Saturday, May 18, 2024
HomeUSAനോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക ലോക വനിതാദിനം ആഘോഷിച്ചു

നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക ലോക വനിതാദിനം ആഘോഷിച്ചു

വിര്‍ജീനിയ: നോര്‍ത്തേണ്‍ വിര്‍ജീനിയയിലെ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക ലോക വനിതാ ദിനം വിപുലമായ പരിപാടികളോടെ മാര്‍ച്ച് ആറാംതീയതി ഞായറാഴ്ച ആഘോഷിച്ചു. ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന് സന്യസ്തം സ്വീകരിച്ച ആദ്യ മലയാളിയായ സി. ജോസ്‌ലിന്‍ എടത്തില്‍ (എം.ഡി, പി.എച്ച്.ഡി, എഫ്.എ.സി.പി) മുഖ്യാതിഥിയായിരുന്നു. പാരീഷ് കൗണ്‍സില്‍ മെമ്പര്‍ പ്രീണ റോബര്‍ട്ടും, അമൃതയും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഷിക്കാഗോ രൂപതയിലെ ഏറ്റവും പ്രായംകുറഞ്ഞ് സ്ത്രീ ട്രസ്റ്റി സ്ഥാനം അലങ്കരിക്കുന്ന, സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവകയിലെ കൈക്കാരില്‍ ഒരാളായ ഷേര്‍ലി പുളിക്കന്‍, സി. ജോസ്‌ലിന്‍ എടത്തിലിനെ വേദിയിലേക്ക് ബൊക്കെ നല്‍കി സ്വീകരിച്ചു.
ഫിലാഡല്‍ഫിയയില്‍ മലങ്കര കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോസ്‌ലിന്‍, വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അണ്ടര്‍ ഗ്രാജ്വേഷനുശേഷം പ്രശസ്തമായ പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഡി, പി.എച്ച്.ഡി ഡ്യുവല്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി. ടെംപിള്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റേണല്‍ മെഡിസിനില്‍ റെസിഡന്‍സി ചെയ്ത ശേഷം അവിടെതന്നെ അസോസിയേറ്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഈ വനിതാരത്‌നം, സിസ്റ്റേഴ്‌സ് ഓഫ് ദി ഇമിഗ്രേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന സന്യാസ സഭയില്‍ നിന്നും 2016-ലാണ് തന്റെ വ്രതവാഗ്ദാനം നടത്തി, അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ സന്യാസിനിയായി മാറിയത്. ടെംപിള്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരിക്കുന്നതിനോടൊപ്പം പേഷ്യന്റ് എക്‌സ്പീരിയന്‍സ് ഓഫീസര്‍ കോ- ചീഫ് പദവിയും അലങ്കരിക്കുന്ന സി. ജോസ്‌ലിന്‍ നാഷണല്‍, ഇന്റര്‍നാഷണല്‍ തലങ്ങളില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
ഒരു കത്തോലിക്കാ ഇടവക, വനിതാ ദിനം ആഘോഷിക്കുന്നതിന്റെ സന്തോഷവും പ്രാധാന്യവും സിസ്റ്റര്‍ തന്റെ പ്രസംഗത്തില്‍ പ്രകടിപ്പിച്ചു. സ്ത്രീയുടെ അസ്ഥിത്വവും പ്രാധാന്യവും ബൈബിളിന്റെ കാഴ്ചപ്പാടില്‍ വ്യക്തമാക്കുവാന്‍ പഴയ നിയമത്തില്‍ നിന്നുള്ള, രൂത്ത്, ജൂഡിത്ത്, എസ്‌തേര്‍ എന്നീ പുസ്തകങ്ങളെ പരാമര്‍ശിച്ചുകൊണ്ട് സിസ്റ്റര്‍ ജോസ്‌ലിന്‍ സംസാരിച്ചു.
പുതിയ നിയമത്തില്‍ നിന്നുള്ള സ്ത്രീ ആയ മഗ്ദലന മറിയം ആണ് ഈശോയുടെ ഉയര്‍ത്തെഴുന്നേല്‍പ് ആദ്യമായി അറിയുന്നത്. മഗ്ദലന മറിയം ആ വാര്‍ത്ത ശിഷ്യന്മാരെ അറിയിച്ചപ്പോള്‍ അവര്‍ ആദ്യത്തെ അപോസ്‌തോല ആയി. ഈശോയുടെ ‘അമ്മ- കന്യകാ മറിയം- രക്ഷരപദ്ധതിക്ക് സമ്മതംമൂളിയപ്പോള്‍ അവള്‍ ലോകത്തിനു മുഴുവന്‍ രക്ഷയുടെ ‘അമ്മ’യായി.  യുദ്ധത്തിന്റെ കരിനിഴല്‍വീണ ഇക്കാലത്ത് സ്‌നേഹത്തിന്റേയും സമര്‍പ്പണത്തിന്റേയും പരിപാലനയുടേയും പ്രതീകമായി നിലനില്‍ക്കാന്‍ സ്ത്രീക്കാണ് കഴിയുക. അമേരിക്കയില്‍ ജീവിക്കുന്ന മലയാളി സ്ത്രീ അഭിമുഖീകരിക്കുന്നത് വ്യത്യസ്തമായ ജീവിത പ്രശ്‌നങ്ങളാണ്. നമ്മുടെ സംസ്‌കാരത്തിനൊപ്പം ആധുനിക മൂല്യങ്ങളേയും അംഗീകരിക്കാനും, വളര്‍ത്തുവാനും, അവ പുതിയ തലമുറയ്ക്ക് പകരുവാനും കഴിയുക എന്നത് തികച്ചും സങ്കീര്‍ണ്ണമാണ്. അതിനൊപ്പം മാറ്റപ്പെടേണ്ട പല സാമൂഹ്യ പ്രശ്‌നങ്ങളുമുണ്ട്. വളരെ സെക്കുലര്‍ ആയ ടെംപിള്‍ യൂണിവേഴ്‌സിറ്റി, 2021-ല്‍ പേഷ്യന്റ് എക്‌സ്പീരിയന്‍സ് ഓഫീസര്‍ കോ- ചീഫ് ആയി തന്നെ തെരഞ്ഞെടുത്തപ്പോള്‍ അസാധ്യമായി തോന്നുന്ന ആ ഗ്ലാസ് സീലിംഗ് സാധിച്ചത് അനല്പമായ സന്തോഷം നല്‍കുകയും, ദൈവ കൃപയിലുള്ള വിശ്വാസം ദൃഢമാക്കുകയും ചെയ്തു. പ്രാതിനിധ്യത്തിന്റെ പ്രാധാന്യം (റെപ്രസന്റേഷന്‍ മാറ്റേഴ്‌സ്) പറഞ്ഞുകൊണ്ട് സി. ജോസ്‌ലിന്‍ തന്റെ പ്രസംഗം നിര്‍ത്തിയപ്പോള്‍ തികഞ്ഞ കൈയ്യടിയോടെ ഇടവക സമൂഹം ആ വാക്കുകള്‍ ഏറ്റെടുത്തു. ഒരു കന്യാസ്ത്രീ ഇത്ര ഉജ്വലവും ആധികാരികവുമായി സംസാരിക്കുന്നത് പലര്‍ക്കും ആദ്യ അനുഭവമായിരുന്നു. ലോക മലയാളി സമൂഹത്തിന് തന്നെ അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് സി. ജോസ്‌ലിന്റെ ജീവിതവും പ്രവര്‍ത്തനമേഖലകളും.
തുടര്‍ന്നു നടന്ന കലാവിരുന്നില്‍ ഇടവകയിലെ കുടുംബകൂട്ടായ്മകള്‍ തികച്ചും വ്യത്യസ്തവും, മനോഹരവുമായ കലാപരിപാടികള്‍ അവതരിപ്പിച്ചു. ‘ബ്രേക്ക് ദി ബയസ്’ എന്ന ഇത്തവണത്തെ വനിതാദിന സന്ദേശം വ്യക്തമാക്കുന്ന നിരവധി സ്‌കിറ്റുകളും ഡാന്‍സുകളും ഉള്‍പ്പെട്ടതായിരുന്നു കലാപരിപാടികള്‍. സ്ത്രീകള്‍ക്കൊപ്പം ഇടവകയിലെ പുരുഷന്മാരും കുട്ടികളും യുവജനങ്ങളും ഒന്നടങ്കം പങ്കെടുത്ത അവിസ്മരണീയമായ ഒരു ആഘോഷമായിരുന്നു ഇത്.
നിസഹായരും, അശരണരുമായ സ്ത്രീകള്‍ക്കുവേണ്ടി കേരളത്തില്‍ – മലയാറ്റൂര്‍, കോളയാര്‍, വടക്കാഞ്ചേരി, തങ്കമണി എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘ദൈവദാന്‍ സെന്ററിനെ’ സഹായിക്കാവാനുള്ള സെന്റ് ജൂഡ് ഇടവകയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സെന്റ് ജൂഡ് വിമന്‍സ് ഗ്രൂപ്പ് (വിങ്‌സ്) പ്രസിഡന്റ് ഷേര്‍ലി ദിലീപും, നീന സുജിത്തും ചേര്‍ന്ന് വിശദീകരിച്ചു.
ഉച്ചയൂണോടെ പരിപാടികള്‍ സമാപിച്ചു. ഇടവകയില്‍ ആദ്യമായി നടത്തപ്പെട്ട ലോക വനിതാദിന പരിപാടികള്‍ ഇടവക സമൂഹത്തിന് കോവിഡ് കാലത്തിനുശേഷം ഒന്നിച്ച് കൂടുവാനും ആഘോഷിക്കാനുമുള്ള നല്ലൊരു അവസരമായി മാറി.

റോണി തോമസ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular