Saturday, May 18, 2024
HomeKeralaകളി പഠിപ്പിച്ചത്‌ അച്ഛന്‍, കരുത്തായ്‌ അമ്മ; പ്രണോയ്‌ നേടി തോമസ്‌ കപ്പ്‌

കളി പഠിപ്പിച്ചത്‌ അച്ഛന്‍, കരുത്തായ്‌ അമ്മ; പ്രണോയ്‌ നേടി തോമസ്‌ കപ്പ്‌

തിരുവനന്തപുരം> എട്ടാം വയസ്സില്‍ അച്ഛന്റെ കൈപിടിച്ച്‌ ബാഡ്മിന്റണ്‍ കോര്‍ട്ടിലെത്തിയതാണ് എച്ച്‌ എസ് പ്രണോയ്.

മകനെ കളി പഠിപ്പിച്ചതും അച്ഛന്‍ സുനില്‍കുമാര്‍. പ്രോത്സാഹനമേകി ഒപ്പം നിന്നു അമ്മ ഹസീന. അച്ഛന്‍ പകര്‍ന്ന കളിയടവുകളും അമ്മയുടെ സ്നേഹവും പ്രതിഭയ്ക്ക് കരുത്തായപ്പോള്‍ തിരുവനന്തപുരത്തുകാരനിലൂടെ രാജ്യത്തിന് ലഭിച്ചു തോമസ് കപ്പ്.

പതിനാറ് വയസ്സുവരെ അച്ഛനായിരുന്നു പരിശീലകന്‍. അതിനുശേഷമാണ് പ്രണോയ് ഗോപീചന്ദ് അക്കാദമിയിലെത്തുന്നത്. ‘കുട്ടി പ്രണോയ്’ റാക്കറ്റെടുത്ത ആദ്യ നാളുകളില്‍ മികവ് തിരിച്ചറിഞ്ഞു. സംസ്ഥാന ചാമ്ബ്യന്‍ഷിപ്പുകളടക്കം ഇക്കാലളവില്‍ നേടി. പ്ലസ്വണ്ണിന് പ്രമുഖ സ്കൂളില്‍ പ്രവേശനം ലഭിച്ച വേളയിലാണ് ജൂനിയര്‍ വേള്‍ഡ് കപ്പ് വരുന്നത്. സ്കൂള്‍ അധികൃതര്‍ക്ക് ഹാജര്‍ നിര്‍ബന്ധം. അവര്‍ പറഞ്ഞതനുസരിച്ചാല്‍ ദേശീയ ക്യാമ്ബും വേള്‍ഡ് കപ്പും നഷ്ടമാകും. കളി നഷ്ടമാകാതിരിക്കാന്‍ ആ സ്കൂളില്‍ നിന്നും ടിസി വാങ്ങി ഓപ്പണ്‍ സ്കൂളില്‍ ചേര്‍ക്കുകയായിരുന്നു. ആ പിന്തുണയുടെയും കരുതലിന്റെയും ഊര്‍ജത്തിലാണ് പ്രണോയിയുടെ ജൈത്രയാത്ര.

‘‘ മകന്‍ അംഗമായ ടീം തോമസ് കപ്പ് നേടിയതില്‍ വളരെ സന്തോഷും അഭിമാനവുമുണ്ട്. ഫൈനലില്‍ അവന് ഇറങ്ങാന്‍ കഴിയാതിരുന്നതില്‍ വിഷമമില്ല. ഇന്ത്യ സ്വര്‍ണം നേടുകയാണ് പ്രധാനം. അത് സാധിച്ചു. സെമി ഫൈനലില്‍ പ്രണോയ് പരിക്ക് മറന്ന് ഉജ്വലമായാണ് കളിച്ചത്.

കളി കഴിഞ്ഞശേഷം അവന്‍ വിളിച്ചിരുന്നു. ഈ വിജയം നാടിനും വളര്‍ന്നുവരുന്ന താരങ്ങള്‍ക്കും പ്രചോദനമാകും. -സുനില്‍കുമാറിന്റെയും ഹസീനയുടെയും വാക്കുകള്‍.

‘‘പവര്‍ ഗെയിമാണ് അവന്റേത്. ഈ ശൈലിയില്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതല്‍. പരിക്കുകളാണ് പലപ്പോഴും അവന് തിരിച്ചടിയായത്. കളിയെപ്പറ്റിയെല്ലാം വീട്ടില്‍ ചര്‍ച്ച ചെയ്യും. കളിക്കാന്‍ പറ്റാവുന്നിടത്തോളം അവന്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും ഇരുവരും പറഞ്ഞു. ആനയറ സ്വദേശികളാണ് പ്രണോയിയുടെ മാതാപിതാക്കള്‍. നിലവില്‍ ആക്കുളത്താണ് താമസം. സഹോദരി പ്രിയങ്ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular