Saturday, May 18, 2024
HomeUSAകരുതലോടെ ചുവടു വച്ച്: ബൈഡൻ യൂറോപ്പിലേക്ക്

കരുതലോടെ ചുവടു വച്ച്: ബൈഡൻ യൂറോപ്പിലേക്ക്

യു എസ് പ്രഡിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച്ച യൂറോപ്പിലേക്കു പോകുന്നുണ്ടെങ്കിലും യുക്രൈൻ സന്ദർശിക്കാൻ പരിപാടിയില്ലെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. അപ്പോൾ പോളണ്ടിലെ  ഉച്ചകോടിയിൽ യുക്രൈനെ സംബന്ധിച്ച് എന്തു തീരുമാനങ്ങളാണ് ഉണ്ടാവുക എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. സംഘർഷത്തിന് അമേരിക്ക ആക്കം കൂട്ടി എന്ന ആക്ഷേപം ഒഴിവാക്കാനാണ് യുക്രൈൻ സന്ദർശനം വേണ്ടെന്നു വച്ചതെന്നു വിശദീകരണം ഉണ്ടെങ്കിലും സുരക്ഷാ വിഷയങ്ങളും പരിഗണിച്ചു എന്നാണ് സൂചന. യു എസ് പ്രസിഡന്റിന്റെ സുരക്ഷാ ഉറപ്പാക്കാൻ ചുമതലപ്പെട്ടവർ ശക്തമായി ഇടപെടേണ്ടി വന്നാൽ റഷ്യൻ സൈന്യം ചുവടുറപ്പിച്ചു നിൽക്കുന്ന ഭൂമിയിൽ പ്രശ്‌നങ്ങൾ ഉണ്ടാവാം.
പോളിഷ് പ്രസിഡന്റ് ആന്ദ്രേ ദുദയുമായി ചർച്ച നടത്തുന്ന ബൈഡൻ റഷ്യയെ പൂട്ടുന്ന പുതിയ ഉപരോധങ്ങൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. യുക്രൈനു പടിഞ്ഞാറിന്റെ പിന്തുണ ശക്തമാക്കുകയും ചെയ്യാം. റഷ്യൻ പ്രസിഡന്റ് വ്ലദീമിർ പുട്ടിനെ താങ്ങി നിർത്തുന്ന സമ്പന്നരുടെ മേൽ ഉപരോധം അടിച്ചേൽപിക്കുക എന്നതാണ് ഒരാശയം. റഷ്യയ്ക്കു ഇന്ധനം നിഷേധിക്കാനും ആലോചനയുണ്ട്.
ബൈഡൻ ബെൽജിയത്തിൽ നാറ്റോ, ജി 7, യൂറോപ്യൻ യൂണിയൻ നേതാക്കളെയും കാണുമെന്നു  വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി അറിയിച്ചു.
പോളിഷ് പ്രധാനമന്ത്രി മൊറാവികിയും ചെക്ക്, സ്ലോവേനിയൻ നേതാക്കളും ഒന്നിച്ചു കഴിഞ്ഞ ആഴ്ച യുക്രൈൻ സന്ദർശിച്ചിരുന്നു. തലസ്ഥാനമായ കിയെവിൽ യുദ്ധം ആരംഭിച്ച ശേഷം എത്തുന്ന ആദ്യത്തെ വിദേശ നേതാക്കൾ.
യു എൻ കണക്കനുസരിച്ചു 10 ലക്ഷം പേർ യുക്രൈൻ വിട്ടോടിയിട്ടുണ്ട്. അതിൽ നല്ലൊരു ശതമാനം പോളണ്ടിലാണ്. പോളണ്ടിന്റെ അതിർത്തിയോടടുത്തു റഷ്യ ബോംബിങ് നടത്തിയിട്ടുമുണ്ട്. സോവിയറ്റ് യൂണിയൻ പൊളിഞ്ഞ ശേഷം ഏറ്റവും പുരോഗതി പ്രാപിച്ച കിഴക്കൻ യൂറോപ്യൻ രാജ്യമാണ് പോളണ്ട്.
റഷ്യൻ വിരട്ട് വേണ്ട
യുക്രൈനിൽ ബോംബിട്ടു പൊടിയാക്കിയ മറിയുപോൾ നഗരം കൈവിട്ടാൽ അവിടെയുള്ള ജനങ്ങളെ സുരക്ഷിതമായി പുറത്തു കടക്കാൻ അനുവദിക്കാം എന്ന റഷ്യൻ വാഗ്‌ദാനം കിയവ്  തള്ളി. യുക്രൈൻ സൈനികരെയും വിദേശ ‘കൂലിപ്പടയെയും’ വിട്ടയക്കാമെന്നു റഷ്യൻ സേന പറഞ്ഞിരുന്നു.
യുക്രൈൻ ഉപപ്രധാനമന്ത്രി ഇറിന വേരേഷ്ചുക് പറഞ്ഞു: “കീഴടങ്ങുന്ന പ്രശ്നമേയില്ല. ആയുധങ്ങൾ അടിയറ വയ്ക്കാനും സാധ്യമല്ല.”
മൂന്ന് ലക്ഷത്തോളം പേര് വെള്ളവും ഭക്ഷണവും ഇല്ലാതെ കുടുങ്ങി കിടക്കുന്ന തുറമുഖ നഗരം പ്രതിരോധിക്കാൻ യുക്രൈൻ ശക്തമായി പൊരുതുമെന്നു അവർ പറഞ്ഞു.
നഗരത്തിൽ നിന്ന് നിരവധി ആളുകളെ റഷ്യയിലേക്കു കടത്തിക്കൊണ്ടു പോയി എന്ന റിപോർട്ടുകൾ അസ്വസ്ഥത ഉളവാക്കുന്നതാണെന്നു യു എന്നിൽ അമേരിക്കൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. അത് മനസാക്ഷിക്കു നിരക്കാത്തതാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular