Saturday, May 18, 2024
HomeEditorialവേണം ഒരു സാംസ്കാരികോത്സവം!

വേണം ഒരു സാംസ്കാരികോത്സവം!

സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമിയുടെ (KSA) അദ്ധ്യക്ഷനായി ചുമതലയെടുക്കുമ്പോൾ, സഹൃദയർക്ക് പ്രതീക്ഷകൾ ഏറെയാണ്. അദ്ദേഹത്തിൻ്റെ നിയമന വാർത്ത അറിഞ്ഞതു മുതൽ കലാസാഹിത്യ വൃത്തങ്ങളിൽ നിലയ്ക്കാത്ത ചർച്ചകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സാഹിത്യത്തിൻ്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞു നിന്നൊരു ലോകോത്തര കവിയുടെ സാരഥ്യം KSA-യ്ക്ക് ലഭിയ്ക്കുമ്പോൾ, ഭാഷാസ്നേഹികളുടെ ആനന്ദവും ജിജ്ഞാസയും സ്വാഭാവികം!
മാർച്ച് 9-ആം തീയതി ചുമതലയേറ്റ സാഹിത്യകാരൻ, ഒരു പ്രത്യേക അഭിമുഖത്തിൽ, ഈ വേളയിൽ പ്രസക്തമായ കുറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു:

തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുന്നാൾ, 1956-ൽ ഉദ്ഘാടനം ചെയ്ത KSA-യുടെ പുതിയ പ്രസിഡൻ്റാണ് സച്ചിദാനന്ദൻ. പ്രഥമ പ്രസിഡൻ്റ് സർദാർ കെ. എം. പണിക്കരിൽ നിന്ന്, താങ്കളിലേയ്ക്ക് ഈ ഉത്തരവാദിത്വം എത്തുമ്പോൾ, സംസ്ഥാനത്തെ സഹൃദയർക്ക് അഭിമാനിക്കാൻ എന്തെല്ലാമുണ്ട്?
അത് സഹൃദയർ തീരുമാനിക്കട്ടെ. പക്ഷെ, സർദാർ പണിക്കരുടെ കാലത്തു നിന്ന് അക്കാദമി വളരെ മുന്നോട്ടു പോയിട്ടുണ്ട്. പല അദ്ധ്യക്ഷന്മാരും കാര്യദർശികളും കമ്മിറ്റികളും പലതരം പുതിയ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും സജീവമായ സംസ്ഥാന അക്കാദമിയാണ് കേരള സാഹിത്യ അക്കാദമി. അതിൻ്റെ ആനുകാലികങ്ങളുടെ നിലവാരം ഇക്കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നന്നായി ഉയർന്നിട്ടുണ്ട്. പുരസ്കാരങ്ങൾ കുറേക്കൂടി സുതാര്യമായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളുടെ മ്ലാനത, എല്ലാ സ്ഥാപനങ്ങളെയും പോലെ അക്കാദമിയേയും ബാധിച്ചിരുന്നു. ആ കുറവ് കൂടി ഇനിയുള്ള കാലം നികത്തണമെന്ന് ആഗ്രഹമുണ്ട്.

അങ്ങ് രാജ്യത്തെ സമുന്നതനായ സാഹിത്യകാരൻ. ദേശീയ തലത്തിൽ, ഏറെ സ്ഥാപനങ്ങളുടെ അമരത്തിരുന്ന വ്യക്തി. പത്തു കൊല്ലം കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയുമായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ (KSA) അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുണ്ടായ സാഹചര്യമെന്താണ്?
ഞാനും കുടുംബവും കേരളത്തിൽ എത്തിയത് ആരോഗ്യ അഭയാർത്ഥികൾ ആയിട്ടാണ്. മഹാമാരിയുടെ രണ്ടാം തരംഗം ഡൽഹിയെ നിസ്സഹായമാക്കി. ആശുപത്രികളിൽ കിടക്കകൾ ഇല്ല, പ്രാണവായു ഇല്ല, ശവങ്ങൾ കുമിഞ്ഞു കൂടുന്ന അവസ്ഥ. ഒപ്പം വായുമലിനീകരണം വളരെ വർദ്ധിച്ചതോടെ എനിയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായി. ഇവിടെ എത്തി കുറച്ചു മാസങ്ങൾള് കഴിഞ്ഞപ്പോൾ ഇങ്ങിനെ ഒരു ചുമതല എടുക്കാമോ എന്ന അന്വേഷണം സർക്കാരില്‍ നിന്നു വന്നു. എഴുതാനും, വായിക്കാനും, വിശ്രമിക്കാനുമാണ് ഞാൻ വന്നത്; എന്നാൽ അദ്ധ്യക്ഷ പദവി വലിയ ഭാരമാവില്ലാ എന്ന വിശ്വാസത്തിൽ അത് സമ്മതിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ‘ഇന്ത്യൻ ലിറ്ററേച്ചറി’ൻ്റെ എഡിറ്ററായിരുന്ന താങ്കൾ, KSA-യുടെ കൊച്ചു ആനുകാലികങ്ങളുടെ ഉപദേശക സമിതി അദ്ധ്യക്ഷത വഹിക്കേണ്ടി വരുമ്പോഴുള്ള വൈകാരികത പങ്കുവെക്കാമോ?
ജീവിതം മുഴുവൻ പല ചെറു മാസികകളുടെയും പത്രാധിപരും പ്രസാധകനും ഉപദേശകനും ഒക്കെയായിരുന്നു ഞാൻ. അതു കൊണ്ട് വലിപ്പച്ചെറുപ്പങ്ങളെ കുറിച്ചുള്ള എൻ്റെ ധാരണകൾ  തന്നെ വ്യത്യസ്തമാണ്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി അക്കാദമിയുടെ മാസികകളുടെ ഗുണനിലവാരം ഉയർന്നിട്ടുണ്ട്. അത് ഇനിയും നന്നാക്കാനും പുതിയ പ്രമേയങ്ങൾ ചർച്ച ചെയ്യാനും ഒരു പക്ഷെ എനിയ്ക്ക് സഹായിക്കാൻ കഴിയും.

ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതികളുടെ ലോക രചയിതാക്കളിൽ ഒരാളാണ് സച്ചിദാനന്ദൻ. ഒരു പക്ഷെ, ലോക സാഹിത്യവുമായി ഇത്രയധികം സമ്പർക്കം പുലർത്തിയ മറ്റൊരാൾ രാജ്യത്തു തന്നെ ഉണ്ടാകില്ല. മലയാള സാഹിത്യത്തെ അന്തർദേശീയ നിലവാരത്തിലെത്തിയ്ക്കാൻ താങ്കൾക്ക് വിഭാവനം ചെയ്യാവുന്ന ഒട്ടേറെ കാര്യങ്ങളില്ലേ?
സാഹിത്യത്തിൻ്റെ നിലവാരം വർദ്ധിപ്പിക്കാൻ സാഹിത്യകാരന്മാർക്കെ കഴിയൂ. അതിൽ  അക്കാദമിയ്ക്ക് ഒന്നും ചെയ്യാനില്ല. എന്നാൽ നല്ല കൃതികൾ കൂടുതലായി ഇതര ഭാഷാ വായനക്കാരിൽ എത്തിക്കാൻ അക്കാദമിയ്ക്ക് ചിലത് ചെയ്യാൻ കഴിയും. പരിഭാഷകൾ, എഴുത്തുകാരുടെ കൈമാറ്റങ്ങൾ, ഉത്തമ കൃതികളുടെ ഒരു നല്ല കാറ്റലോഗ്, ഇന്ത്യയിലും വിദേശത്തുമുള്ള വലിയ പുസ്തകമേളകളിൽ പങ്കാളിത്തം, പരിഭാഷകർക്ക് പ്രോത്സാഹനം, പരിശീലന കാര്യശാലകൾ അങ്ങനെ.

താങ്കളുടെ കൃതികൾ രാജ്യത്തെ എല്ലാ പ്രമുഖ ഭാഷകളിലേയ്ക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാള സാഹിത്യം ദേശീയ തലത്തിൽ ഇന്ന് എത്രത്തോളം മികച്ചതാണെന്നു പറയാമോ?
നമ്മുടെ സാഹിത്യം പൊതുവായ ഗുണനിലവാരത്തിൽ ഒട്ടും പിന്നിലല്ല. അതു മിക്ക ഭാഷക്കാർക്കും അറിയാം, പക്ഷെ അതിൻ്റെ മൂർത്തമായ ഉദാഹരണങ്ങൾ അവരുടെ മുന്നിൽ കുറവാണ്. അതാണ്‌ നാം ചെയ്യേണ്ടത്. മലയാളത്തിൽ നിന്ന് ഇതര ഇന്ത്യൻ-വിദേശ ഭാഷകളിലേക്ക് തര്‍ജ്ജുമ ചെയ്യാൻ തക്ക പ്രാവീണ്യം ഉള്ളവർ കുറവാണ്. ഇംഗ്ലീഷിൽ പോലും നന്നായി തർജ്ജുമ ചെയ്യുന്ന അൽപ്പം ചിലരെ നമുക്കുള്ളൂ. ജെർമനിലോ ഫ്രെഞ്ചിലോ ചെയ്യുന്നവർ ഒന്നോ രണ്ടോ വീതം കാണും. തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിൽ അല്‍പ്പം ചിലരുണ്ട്. ഹിന്ദിയിൽ കുറച്ചു കൂടി ഉണ്ട്. ഹിന്ദി വഴിയാകും നമുക്കു ഉത്തരേന്ത്യൻ ഭാഷകളിലെത്താന്‍ കഴിയുക, ഇംഗ്ലീഷ് വഴി വിദേശ ഭാഷകളിലും. അതിനു ആദ്യം ഒരു നല്ല കമ്മിറ്റി കൂടി പരിഭാഷായോഗ്യമായ കൃതികളുടെ ഒരു കാറ്റലോഗ് തയ്യാറാക്കണം. തുടക്കം ചില ആന്തോളജികളിൽ നിന്നാകാം. നമ്മുടെ ചെറുകഥ ഏതു ഭാഷയ്ക്കും ഒപ്പം നിൽക്കാവുന്നതാണ്, കവിതയിലും നോവലിലും അത്തരം കൃതികൾ ഉണ്ട്, അൽപ്പം ചില നാടകങ്ങളും ഉണ്ട്, പിന്നെ ആത്മകഥകൾ, ജീവചരിത്രങ്ങൾ, ഒടുവിലായി സൈദ്ധാന്തികകൃതികൾ.

സാഹിത്യവും, സാഹിത്യ അക്കാദമിയും സമൂഹത്തിലെ ഉന്നതരുടേത് മാത്രം എന്ന പൊതുധാരണ മാറ്റി, സാധാരണക്കാരെയും ഈ വീഥിയിലെത്തിക്കാൻ താങ്കൾക്കു കഴിയുമെന്ന് സംസാരമുണ്ട്. എന്തെല്ലാമാണ് കർമ്മ പദ്ധതികൾ?
അങ്ങനെ ഒരു ധാരണ കേരള സാഹിത്യ അക്കാദമിയെക്കുറിച്ചു ഉണ്ടെന്നു ഞാൻ കരുതുന്നില്ല. കേന്ദ്ര അക്കാദമി അങ്ങനെ ആയിരുന്നു. ആ ധാരണ മാറ്റാൻ എനിയ്ക്ക് പത്ത് വർഷം നന്നായി പണിയെടുക്കേണ്ടി വന്നു. ഇനിയും അത് തിരിച്ചു പോയ്ക്കൂടെന്നില്ല. എങ്കിലും അതിൽ യുവസാഹിത്യകാരന്മാർ, പാർശ്വവത്കൃതർ മുതലായവർക്കെല്ലാം വലിയ പ്രാതിനിധ്യം നൽകാൻ ഞാൻ ശ്രദ്ധിച്ചു. ഇന്ത്യയിലെ ഏതു പ്രധാന ആദിവാസി, ദളിത്‌ എഴുത്തുകാരനും, ഇന്ത്യൻ എഴുത്തുകാരികളും അതിനു തെളിവ് നൽകും. കേരളത്തിലും ആവശ്യമെങ്കിൽ അങ്ങനെയുള്ള മാറ്റങ്ങൾ ഉണ്ടാകും.

‘സ്ത്രീയും എഴുത്തും’ എന്ന വഷയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറെയായി. സാഹിത്യത്തിൽ സ്ത്രീകൾ ഇപ്പോഴും പിന്നിലെന്നതിൻ്റെ ഓർമ്മപ്പടുത്തലുകളാണ് വർഷം തോറും എത്തുന്ന KSA പുരസ്കാരങ്ങൾ. പതിനൊന്നു സാഹിത്യ ശാഖകളിൽ, മികച്ച പെണ്ണെഴുത്തുകൾ എന്താണിത്ര കുറവ്? ഈ ന്യൂനത പരിഹരിക്കപ്പെടേണ്ടതല്ലേ? താങ്കൾ ‘പെണ്ണെഴുത്ത്’ എന്ന സംജ്ഞയുടെ ഉപജ്ഞാതാവ്!
സ്ത്രീകൾക്ക് പുരസ്കാരങ്ങളിൽ സംവരണം ഏർപ്പെടുത്താൻ കഴിയില്ല, സ്ത്രീ ആയതു കൊണ്ടു മാത്രം പിന്തള്ളപ്പെട്ടുകൂടാ എന്ന സ്ഥിതി വരണം. സാഹിത്യകാര്യത്തിൽ സ്ത്രീകൾ അങ്ങനെ പാർശ്വവത്കരിക്കപ്പെടുന്നുണ്ടോ? നമുക്കു ദീർഘമായ ഒരു സ്ത്രീസാഹിത്യപാരംപര്യം ഉണ്ട്. നാം അവരെ മാറ്റി നിർത്തി എന്ന് തോന്നുന്നില്ല. പ്രതിഭയുടെ വലിപ്പച്ചെറുപ്പം സ്ത്രീകളിൽ മാത്രമല്ല, പുരുഷരിലും കാണും. എനിയ്ക്ക്  തോന്നുന്നത് സ്ത്രീകൾ പഴയ പോലെ ഇന്ന് ദുർബ്ബലരും പ്രോത്സാഹനത്തിന്നായി കേഴുന്നവരുമല്ലാ എന്നാണ് — സാഹിത്യ രംഗത്തെങ്കിലും! പ്രശ്നം സമൂഹജീവിതത്തിൽ ഈ മുന്നേറ്റം വേണ്ടത്ര പ്രതിഫലിക്കുന്നില്ലാ എന്നതാണ്. പുരുഷാധിപത്യം നില നിൽക്കുവോളം ഈ സ്ഥിതി തുടരും. അതിന്നെതിരായ യുദ്ധം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു ചെയ്യണം. ട്രാൻസ്ജെൻഡർ എഴുത്തുകാരും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
പുരസ്കാര ആരോപണങ്ങൾ KSA-യിൽ പതിവാണ്. അവാർഡിനെത്തുന്ന പുസ്തകങ്ങളുടെ ഷോർട്ട്-ലിസ്റ്റിങ്ങും, മൂല്യ നിർണ്ണയവും കൂടുതൽ നീതിപൂർവവും, സുതാര്യവുമാക്കേണ്ടതാണെന്ന് താങ്കൾ കരുതുന്നില്ലേ?
ഏതു പുരസ്കാരത്തിലും കുറെ ആരോപണങ്ങൾ സാധാരണമാണ്, അഭിരുചിയുടെ വ്യത്യാസങ്ങൾ മൂലം കേരള അക്കാദമിയുടെ ചില പുരസ്കാരങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. തിരഞ്ഞെടുപ്പു രീതി കർശനമാക്കാൻ പദ്ധതികളുണ്ട്.
പരിസ്ഥിതിയുമായും, ആവിഷ്കാരകലകളുമായും സാഹിത്യത്തെ ബന്ധിപ്പിയ്ക്കുന്നതിൽ ഇന്ത്യ തുലോം പുറകിലാണെന്നൊരു നിരീക്ഷണമുണ്ട്. താങ്കളുടെ ചുമതലയിലുള്ള അക്കാദമിയ്ക്ക് ഇക്കാര്യത്തിൽ രാജ്യത്തിനു തന്നെ ഒരു മാതൃകയാവാൻ കഴിയില്ലേ?
ഞാ൯ പത്രസമ്മേളനത്തിൽ പറഞ്ഞ പല കാര്യങ്ങളിൽ ഒന്ന് ഇതാണ്‌. മൂന്നു അക്കാദമികൾക്കും (സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി) സഹകരിച്ചു കുറെ ചെയ്യാനുണ്ട്. കലകൾ തമ്മിലുള്ള ബന്ധം ആഴമേറിയതാണ്, ഇന്ത്യൻ പാരമ്പര്യത്തിൽ വിശേഷിച്ചും. ഒരു സാംസ്കാരികോത്സവം നമുക്കു വേണം — കേരള ചലച്ചിത്രോത്സവം, നാടകോത്സവം, കൊച്ചി ബിനാലെ എന്നിവ പോലെ. ഒപ്പം ചെറിയ പരിപാടികളും ആകാം. കവിത നൃത്തമായും സംഗീതമായും, കഥകൾ നാടകങ്ങളായും അവതരിപ്പിക്കുന്ന പരിപാടികൾ, മറ്റു അക്കാദമികളോടൊപ്പം ഞാൻ ഡൽഹിയിൽ ചെയ്തിരുന്നു — ‘ആവിഷ്കാർ’ എന്ന പേരിൽ. അത് ഇവിടെയും സാദ്ധ്യമാണ്. തീർച്ചയായും പരിസ്ഥിതിയും ഒരു വിഷയമായിരിക്കും, നാം വംശനാശത്തിൻ്റെ വക്കിലാണല്ലോ!
വർദ്ധിച്ചു വരുന്ന വർഗ്ഗീയത നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചു അവാർഡുകളും സ്ഥാനങ്ങളും താങ്കൾ നിരസിച്ചിട്ടുണ്ട്. രാജ്യത്ത് വർഗ്ഗീയതയും അസഹിഷ്ണുതയും മുമ്പുള്ളതിനേക്കാൾ ഇപ്പോൾ കുറഞ്ഞിരിയ്ക്കുന്നു എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?
ഒട്ടും കുറഞ്ഞിട്ടില്ല, വിദ്വേഷത്തിൻ്റെ സംസ്കാരം പടരുകയാണ്. സാഹിത്യവും, എല്ലാ കലകളും, അതിനു എതിർ നിൽക്കുന്നു. സാഹിത്യ അക്കാദമിയും ഈ വെറുപ്പിൻ്റെ സംസ്കൃതിക്കെതിരെ കഴിവത് ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular