Saturday, May 4, 2024
HomeIndiaപത്ത് മാസത്തിന് ശേഷം വീണ്ടും ത്രിപുര ചുവക്കുമോ ? സി പി എം കോട്ടയില്‍ താമര...

പത്ത് മാസത്തിന് ശേഷം വീണ്ടും ത്രിപുര ചുവക്കുമോ ? സി പി എം കോട്ടയില്‍ താമര വിരിയിച്ച ബിപ്ലവിനെ മാറ്റാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത് ഈ കാരണങ്ങള്‍

അഗര്‍ത്തല : നിയമസഭ തിരഞ്ഞെടുപ്പിന് കേവലം പത്ത് മാസം അവശേഷിക്കുമ്ബോള്‍ മുഖ്യമന്ത്രിയെ മാറ്റാനുള്ള ആത്മവിശ്വാസം ബി ജെ പിക്ക് മാത്രമേയുള്ളു എന്ന് കാണരുത്.

പഞ്ചാബില്‍ കോണ്‍ഗ്രസും കഴിഞ്ഞ തവണ പരീക്ഷിച്ച തന്ത്രമായിരുന്നു അത്. എന്നാല്‍ കോണ്‍ഗ്രസിന് കാലിടറിയപ്പോള്‍ സമാന തന്ത്രം ഉത്തരാഖണ്ഡില്‍ പയറ്റിയ ബി ജെ പിക്ക് വിജയമാണുണ്ടായത്. അതാണ് ഇപ്പോള്‍ ത്രിപുരയില്‍ പയറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ബംഗാളില്‍ വീണിട്ടും ത്രിപുരയില്‍ ഇടത് കോട്ടയില്‍ വിള്ളല്‍ വീഴിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. കമ്യൂണിസ്റ്റ് ആശയങ്ങളാല്‍ ചുവന്ന ത്രിപുരയില്‍ മാണിക് സര്‍ക്കാരിന്റെ അടിവേര് പിഴുതെറിയാന്‍ ഒരു വിപ്ലവം തന്നെ വേണമായിരുന്നു. കഠിനാദ്ധ്വാനിയായ നേതാവിനെയാണ് ബി ജെ പി കേന്ദ്ര നേതൃത്വം അതിനായി തിരഞ്ഞെടുത്ത് അയച്ചത്. ഒപ്പം അമിത്ഷായുടെ സ്വന്തം ശൈലിയിലുള്ള തന്ത്രവും. ത്രിപുരയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ കൂട്ടത്തോടെ ബി ജെ പി ക്യാംപിലെത്തിച്ചാണ് തന്ത്രം മെനഞ്ഞത്. കോണ്‍ഗ്രസ് ജയിച്ചില്ലെങ്കിലും, സി പി എം തകരണമെന്ന ആഗ്രഹമുള്ള നേതാക്കളെ സ്വാധീനിക്കാന്‍ ബി ജെ പിക്ക് വേഗം കഴിഞ്ഞു. ഒപ്പം ആദിവാസി വിഭാഗത്തെയും ഒപ്പം കൂട്ടിയാണ് ബിപ്ലവ് കുമാര്‍ ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

എന്നാല്‍ അധികാരം കൈയില്‍ കിട്ടി മാസങ്ങള്‍ കഴിഞ്ഞതോടെ പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷമായി. പ്രധാനമായും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയ നേതാക്കളാണ് പാര്‍ട്ടിയല്‍ കലഹം ഉയര്‍ത്തിയത്. ഇത് പരിഹരിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് ഉറപ്പായതോടെയാണ് മുഖ്യനെ മാറ്റാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഇതിനിടെ കോണ്‍ഗ്രസില്‍ നിന്നും എത്തിയ നേതാക്കളായ സുദീപും ആശിഷും തിരികെ പോയതും ബി ജെ പിയെ പെട്ടെന്നു ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു. ബിപ്ലവിനെ രാജ്യസഭയിലൂടെ കേന്ദ്രത്തിലെത്തിക്കാനും സാദ്ധ്യതയുണ്ട്. വിവിധ പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാക്കളെ ഉള്‍പ്പെടെ ഒന്നിച്ച്‌ കൊണ്ടു പോകുന്നതില്‍ ബിപ്ലവ് വിജയിച്ചില്ലെന്നതാണ് ബിപ്ലവില്‍ പാര്‍ട്ടി കാണുന്ന പോരായ്മ.

ത്രിപുരയുടെ നിയുക്ത മുഖ്യമന്ത്രി ഡോ മണിക് സാഹ ത്രിപുര ഡെന്റല്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായിരുന്നു. പാട്ന ഡെന്റല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദവും ലഖ്നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിരുന്നു. 2016 ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. രണ്ടാം തവണയും ത്രിപുര ബി ജെ പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാഹ ഏപ്രിലില്‍ ത്രിപുരയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മണിക് സാഹയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതായി ത്രിപുരയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ബിപ്ലവ് കുമാര്‍ കേന്ദ്രമന്ത്രി അമിത് ഷാ, പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രിയായി നിലനിറുത്തി നേരിടാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജിവയ്ക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. ബിപ്ലവ് ഇന്നലെ ഉച്ചയ്ക്ക് ശേഷം രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയ്ക്ക് രാജി നല്‍കി.

പത്ത് മാസം കഴിഞ്ഞുള്ള നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും ത്രിപുര ചുവപ്പണിയുമോ എന്ന ചര്‍ച്ചയും ചൂട് പിടിക്കുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സി പി എം തകര്‍ന്നടിയുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മിക്കയിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും പാര്‍ട്ടിക്കായില്ല. ബി ജെ പി കായികമായി അക്രമിക്കുന്നു എന്നാണ് സി പി എം കാരണം നിരത്തുന്നത്. കേവലം പത്ത് മാസമെടുത്ത് വീണ്ടും പാര്‍ട്ടി സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ത്രിപുരയില്‍ കനല്‍ വീണ്ടും കത്തിക്കാന്‍ സി പി എമ്മിനായേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular