Saturday, May 4, 2024
HomeEditorialമലയാളിക്ക് മേൽവിലാസമായി കേരള സെന്ററിന്റെ 30 വർഷം: സാരഥിയായി ഇ.എം. സ്റ്റീഫൻ

മലയാളിക്ക് മേൽവിലാസമായി കേരള സെന്ററിന്റെ 30 വർഷം: സാരഥിയായി ഇ.എം. സ്റ്റീഫൻ

ന്യൂയോര്‍ക്കിലെ എല്‍മോണ്ടില്‍ 1992-ല്‍ ഇന്ത്യന്‍ അമേരിക്കന്‍ കേരളാ കള്‍ച്ചറല്‍ ആന്‍ഡ് സിവിക് സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ അത് കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി. മലയാളിയുടെ ഒരുമയുടെ പ്രതീകം. മലയാളിക്ക് ഒത്തുകൂടാന്‍ ഒരിടവും ഒരു മേൽവിലാസവും. മലയാളികള്‍ കുറവുള്ള അക്കാലത്ത് അത്തരമൊന്ന് സാധ്യമാക്കിയതിനു പിന്നിലെ ത്യാഗവും ഭഗീരഥപ്രയത്‌നവും ഇന്ന് അവിശ്വസനീയമായി തോന്നാം. ഇലവുങ്കല്‍ മാത്യു സ്റ്റീഫന്‍  (ഇ.എം.  സ്റ്റീഫന്‍) എന്ന സ്ഥിരോത്സാഹിയുടെ പ്രയത്‌നത്തിലാണ് അസാധ്യമെന്നു തോന്നിയ കേരളാ സെന്റര്‍ രൂപംകൊണ്ടത്.

സ്റ്റീഫനെപ്പറ്റി പറയുമ്പോള്‍ രണ്ട് ചരിത്രങ്ങളുണ്ട്. വ്യക്തിപരമായ  കുതിപ്പിന്റെയും കിതപ്പിന്റെയും  ചരിത്രമാണ് ഒന്ന് . കേരള സെന്ററിനായുള്ള ഓട്ടത്തിന്റേതാണ് രണ്ടാമത്തേത് .

കേരളാ സെന്റററിന്റെ കഥ ആദ്യം. ഉഴവൂരില്‍ നിന്ന് അടിയന്തരാവസ്ഥ  പിൻവലിച്ച   1977-ല്‍ സ്റ്റീഫന്‍ അമേരിക്കയിലെത്തുന്നതിന്  മുമ്പ് ഭാര്യ നഴ്‌സായ ചിന്നമ്മ ന്യൂയോര്‍ക്കിലെത്തിയിരുന്നു.

ബ്രൂക്ക്‌നില്‍ സെന്റ് ജോസഫ്‌സ് കോളജില്‍ നിന്നു അക്കൗണ്ട്‌സ് പഠിച്ചുകൊണ്ട് സ്റ്റീഫൻ  അമേരിക്കന്‍ യാത്ര തുടങ്ങി.

വൈകാതെ  ബാങ്കില്‍ ജോലികിട്ടി. പക്ഷെ പിടിപ്പത് പണി. പത്രമൊന്ന് മറിക്കാനോ, ഫോണ്‍ ചെയ്യാനോ ഒന്നും സമയമില്ല. ആകെ മടുത്തു. അങ്ങനെയിരിക്കുമ്പോള്‍ ലോണ്ട്രോമാറ്റില്‍ തുണി അലക്കാന്‍ പോയപ്പോള്‍ അതിന്റെ ഉടമ പത്രവും വായിച്ച് വര്‍ത്തമാനവും പറഞ്ഞ് ഇരിക്കുന്നതു കണ്ടു . കയ്യോടെ ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു.

ആദ്യകാല സംഘടന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിലും മറ്റും അംഗമായി സംഘടനാരംഗത്തേക്ക്. പിന്നീട് ഈക്വല്‍ എപ്ലോയ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മീഷന്‍ അംഗമായ ഡോ. ജോയ് ചെറിയാന്‍ രൂപംകൊടുത്ത ഇന്ത്യന്‍ അമേരിക്കന്‍ ഫോറം ഫോര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയില്‍ 1981-ല്‍ അംഗമായി. അഞ്ച് വര്‍ഷം അതിന്റെ സ്റ്റേറ്റ് അധ്യക്ഷനായിരുന്നു.

അക്കാലത്താണ് ജോസ് ജോസഫിന്റെ നേതൃത്വത്തില്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ രൂപംകൊണ്ടത്. ഇതിനിടെ ഇമിഗ്രേഷന്‍  നിയമം  മാറ്റത്തിനുള്ള ബില്‍ കോണ്‍ഗ്രസില്‍ വന്നു. കുടിയേറ്റം നിയന്ത്രിക്കുകയും 18-ല്‍ കൂടുതല്‍ പ്രായമുള്ളവരെ കൊണ്ടുവരുന്നതിന് വിലക്ക് കൊണ്ടുവരികയുമൊക്കെയായിരുന്നു പ്രധാന ലക്ഷ്യം.

അതിനെതിരേ പൊളിറ്റിക്കല്‍ ഫോറം രംഗത്തുവന്നു. ഫാമിലി റീ യൂണിയന്‍ എന്ന ആശയം മുന്നോട്ടുവച്ചു. സമാനമനസ്‌കരേയും ഇതിനെതിരായി ഒന്നിപ്പിച്ചു. അങ്ങനെ ഏഷ്യന്‍ പസഫിക് ഐലണ്ടേഴ്‌സ് എന്ന കൂട്ടായ്മയ്ക്ക് രൂപംകൊടുത്തു.

ഈസമയത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ (എഫ്‌ഐഎ) നേതൃത്വത്തില്‍ ഇന്ത്യാഡേ പരേഡ് സംഘടിപ്പിച്ചു വന്നിരുന്നു. രണ്ടുതവണ  പരേഡ് കമ്മിറ്റി ചെയര്‍ ആയിരുന്നു സ്റ്റീഫന്‍. പരേഡിനൊന്നും ഇന്ന് മലയാളികളെ അടുപ്പിക്കാറില്ലെങ്കിലും തുടക്കത്തില്‍ മലയാളികളാണ് അതിനൊക്കെ നേതൃത്വം വഹിച്ചതെന്നു എത്ര പേർക്കറിയാം?

സംഘടനയൊക്കെ ഉണ്ടെങ്കിലും ഇന്ത്യക്കാര്‍ക്ക് ഒരു മേല്‍വിലാസമില്ല. അതിനാല്‍ ഒരു ഇന്ത്യാ സെന്റര്‍ ഉണ്ടാകണമെന്ന നിര്‍ദേശം ഉയർന്നു. പലരും അതിനായി പ്രവര്‍ത്തിച്ചു. സ്ഥലവും കണ്ടുപിടിച്ചു. പക്ഷെ കൂടുതല്‍ അംഗബലമുള്ള  ഗുജറാത്തികള്‍ക്ക്  ഗുജറാത്തി സെന്റര്‍ മതി. പഞ്ചാബികള്‍ക്ക് അവരുടെ സെന്ററും. ഒടുവില്‍ മലയാളികളും, അംഗസംഖ്യ കുറഞ്ഞ ബംഗാളികളും മാത്രം ഒരു തട്ടില്‍ അവശേഷിച്ചു.

ഇന്ത്യാ സെന്റര്‍ നടക്കില്ലെന്നു കണ്ടപ്പോള്‍ ഒരു കേരളാ സെന്റര്‍ എന്നായി ചിന്ത. ഡോ. തോമസ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സെന്റർ സ്ഥാപിക്കാൻ തീരുമാനമായി.   അതിനായി 1989-ല്‍ വി.പി. മേനോന്റെ അധ്യക്ഷതയില്‍ ഇന്നത്തെ സന്തൂര്‍ ഹോട്ടലില്‍ യോഗം ചേര്‍ന്നു. പക്ഷെ കേരള കള്‍ച്ചറല്‍ അസോസിയേഷന് താത്പര്യമില്ല. അവര്‍ക്ക് സ്വന്തം സെന്റര്‍ വേണം. ഫൊക്കാനയ്ക്കും താത്പര്യമില്ല. ചുരുക്കത്തില്‍ സംഘടനാപരമായി കാര്യം നടക്കില്ലെന്ന് വ്യക്തമായി.

പിന്നീട് വി.പി മേനോന്‍, ഡോ. തോമസ് ഏബ്രഹാം, സെന്ററിന്റെ ആദ്യ സെക്രട്ടറിയായ മുകള്‍ ബേബിക്കുട്ടി തുടങ്ങിയവര്‍ സംയുക്തമായി രംഗത്തുവന്നു. അന്തരിച്ച ടി.പി മേനോന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. യേശുദാസും ഈ ആശയത്തോട് യോജിച്ചു.

എന്നാല്‍ മലയാളികളിൽ  99 % പേരും എതിരായിരുന്നു. ആയിടയ്ക്ക് ഇ.കെ. നായനാരും ഗൗരിയമ്മയും ഇവിടെ വരികയുണ്ടായി. അതുകഴിഞ്ഞപ്പോള്‍ സെന്റര്‍ മാക്‌സിന്റെ പാര്‍ട്ടിയുടെ കേന്ദ്രമാകും എന്നു പ്രചാരണം വന്നു. പള്ളിക്കാരും എതിര്.

എന്നാല്‍ എം.ജി ജോണ്‍ ശക്തമായി സെന്ററിനുവേണ്ടി നിലകൊണ്ടു. ആന്‍ഡ്രൂ പാപ്പച്ചന്‍, വര്‍ഗീസ് ചാണ്ടി എന്നിവര്‍ പേരില്‍ സിവിക് സെന്റര്‍ എന്നുകൂടി ചേര്‍ക്കാന്‍ നിര്‍ദേശിച്ചു.

മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഒടുവില്‍ 80 പേര്‍ 750 ഡോളര്‍ പലതവണകളായി നല്‍കാമെന്നേറ്റു. സെന്ററിന്റെ ശ്രമം ശക്തിപ്രാപിച്ചു.

അങ്ങനെ എല്‍മോണ്ടില്‍ വില്‍ക്കാനിട്ടിരുന്ന വൈ.എം.സി.എ കെട്ടിടം കണ്ടു. അര ഏക്കറിലധികം സ്ഥലവും നാലു പ്രൊപ്പർട്ടിയും . നല്ല സൗകര്യം. 4,50,0 00 ഡോളര്‍ വില. 50,000 കൊടുത്തു. ഉടമ തന്നെ 4 ലക്ഷം മോര്‍ട്ട്‌ഗേജ്  നല്‍കി. അല്ലായിരുന്നെങ്കില്‍ വാങ്ങാന്‍ സാധ്യത കുറവായിരുന്നുവെന്ന് സ്റ്റീഫന്‍.

പക്ഷെ 4000 ഡോളര്‍ പ്രതിമാസം  മോര്‍ട്ട്‌ഗേജ് അടയ്ക്കണം. അന്നൊക്കെ വല്ല പ്രോഗ്രാമും ഹാളില്‍ നടന്നാല്‍ കിട്ടുന്നത് 250 ഡോളര്‍. അതിനുവേണ്ടി രാത്രി രണ്ടുവരെ താനും തമ്പി തലപ്പള്ളിയുമൊക്കെ സഹായവുമായി ഓടി നടന്നത് സ്റ്റീഫന്‍ ഓര്‍ക്കുന്നു. ഇതിനിടെ 15,000 ഡോളര്‍ നല്‍കി ഗ്രാന്‍ഡ് പേട്രന്‍ എന്ന തസ്തിക സൃഷ്ടിച്ച് കുറച്ചുപേരെ ചേര്‍ത്തു. ശ്രീധരമേനോനാണ് അവിസ്മരണീയമായ സഹായവുമായി രംഗത്തുവന്നത്. ആളുകള്‍ സമാഹരിക്കുന്ന തുകയ്‌ക്കൊപ്പം 50,000 ഡോളർ  നല്‍കാമെന്ന് അദ്ദേഹവും ഏറ്റു. 10,000 ഡോളര്‍ ലോണ്‍ ആയി നല്‍കുന്നവര്‍ക്ക് ട്രസ്റ്റി ബോര്‍ഡില്‍ അംഗത്വം നല്‍കി. ഇപ്പോഴും സെന്റര്‍ വില്‍ക്കാനും മറ്റും ഈ ട്രസ്റ്റിമാരുടെ അനുമതി വേണം.

ചിക്കാഗോയിലുള്ള ഡോ. എം. അനിരുദ്ധൻ, വാഷിംഗ്ടണിലുള്ള ദോ. ജോയി ചെറിയാൻ ഒക്കെ സെന്ററിന്റെ അംഗങ്ങളാണ്. ചുരുക്കമായി നോര്‍ത്ത് ഇന്ത്യക്കാരുമുണ്ട്.

എന്തായാലും 1999-ല്‍ മോര്‍ട്ട്‌ഗേജ് അടച്ചുതീര്‍ത്തു. അതോടെ വലിയ ഭാരം ഇല്ലാതായി. ഇപ്പോള്‍ കിട്ടുന്ന തുക കൊണ്ട് ചെലവുകള്‍ ഭംഗിയായി നടന്നുപോകും. ഒന്നരലക്ഷത്തോളം ഡോളറാണ് ട്രസ്റ്റിമാരില്‍ നിന്നും മറ്റുമുള്ള ലോണ്‍ കൊടുതു തീർക്കാനുള്ളത്. വിറ്റാല്‍ പക്ഷെ രണ്ട് മില്യന്‍ വരെ കിട്ടാം.

സെന്റര്‍ സ്ഥാപിക്കുന്നതിന് എത്രയധികം ത്യാഗം സഹിച്ചിട്ടുണ്ടെന്നറിയില്ലെന്ന് സ്റ്റീഫന്‍. നാട്ടുകാരോട് മുഴുവന്‍ തെണ്ടി എന്നു പറയാം. അന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ജോര്‍ജ് പട്ടാകിയുമായി നല്ല ബന്ധമായിരുന്നു. അതിനാല്‍ 56,000 ഡോളർ വരുന്ന പ്രോപ്പര്‍ട്ടി ടാക്‌സ് ഒഴിവാക്കാൻ  സ്റ്റേറ്റ് സെനറ്റിനെക്കൊണ്ട്  നിയമം  പാസാക്കിയെടുക്കാന്‍ കഴിഞ്ഞു. അതു വലിയൊരു സഹായമായി.

കെട്ടിടത്തിന്റെ റിനോവേഷന്‍ കഴിഞ്ഞപ്പോള്‍ എ.സിയും, ഹീറ്ററും സ്ഥാപിക്കണം. അന്നു സഹായവുമായി വന്ന കുര്യന്‍ ചാക്കോയെ (ഡയമണ്ട് മോനി) ഒരിക്കലും മറക്കാനാവില്ല.

ഇപ്പോള്‍ മലയാളി സംഘടനകള്‍ക്ക് 1000 ഡോളര്‍ നല്‍കി അംഗമാകാം. സംഘടനയിലെ ഒരാളെ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യാം. മാസത്തില്‍ ഒരു തവണ കോണ്‍ഫറന്‍സ് ഹാള്‍ ഉപയോഗിക്കാം. ഗോപിയോ, സീനിയേഴ്‌സിന്റെ സംഘടന നിയാസ്‌ക, പൊളിറ്റിക്കല്‍ ഫോറം എന്നിവ സെന്റര്‍ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചുവന്നത്.

സഹായിച്ചവരില്‍ മറക്കാനാവാത്ത  വേറെയും പേരുകളുണ്ട്.   ഡോ. ഇ.ജെ. കുര്യാക്കോസ്, ന്യു ജേഴ്‌സിയിൽ നിന്നുള്ള ദിലീപ് വർഗീസ് തുടങ്ങിയവർ.   ഇപ്പോള്‍ സെന്ററില്‍ 320 ഡോണര്‍ മെമ്പേഴ്‌സും, 128 പെയ്ഡ് മെമ്പേഴ്‌സുമുണ്ട്.

പുതിയ തലമുറയും സംഘടനകളും സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുവരണമെന്ന് സ്റ്റീഫന്‍ പറയുന്നു. സെന്റര്‍ വ്യക്തികളുടെ പേരില്‍ തുടങ്ങാന്‍ നിര്‍ദേശം വന്നെങ്കിലും കമ്യൂണിറ്റിയുടെ പേരില്‍ തന്നെ വാങ്ങാനാണ് താന്‍ നിര്‍ബന്ധംപിടിച്ചത്.

ഇപ്പോള്‍ സര്‍ഗ്ഗവേദിയും സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. ത്യാഗങ്ങള്‍ സഹിച്ചിട്ടായാലും സെന്റര്‍ സ്ഥാപിക്കാനായതില്‍ സന്തോഷമുണ്ട്.  അതിനുള്ള പ്രയത്‌നം പാഴായി എന്നു ഒരിക്കലും തോന്നിയിട്ടില്ല.

ഇനിയുമുണ്ട് ചരിത്രം. കേരള സെന്റര്‍ വാങ്ങുന്ന കാലത്ത് ഭാര്യ നല്‍കിയ പിന്തുണ സ്റ്റീഫന്‍ ഓര്‍ക്കുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങും. ഒരു നേരത്താണ് തിരിച്ചു വരിക. എന്നാലും പരാതിയില്ല. അക്കാലത്ത് വര്‍ഗീസ് തെക്കേക്കരയും ഭാര്യ മറിയാമ്മയും നല്‍കിയ സഹകരണങ്ങളും മറക്കാനാവുന്നതല്ല.

ഇനി വ്യക്തിപരമായ കാര്യങ്ങൾ. ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും പുറത്താക്കിയ ചരിത്രമുണ്ട് സ്റ്റീഫന്. (വിശദമായ ലേഖനം ചുവടെ) ഉഴവൂരില്‍   സ്‌കൂളില്‍ നിന്നു പുറത്തായപ്പോള്‍ ജോസഫ് ചാഴികാടന്‍ എംഎല്‍എ ഇടപെട്ട് തിരുവനന്തപുരത്ത് സ്‌കൂളിലാക്കി. പിന്നീട് മാര്‍ ഈവാനിയോസ് കോളജില്‍നിന്ന് പുറത്തായി. ഈ കാലത്തൊക്കെ തീവ്രമായ ദുരിതാനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ നടന്ന ചരിത്രമുണ്ടെന്ന് പറഞ്ഞാല്‍ ഏറെക്കുറെ  അക്കാലത്തെ വിഷമതകളെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ.

തുടര്‍ന്ന് ബാംഗ്ലൂരില്‍ മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസില്‍ ക്ലാര്‍ക്കായി. അവിടെനിന്ന് ടെസ്പൂര്‍, പാട്‌ന എന്നിവടങ്ങളിലേക്ക് സ്ഥലംമാറ്റം വന്നു. പാട്‌നയില്‍ വച്ച് ജയപ്രകാശ് നാരായന്റെ പ്രക്ഷോഭത്തില്‍ പങ്കാളിയായി. ജെ.പിയുടെ കിച്ചണിൽ  ആറുമാസം പ്രവര്‍ത്തിച്ചു. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് യോഗയോടെ തുടക്കം. ഒരുപാട് കാര്യങ്ങള്‍ അവിടെനിന്ന് പഠിച്ചു. എമന്‍ജന്‍സി പ്രഖ്യാപിക്കുമ്പോള്‍ അവിടെയായിരുന്നു. അന്നു വേട്ടയാടപ്പെട്ട ജോര്‍ജ് ഫെര്‍ണാണ്ടസ്  തന്റെ മുറിയില്‍ ഒളിവില്‍ കഴിഞ്ഞു.

പാട്‌നയില്‍ ഏറെ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാനായി. കന്യാസ്ത്രീകള്‍ നടത്തുന്ന മുക്കാമ ഹോസ്പിറ്റലും ഇതില്‍പ്പെടും.  അവിടെ വച്ചാണ് ഭാര്യ ചിന്നമ്മയെ കണ്ടെത്തുന്നത്.  കന്യാസ്ത്രികളാണ് വിവാഹക്കാര്യം  ആദ്യം പറഞ്ഞത്. വിവാഹാലോചന വന്നപ്പോള്‍ കടുത്ത എതിര്‍പ്പ്. രാഷ്ട്രീയബന്ധം തന്നെ കാരണം. ഇരുവരും ക്‌നാനായ കുടുംബങ്ങളില്‍ നിന്നുള്ളവരാണെങ്കിലും അന്ന് അതൊന്നും ചിന്തിച്ചതേയില്ലെന്ന് സ്റ്റീഫന്‍. ഇവിടെ വന്നപ്പോഴാണ് അത് മനസിലാക്കുന്നത്. ഭാര്യയുടെ  ശക്തമായ നിലപാട് മൂലം വിവാഹം നടന്നു.

ഇരുവർക്കും രണ്ട് മക്കൾ. മകന്‍ സനോജ് സ്റ്റീഫന്‍ അറ്റോര്‍ണിയും മകള്‍ ഡെയ്‌സി സ്റ്റീഫന്‍ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റുമാണ്. നാല് കൊച്ചുമക്കളുമുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനകാലത്ത് 1966-ല്‍ തീവണ്ടി തടയാന്‍ പാളത്തില്‍ കിടന്നതാണ്. സി.ആര്‍.പി.എഫുകാരന്‍ തോക്കിന്റെ പാത്തികൊണ്ട് തല്ലി. നട്ടെല്ല് പൊട്ടി. ആ വേദനയുമായി ഏറെനാൾ നടന്നു. ഉത്തരേന്ത്യയിൽ വച്ച്  എ.കെ.ജിയുടെ സഹായത്താല്‍ മുഖോപാധ്യായ  എന്നൊരു ഡോക്ടറെ കണ്ടെത്തി. അന്നൊക്കെ വിദഗ്ധ ഡോക്ടര്‍മാരെ കണ്ടെത്താന്‍ പാട്. പാട്‌ന മെഡിക്കല്‍ കോളജില്‍ വച്ച് 1972-ല്‍ സര്‍ജറി നടത്തി.

അമേരിക്കയിലെത്തിയശേഷം 1985 മുതല്‍ രണ്ടുകൊല്ലത്തോളം അനങ്ങാന്‍ വയ്യാത്ത സ്ഥിതി വന്നു. വീണ്ടും സര്‍ജറി ചെയ്താല്‍ ഇരുപത് ശതമാനത്തിലധികം ഫലസാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഭാഗ്യത്തിന് പാക്കിസ്ഥാനില്‍ ജനിച്ച് തമിഴ്നാട്ടുകാരനെ  വിവാഹം കഴിച്ച കമല അയ്യര്‍ എന്നൊരു ഡോക്ടറാണ് തുണയായത്. പ്രത്യേക ഫിസിയോതെറാപ്പിയാണ് അവര്‍ നിര്‍ദേശിച്ചത്. അതു ഫലിച്ചു.

അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അതിപ്പോള്‍ നാട്ടില്‍ പ്രാവര്‍ത്തികമാക്കിവരുന്നു. ബ്ലോസം  ഹെല്‍ത്ത് കെയര്‍ എന്നൊരു സംരംഭം സ്റ്റീഫന്‍ ഉഴവൂരില്‍ തുടങ്ങി. നട്ടെല്ലിന് ക്ഷതമേറ്റവര്‍, സ്‌ട്രോക്ക് വന്നവര്‍ തുടങ്ങിയവരൊക്കെ ചികിത്സ തേടി വരുന്നു. ആംബുലന്‍സില്‍ വന്ന പലരും പിന്നീട് നടന്നുപോകുന്നു. ഇതൊന്നും തന്റെ മിടുക്കല്ല. ആരോടും പണം വാങ്ങാറുമില്ല. ഭാര്യയും മക്കളുമാണ് സഹായിക്കുന്നത്.

സ്വിമ്മിംഗ് പൂളില്‍ വച്ചു ചെയ്യുന്ന ഇലക്ട്രിക് മസാജും മറ്റുമാണ് ഫലം ചെയ്യുന്നത്. ആദ്യം എം.ആര്‍.ഐ എടുക്കും. ന്യൂറോ സര്‍ജന്‍മാരെ കാണിച്ച് പ്രശ്‌നം എവിടെ, എങ്ങനെ എന്നു മനസിലാക്കും. ആ ഭാഗത്ത് മസാജ് ചികിത്സയും മറ്റുമാണ് നടത്തുന്നത്. അത് നല്ലവണ്ണം ഫലിക്കുന്നു. സ്വയം ആരോഗ്യം നേടാനുള്ള സംവിധാനമൊക്കെ മനുഷ്യശരീരത്തില്‍ തമ്പുരാന്‍ ഉണ്ടാക്കിവച്ചിട്ടുണ്ടെന്ന് സ്റ്റീഫന്‍ പറയുന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ അപകടം പറ്റിയശേഷം അമേരിക്കയില്‍   നടത്തിയ ചികിത്സയില്‍ നീന്തല്‍ പ്രധാന ഇനമായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ വസതിയില്‍ നീന്തല്‍കുളം ഉണ്ടാക്കിയത് വിവാദമായതു മറക്കുന്നില്ല.

ഇതൊക്കെയാണെങ്കിലും ഒന്നും സ്വന്തമല്ലെന്നാണ് സ്റ്റീഫന്‍ വിശ്വസിക്കുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുന്നു. അത്രമാത്രം. അവിടെ പണത്തിന്റെ പ്രശ്‌നമില്ല. ഈ ചെറിയ ജീവിതത്തിൽ ഇത്രയൊക്കെ ചെയ്യാനായതിൽ സന്തോഷം.

ഒരുപറ്റം രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ നീന്തല്‍കുളത്തിന്റെ പ്രധാന്യത്തെപ്പറ്റി ഇപ്പോള്‍ വാചാലനാകുന്ന  സ്റ്റീഫന്റെ നേത്രുത്വത്തിൽ   കേരളാ സെന്റര്‍ കെട്ടിടം വാങ്ങുമ്പോള്‍ അതിന്റെ ബേസ്മെന്റ്  ഒരു പൂള്‍ ആയിരുന്നു.! അത് നികത്തിയാണ് കേരളാ സെന്റര്‍ രൂപംകൊണ്ടത്.

വര്‍ഷമിത്ര കഴിഞ്ഞിട്ടും മനസ് ഇപ്പോഴും ഇവിടെയില്ലെന്ന് സ്റ്റീഫന്‍!!

അമേരിക്കയിലെ ഇ.എം.എസ്സ്. -ലാലു ജോസഫ് (2017-ൽ എഴുതിയത്)

ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള കേരള സെന്റര്‍ കാല്‍നൂറ്റാണ്ട് തികയ്ക്കുകയാണ്. 1992 നവംബറില്‍ 7 ലക്ഷം ഡോളര്‍ ചെലവിട്ട് സ്ഥാപിച്ച സെന്റര്‍ അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുദ്ദേശച്ചാണ് തുടങ്ങിയത്. ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്റ് സിവിക്ക് സെന്റാണ് ഇപ്പോഴത്തെ  കേരള സെന്ററായത്.

ഉഴവൂര്‍ എലവുങ്കല്‍ മാത്യു സ്റ്റീഫന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനാണ് സെന്റര്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത്. അമേരിക്കയിലെ ഇ.എം.എസ്സ്. എന്നറിയപ്പെടുന്ന ഈ എഴുപത്തിരണ്ടുകാരന്‍ നാല്‍പതുവര്‍ഷമായി അമേരിക്കയിലാണെങ്കിലും നാടും നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിട്ടില്ല.

കേരളത്തിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടേതിനു സമാനമായ ഭൂതകാലമാണ് സ്റ്റീഫന്റേയും. മുത്തച്ഛന്‍ എസ്തപ്പാന്‍ സ്റ്റേറ്റ്  കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. എങ്കിലും ഉഴവൂരിലെ ആദ്യ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പിതൃസഹോദരന്‍ മാത്യുവിന്റെ പാതയാണ് സ്റ്റീഫന്‍ പിന്തുടര്‍ന്നത്.

പളളിയുടെ ഉടമസ്ഥതയിലുള്ള ഉഴവൂര്‍ സ്‌ക്കൂളില് കെഎസ്എഫ് യൂണിറ്റ് തുടങ്ങാന്‍ സ്റ്റീഫന്‍ ശ്രമിച്ചു. കറുച്ചിത്താനം എന്‍.എസ്.എസ്. സ്‌ക്കൂളിലെ കെ.എസ്.എഫ്. പ്രവര്‍ത്തകരുമായി ചേര്‍ന്ന്, സ്‌ക്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരം 5 മണിവരെ അനുവദിച്ചിരുന്ന കാല്‍പന്തും, വോളിബോളും കളിക്കാനുള്ള സമയത്ത് ക്ലാസ്‌റൂമില്‍ എസ്.എഫ്.ന്റെ യോഗം ചേര്‍ന്നു. വാച്ചര്‍ നല്‍കിയ വിവരമനുസരിച്ച് പ്രിന്‍സിപ്പലച്ചന്‍ എത്തി യോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ത്താനാവില്ലെന്ന് സ്റ്റീഫനും കൂട്ടുകാരും. അച്ചന്‍ ചൂരല്‍വടി ചുഴറ്റി, കുട്ടികള്‍ ചിതറിയോടി. ഓട്ടത്തിനിടയില്‍ പ്രിന്‍സിപ്പല്‍ താഴെ വീണു. സ്റ്റീഫന്‍ തള്ളിയിട്ടതാണെന്ന് അധിക്ഷേപമുയര്‍ന്നു.

യോഗം നടത്തിയതിനും പ്രിന്‍സിപ്പലിനെ തള്ളിയിട്ടതിനും അസംബ്ലിയില്‍ മാപ്പുപറയണമെന്നായി അധികൃതര്‍. സ്റ്റീഫന്‍ വഴങ്ങിയില്ല. തേര്‍ഡ് ഫോറത്തില്‍ പഠനം നിന്നു. അടുത്ത ബന്ധുവായ ജോസഫ് ചാഴിക്കാടന്‍ എം.എല്‍.എ. സ്റ്റീഫനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. എം.എല്‍.എ. ഹോസ്റ്റലില്‍ താമസിപ്പിച്ചു. എങ്കിലും നിയമസഭ ചേരാത്ത നാളുകളില്‍ ഭക്ഷണത്തിനു വകയില്ലാതായതോടെ ചാഴിക്കാടന്‍ സ്റ്റീഫനെ   സെന്റ് ജോണ്‍സ് സ്‌ക്കൂളിലാക്കി.

എം.എല്‍.എ. ഹോസ്റ്റല്‍ താമസക്കാലത്ത് പരിചയപ്പെട്ട ജനയുഗത്തിലെ പിഷാരടിയുടെ സഹയാത്താല്‍ സ്റ്റീഫന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസിലെ സന്ദര്‍ശകനായി. പട്ടിണി കാരണം നാലാഞ്ചിറയിലെ ബ്രദറണ്‍ സഭയിലെത്തി. തിരുവനന്തപുരത്തു തുടരാനും ഇടയ്ക്കിടയ്ക്ക് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസില്‍ പോകാനുമുള്ള അവസരമാണ് ബ്രദറണ്‍ സഭ പ്രവേശനത്തോടെ ലഭിച്ചത്.

സി.അച്ചുതമേനോനായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, ഞായറാഴ്ച്ചകളില്‍ ആയുര്‍വേദ ചികിത്സയുടെ പേരുപറഞ്ഞ് സ്റ്റീഫന്‍ കൗണ്‍സില്‍ ഓഫീസിലും ആയുര്‍വേദ കോളേജിനടുത്തുള്ള പാര്‍ട്ടി ഓഫീസിലും ചെല്ലാറുണ്ടായിരുന്നു. ഒരുനാള്‍ ആയുര്‍വേദ കോളേജിനടുത്തുള്ള പാര്‍ട്ടി ഓഫീസില്‍ നിന്ന് അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കാട്ടായിക്കോണം വി.ശ്രീധറിനൊപ്പം പുറത്തേക്കു വന്ന സ്റ്റീഫനെ ബ്രദറണ്‍ സഭാ മേദാവി കണ്ടു. പിറ്റേന്ന് രാവിലെ ഒരു വണ്ടി ഏര്‍പ്പാടാക്കി ഉഴവൂരിലേക്ക് തിരികെ അയച്ചു.

ഉഴവൂരിലെ സ്‌ക്കൂളില്‍ വീണ്ടും പ്രവേശനം കിട്ടി. പത്താംതരം പാസ്സായി. മാര്‍ ഇവാനിയോസില്‍ ചേര്‍ന്നു. അവിടെ എസ്.എഫ്. യൂണിറ്റ് തുടങ്ങുകയായിരുന്നു ലക്ഷ്യം. എം.ജി.കോളേജിലെ എസ്.എഫ്. പ്രവര്‍ത്തകരെ കൂട്ടി യോഗം ചേരാന്‍ തുടങ്ങിയ സ്റ്റീഫനെ പ്രിന്‍സിപ്പല്‍ പണിക്കര്‍ അച്ചനും ബര്‍സര്‍ സൈമണ്‍ അച്ചനും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. എങ്കിലും നടന്നില്ല. കോളേജില്‍ നിന്ന് പുറത്തായി. തിരുവനന്തപുരത്ത് നിന്ന് ഉഴവൂര്‍ വരെ നടക്കുകയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സി.പി.ഐ(എം) നൊപ്പമായി സ്റ്റീഫന്‍. ഇന്ദിരാഗാന്ധി സി.ആര്‍.പി.എഫ് ഉപയോഗിച്ച് സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ക്കു നേരെ മര്‍ദ്ദനം അഴിച്ചുവിട്ടിരുന്നു. എറണാകുളത്തു നടന്ന പ്രതിഷേധറാലിയ്ക്കിടെ സി.ആര്‍.പി.എഫ്. ജവാന്‍ തോക്കിന്റെ പാത്തികൊണ്ട് സ്റ്റീഫനെ കുത്തി പരിക്കേല്‍പ്പിച്ചു. റ്റി.കെ.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ആശുപത്രിയിലാക്കി എങ്കിലും അന്നു തുടങ്ങിയ നടുവേദന നാളിതുവരെ വിട്ടുമാറിയിട്ടില്ല.

നാട്ടില്‍ നിന്നാല്‍ കുഴപ്പങ്ങളില്‍ ചാടുമെന്ന ഭയത്താല്‍ ഒരു ബന്ധുവിനൊപ്പം ബാംഗ്ലൂരില്‍ സൈനിക സെലക്ഷനയച്ചു. മിലിട്ടറി എഞ്ചിനിയറിംഗ് സർവീസിൽ പ്രവേശനം കിട്ടി. ബീഹാറിലെ ധന്‍പൂരിലുള്ള എം.ഇ.എസ്. ഓഫീസിലായിരുന്നു നിയമനം. 1970 കളില്‍ ജയപ്രകാശ് നാരായണന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു. പട്‌നയ്ക്കു സമീപമുള്ള ജെ.പി.യുടെ ആശ്രമമായി സ്റ്റീഫന്റെ താവളം. ധന്‍പൂരിലെ തന്റെ മുറിയില്‍   ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്  ഒളിവില്‍ കഴിഞ്ഞിരുന്ന കാര്യം പറയുമ്പോള്‍ സ്റ്റീറഫന് ആവേശം കയറി.

1973-ല്‍ പട്‌ന മക്കാമ ആശുപത്രിയില്‍ ജോലിയില്‍ കയറിയ സഹോദരിയെ സ്റ്റീഫന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സഹോദരിയുടെ  സഹജീവനക്കാരിയും നാട്ടുകാരിയുമായ ചിന്നമ്മയ്ക്ക് സ്റ്റീഫനെ ഇഷ്ടമായി. വീട്ടുകാര്‍ വിവാഹാലോചന നടത്തി. കമ്മ്യൂണിസ്റ്റുകാരനെക്കൊണ്ട് കൊച്ചുമകളെ കെട്ടിക്കാന്‍ ചിന്നമ്മയുടെ മുത്തച്ഛന്‍ തയ്യാറായിരുന്നില്ല. പക്ഷേ ചിന്നമ്മയുടെ ഉറച്ച തീരുമാനം വിവാഹത്തിലെത്തി. 1975-ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപനം വരുന്നതിനു മുമ്പ്  ചിന്നമ്മ അമേരിക്കയ്ക്ക് പറന്നു. രണ്ടു വര്‍ഷത്തിനുശേഷം തിരികെ എത്താമെന്ന ഉറപ്പിന്മേല്‍. 1977-ല്‍ എം.ഇ.എസിലെ ജോലി രാജിവച്ച്  സ്റ്റീഫനും ഏഴാംകടല്‍ കടന്നു.

അമേരിക്കയിലെത്തിയ സ്റ്റീഫന്‍ വെറുതെയിരുന്നില്ല. മലയാളികളെ ഒരുമിച്ചു നിര്‍ത്താന്‍ കേരള സെന്റര്‍ എന്ന ആശയത്തിന് തുടക്കമിട്ടു. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ നിരവധി മലയാളികളുടെ പ്രത്യേകിച്ച് ജോണ്‍-ശോശാമ്മ, തെക്കേക്കര വര്‍ഗ്ഗീസ്-മറിയാമ്മ ദമ്പതികളുടെ  മേല്‍നോട്ടത്തില്‍ തുക സമാഹരിച്ചാണ്  ഇന്നത്തെ കേരള സെന്റര്‍ കെട്ടിടവും സ്ഥലം വിലയ്ക്ക് വാങ്ങിച്ചത്.

ഉഴവൂരിലെ അയല്‍വാസി കെ.ആര്‍.നാരായണ്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ആയതോടെയാണ് അമേരിക്കയില്‍ മലയാളികള്‍ക്ക് നിലയും വിലയും വന്നതെന്ന് സ്റ്റീഫന്‍ പറയുന്നു. നാരായണനും പത്‌നി ഉഷാനാരായണനുമായുള്ള ബന്ധം കേരള സെന്ററിനെ ശ്രദ്ധാകേന്ദ്രമാക്കി, അമേരിക്കയിലെ  താമസകാലത്ത് ഉഷാനാരായണന്‍ മുന്നോട്ടു വച്ച ആശയമാണ്  ഉഴവൂരിലെ ബ്ലോസം ഹെല്‍ത്ത് കെയര്‍ റിസോര്‍ട്ട്. കെ.ആര്‍.നാരായണന്റെ കുടുംബവീടിനോടു ചേര്‍ന്ന 5 ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങിയാണ് സ്റ്റീഫന്‍ റിസോര്‍ട്ട് തുടങ്ങിയത്. ന്യൂയോര്‍ക്ക് ഗാര്‍ഡന്‍ സിറ്റി ഹോട്ടലിന്റെ മാതൃകയിലാണ് റിസോര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular