Friday, May 17, 2024
HomeKeralaസ്ത്രീകളെ അടിമകളാക്കി 30 വര്‍ഷം പീഡിപ്പിച്ച മലയാളി 'കോമ്രേഡ് ബാല' ബ്രിട്ടനിലെ ജയിലില്‍ മരിച്ചു

സ്ത്രീകളെ അടിമകളാക്കി 30 വര്‍ഷം പീഡിപ്പിച്ച മലയാളി ‘കോമ്രേഡ് ബാല’ ബ്രിട്ടനിലെ ജയിലില്‍ മരിച്ചു

സ്ത്രീകളെ അടിമകളാക്കി 30 വര്‍ഷം പീഡിപ്പിച്ച മലയാളി ‘കോമ്രേഡ് ബാല’ ജയിലില്‍ മരിച്ചു. അരവിന്ദന്‍ ബാലകൃഷ്ണന്‍ (81) എന്ന കോംറേഡ് ബാലയാണ് ലണ്ടനിലെ ജയിലില്‍ മരിച്ചത്.

തനിക്ക് ദൈവതുല്യമായ ശക്തിയുണ്ടെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിച്ചാണ് സൗത് ലണ്ടനിലെ വീട്ടില്‍ സ്ത്രീകളെ തടവിലാക്കുകയും ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂര ആക്രമണങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്തത്.

സൗത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലായിരുന്നു താമസം. സ്ത്രീകളെ തടവിലാക്കാനായി വീടിനോട് ചേര്‍ന്ന് പ്രത്യേക കേന്ദ്രവും ഒരുക്കിയിരുന്നു. കൂടാതെ, ജാക്കി എന്നു പേരുള്ള മനുഷ്യനിര്‍മിത റോബോട്ടിനെ ഉപയോഗിച്ച്‌ തടവിലുള്ള സ്ത്രീകളെ ഭയപ്പെടുത്തുകയും ചെയ്തു.

ജാക്കിക്ക് മനുഷ്യരുടെ മനസ്സ് വായിക്കാനാകുമെന്ന് പറഞ്ഞാണ് സ്ത്രീകളെ അടിമകളാക്കിയത്. 2016ലാണ് സ്ത്രീകളെ അടിമകളാക്കി താമസിപ്പിച്ചിരുന്ന കേന്ദ്രത്തെ കുറിച്ചും ഇദ്ദേഹത്തിന്‍റെ ക്രൂരകൃത്യങ്ങളെ കുറിച്ചും പുറംലോകം അറിയുന്നത്. 1970 മുതല്‍ ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.

അരവിന്ദന്‍ ബാലകൃഷ്ണനും പീഡനത്തിനിരയായ സ്ത്രീകളും

സൗത് വാര്‍ക്ക് ക്രൗണ്‍ കോടതിയിലെ വിചാരണക്കിടെ, രണ്ടു അനുയായികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ബാല പീഡനം, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, മര്‍ദനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ഇദ്ദേഹത്തിനെതിരെ തെളിഞ്ഞു. പിന്നാലെ ഇദ്ദേഹത്തെ 23 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. പ്രിന്‍സ്ടൗണിലെ എച്ച്‌.എം ഡര്‍റ്റ്മൂര്‍ ജയിലില്‍ ശിക്ഷ അനുവഭിക്കുന്നതിനിടെയാണ് മരണം.

കേരളത്തില്‍ ജനിച്ച ബാല, പിതാവിനോടൊപ്പം സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു. അവിടെ ബിരുദ പഠനം പൂര്‍ത്തിയാക്കി. പിന്നാലെ 1963ല്‍ ബ്രിട്ടനിലേക്ക് കുടിയേറി. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് മറ്റൊരു ബിരുദവും കരസ്ഥമാക്കി.

പിന്നാലെ യു.കെയിലെ രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടാന്‍ തുടങ്ങി. ഒരു ‘വിപ്ലവ സോഷ്യലിസ്റ്റ്’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. പൊതുവേദികളില്‍ സംസാരിക്കാനും സഹ വിദ്യാര്‍ഥികളെ തന്‍റെ ആശയങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രത്യേകിച്ചും മലേഷ്യന്‍ നഴ്‌സുമാരെ തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി അദ്ദേഹം ഉപയോഗപ്പെടുത്തി.

അരവിന്ദന്‍ ബാലകൃഷ്ണയുടെ ലണ്ടനിലെ വീട്

1970ല്‍ ലണ്ടനില്‍ ഫാഷിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ‘വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം-ലെനിനിസം-മാവോ സേതുങ് തോട്ട്’ എന്ന പേരില്‍ കേന്ദ്രം തുടങ്ങി. അദ്ദേഹത്തെ കോമ്രേഡ് ബാല എന്ന വിളിക്കാന്‍ അനുയായികളെ നിര്‍ബന്ധിക്കുകയും ചെയ്തു. ‘തൊഴിലാളി വര്‍ഗത്തിന്റെ അന്താരാഷ്ട്ര സ്വേച്ഛാധിപത്യം’ സ്ഥാപിക്കാന്‍ തനിക്കും ചൈനീസ് സ്വേച്ഛാധിപതി മാവോ സേതുങ്ങിനും മാത്രമേ അധികാരമുള്ളൂ എന്നായിരുന്നു സംഘത്തിന്റെ വിശ്വാസം.

കാലക്രമേണ, അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമാകുകയും അനുയായികളെ പലവിധ പീഡനങ്ങള്‍ക്ക് വിധേയമാക്കാനും തുടങ്ങി. തടവില്‍നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന്‍റെ മകള്‍ കാറ്റ് മോര്‍ഗനും പിതാവിന്‍റെ ക്രൂരത ലോകത്തോട് വെളിപ്പെടുത്തിയിരുന്നു.

അരവിന്ദന്‍ ബാലകൃഷ്ണയുടെ പഴയ കാല ചിത്രം

ചിറകുകള്‍ മുറിച്ച ഒരു കൂട്ടിലടച്ച പക്ഷിയെപ്പോലെയായിരുന്നു തന്‍റെ ജീവിതമെന്ന് മോര്‍ഗന്‍ അന്ന് പറഞ്ഞിരുന്നു. 2013ലാണ് പിതാവിന്‍റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുന്നത്. ന്യൂസ് ചാനലിലൂടെ കിട്ടിയ ഒരു സന്നദ്ധ സംഘടനയുടെ നമ്ബറില്‍ വിളിച്ച്‌, അവരുടെ സഹായത്തോടെയാണ് രക്ഷപ്പെടുന്നത്. ഒരു മനോരോഗിയും നാര്‍സിസ്റ്റുമായാണ് മകള്‍ പിതാവിനെ വിശേഷിപ്പിക്കുന്നത്. പതിവായി മര്‍ദിക്കുന്ന പിതാവ്, നഴ്‌സറി ഗാനങ്ങള്‍ ആലപിക്കുന്നതിനോ, സ്കൂളില്‍ പോകുന്നതിനോ സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനോ വിലക്കിയിരുന്നു.

പിതാവിന്റെ അനുയായി സിയാന്‍ ഡേവിസ് എന്നറിയപ്പെടുന്ന സഖാവ് സിയാന്‍ അവളുടെ അമ്മയാണെന്ന കാര്യ പോലും കൗമാരപ്രായത്തിലാണ് മോര്‍ഗന്‍ തിരിച്ചറിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular