Friday, May 17, 2024
HomeKeralaകല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികള്‍ക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ

കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികള്‍ക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ

പാലക്കാട് | കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഒന്ന് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. കൊല നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.

2013 നവംബര്‍ 20 ന് രാത്രി ഒമ്ബതോടെയായിരുന്നു മാരകായുധങ്ങളുമായെത്തിയ സംഘം കല്ലാംകുഴി പള്ളത്ത് വീട്ടില്‍ പരേതനായ മുഹമ്മദ് ഹാജിയുടെ മക്കളായ കുഞ്ഞുഹംസ, നൂറുദ്ദീന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരുക്കേറ്റിരുന്നു. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത 26 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. 27 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് ഒന്നാം പ്രതി.

അറസ്റ്റിലായി വേഗത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ലീഗ് നേതാക്കളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വലിയ വിവാദങ്ങളുണ്ടാക്കി. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതി അഞ്ച് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തിരുന്നു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോയതിനാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. തുടര്‍ന്ന് കേസിന്റെ വിചാരണ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. 90ഓളം സാക്ഷികളാണ് കേസിലുള്ളത്.

എസ് വൈ എസ് കല്ലാംകുഴി യൂനിറ്റ് സെക്രട്ടറിയായിരുന്നു നൂറുദ്ദീന്‍. പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ടീയ തലത്തിലും മറ്റും സമ്മര്‍ദമുണ്ടായിരുന്നുവെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറായത്. കല്ലാംകുഴി സുന്നി ജുമുഅ മസ്ജിദില്‍ തണല്‍ എന്ന സംഘടന അനധികൃത പിരിവ് നടത്തുന്നതിനെതിരെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് കുഞ്ഞുഹംസ വിധി സമ്ബാദിച്ചിരുന്നു. ഇതിലുള്ള വിരോധമായിരുന്നു കൊലപാതകത്തിന് പിന്നില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular