും ചരിത്രമായി മാറുന്നു .

ചരിത്രമായി അമ്മ, മകന്‍ :

ചരിത്ര കുതുകികളായ അമ്മയും മകനും 75 ചരിത്ര സ്മാരകങ്ങള്‍ കാണാന്‍ എറണാകുളം കാക്കനാട് നിന്ന് യാത്ര തുടങ്ങിയിരിക്കുന്നു . തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ അധ്യാപിക ഡോ. മിത്ര സതീഷ് ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ നാരായണനെയും കൂട്ടി ഒരു മാരുതി കാറിലാണ് 18 സംസ്ഥാനങ്ങളിലെ ഈ സ്മാരകങ്ങള്‍ കണ്ട് പുസ്തകമെഴുതാന്‍ ഇറങ്ങുന്നത് .

പെണ്‍മുന്നേറ്റം :

വരും വര്‍ഷങ്ങളില്‍ ആരോഗ്യ കേരളം വളയിട്ട കൈകളിലാകും . 2021 -22 ല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയ 23,003 വിദ്യാര്‍ഥികളില്‍ 18,715 പേരും പെണ്‍കുട്ടികള്‍ . ശതമാനകണക്ക് കൂടി അറിഞ്ഞോളൂ – 81.35% . ഏറ്റവും അധികം പെണ്‍കുട്ടികള്‍ വൈദ്യ രംഗത്തേക്ക് വരുന്നത് ആയ്യുര്‍വ്വേദത്തിലും (87.62%) ഹോമിയോവിലും (86.75%) ആണ് അലോപ്പതിയിലാണ് ഏറ്റവും കുറവെങ്കിലും അവിടെയും പെണ്‍കുട്ടികള്‍ 66% . എല്ലാ രംഗത്തും പെണ്‍മുന്നേറ്റം പക്ഷെ , ഇതൊക്കെ പറഞ്ഞ ഊറ്റം കൊള്ളുന്ന രാഷ്ട്രീയക്കാരല്ലേ അവരെ ഒട്ടും അംഗീകരിക്കാത്തത് . അവര്‍ക്കിപ്പോഴും വനിതകളോട് അവഗണന ; പുച്ഛം!

മൂര്‍ഖന്‍ പറ്റിച്ചു :

വീട്ടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കുടഞ്ഞ 3 പൊമറേനിയന്‍ നായ്ക്കള്‍ പാമ്പിന്‍ വിഷമേറ്റ് ചത്തു . പാമ്പിന്റെ വാല് കൊണ്ട് വേറൊരു നായയുടെ ഒരു കണ്ണും പോയി . കടുത്തുരുത്തി മുട്ടുച്ചിറ പി.വി ജോര്‍ജിന്റെ വീട്ടില്‍ വേറെയും 3 നായ്ക്കളുണ്ട് . അവയും അവശനിലയിലാണ് . മുറ്റത്ത് കൂട്ടിയിട്ട വിറകിനിടയില്‍ ഒളിച്ച പാമ്പിനെ പിടികൂടുന്നതിനിടയിലായിരുന്നു നായ്ക്കള്‍ക്ക് കടിയേറ്റത് .

വാല്‍ക്കഷ്ണം : അച്ചായന്മാര്‍ക്ക് ഒരു ചിയേഴ്‌സ് പറയാതെ ഒരു ചര്‍ച്ചയുമില്ല ! കഴിഞ്ഞ ദിവസം ഒരു അച്ചായന്‍ സ്വന്തം സഹോദരനെ വെടിവച്ചു കൊന്നു . ഇപ്പോഴിതാ രാജകുമാരി സേനാപതിയില്‍ എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റ്  കുരിശും പാറ കൂനംമാക്കല്‍  സിബിയച്ചായന്‍ ചത്തില്ല , ആശുപത്രിയിലാണ് . തര്‍ക്ക പരിഹാര ചര്‍ച്ചയാണെങ്കില്‍ കള്ളടിക്കരുതെന്ന് അച്ചായന്മാര്‍ തീരുമാനിച്ചില്ലെങ്കില്‍ ഇത് ഒരു നാട്ടു നടപ്പാകും .

കെ.എ. ഫ്രാന്‍സിസ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular