Sunday, May 19, 2024
HomeKeralaനല്ലൊരു സ്ഥാനാർത്ഥിയുടെ വിജയമാണ് തൃക്കാക്കരയിൽ കണ്ടത്

നല്ലൊരു സ്ഥാനാർത്ഥിയുടെ വിജയമാണ് തൃക്കാക്കരയിൽ കണ്ടത്

തൃക്കാക്കരയിൽ ഉമാ തോമസ് ജയിച്ചു കയറിയത് വെറും സഹതാപ വോട്ടിന്റെ പിൻബലത്തിലാണ് എന്ന് രാഷ്ട്രീയ നിരീക്ഷകരും ഇടതുപക്ഷ അനുഭാവികളും പറയുമ്പോൾ സഹതാപം തോന്നുന്നത് കാലത്തിന്റെ മാറ്റങ്ങളും തൃക്കാക്കരയെന്ന നഗര മണ്ഡലത്തിന്റെ സ്വഭാവവും മനസിലാക്കാൻ കഴിയാത്ത അക്കൂട്ടരോടാണ്. ഉമാ തോമസ് അന്തരിച്ച എം എൽ എ: പി ടി തോമസിന്റെ വെറുമൊരു ഭാര്യ ആയിരുന്നില്ല. അദ്ദേഹത്തിന്റെ പൊതു ജീവിതത്തിൽ പൂർണമായി ഒന്നിച്ചു നിന്നു പ്രവർത്തിച്ച പ്രഗത്ഭയായ വനിതയാണ് എന്ന കാര്യം സമ്മതിക്കാൻ അവർക്കെന്തേ ഇത്ര മടി.

മഹാരാജാസ് കോളജ് എന്ന ശരാശരി 4,000 കുട്ടികൾ ഒരു വർഷം പഠിക്കുന്ന കലാലയത്തിൽ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെടുമ്പോൾ ഉമാ തോമസ് രാഷ്ട്രീയം അറിയുന്ന വനിത ആയിരുന്നില്ല. എന്നാൽ തോമസിന്റെ ജീവിത സഖിയായി ശേഷമുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകളിൽ പോലും സ്വാധീനം ചെലുത്തിയിരുന്നു അവർ. ഒരു തിരഞ്ഞെടുപ്പിൽ തീർച്ചയായും അത്തരമൊരു പശ്ചാത്തലം മുതൽക്കൂട്ടാണ്.

ഉമാ തോമസ് വോട്ടു ചോദിച്ചപ്പോൾ പി ടി യുടെ പേര് ഓർമപ്പെടുത്തി എന്നതു കൊണ്ട് അവർ സഹതാപവോട്ടു തേടി എന്ന വാദം അർഥമില്ലാത്തതാണ്. ഒരു ലക്ഷം സ്ത്രീ വോട്ടർമാർ ഉള്ള മണ്ഡലത്തിൽ കരഞ്ഞും കൂവിയുമൊന്നുമല്ല അവർ വോട്ട് ചോദിച്ചത്. അവരുടെ വ്യക്തിപരമായ മികവ് അംഗീകരിക്കാനുള്ള വിമുഖതയും പണ്ടേ പാടുന്ന പാട്ടു വീണ്ടും പാടിയാൽ രാഷ്ട്രീയകാര്യ വിദഗ്ദനായി എന്ന മിഥ്യാബോധവും കൊണ്ടാണ്.

ഡോക്ടർ ജോ ജോസഫ് നല്ല സ്ഥാനാർത്ഥിയല്ലേ എന്ന ചോദ്യം ഇവിടെ ബന്ധപ്പെടുന്നു. തർക്കമൊന്നുമില്ല. പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ദൻ. പക്ഷെ സി പി എം ഇദ്ദേഹത്തെ ദുരുപയോഗം ചെയ്യാൻ നടത്തിയ ശ്രമങ്ങൾ തുടക്കത്തിൽ തന്നെ അപഹാസ്യമായി. എന്തിനാണ് കത്തോലിക്കാ സഭ നടത്തുന്ന ലിസി ആശുപത്രിയിൽ ഒരു പാതിരിയുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭയുടെ വോട്ട് കൊണ്ട് പാട്ടും പാടി ജയിക്കും എന്ന് കരുതിയോ. മറ്റു സമുദായങ്ങളുടെ കണക്കെടുത്തോ. ലത്തീൻ സഭയെ അവഗണിക്കുന്നു എന്ന ആക്ഷേപം കേട്ടിരുന്നോ. അവരുടെ സംഖ്യാബലം എന്താണെന്നു സി പി എമ്മിനറിയാമോ. കെ വി  തോമസിനെ കൊണ്ടുവന്നാൽ ആ വോട്ടൊക്കെ കിട്ടുമെന്നു വിചാരിച്ചോ. തോമസിനെ സഭ വളർത്തിയതാണ്, സഭയെ തോമസ് വളർത്തിയതല്ല എന്ന സത്യം എങ്ങിനെ അറിയാതെ പോയി.

പക്കാ വർഗീയ രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമായി ഒരു സമുദായ അധ്യക്ഷനെ കൊണ്ടു വന്നു സി പി എം കോട്ടയിൽ അഴിച്ചു വിട്ടിട്ടു എങ്ങിനെ കോട്ട നഷ്ടമായി എന്ന് ചിന്തിച്ചിട്ടുണ്ടോ. നല്ലൊരു സ്ഥാനാർഥിക്കു ഒടുവിൽ ‘അപ്പുക്കുട്ടൻ’ എന്ന വിശേഷണം വാങ്ങി കൊടുത്തതിലും സി പി എമ്മിന്റെ തന്ത്രങ്ങൾ ആവിഷ്കരിച്ചവർക്കു തെറ്റി. രാഷ്ട്രീയ പോരാട്ടത്തിനു വേണ്ട ആയുധങ്ങൾ കൈകാര്യം ചെയ്തു ശീലമില്ലാത്ത ഡോക്ടർ പലപ്പോഴും അടിപതറുന്നത് ആർക്കും ഒളിക്കാൻ കഴിയാത്ത വസ്തുതയുമായി. എന്നാൽ അതെല്ലാം കൊണ്ടാണ് ഡോകട്ർ തോറ്റതെന്നു പറഞ്ഞങ്ങു തീർക്കാവുന്നതല്ല.

കഴിഞ്ഞ തവണ 14,000 ത്തിനടുത്ത ഭൂരിപക്ഷത്തിനു തോമസ് ജയിച്ച സീറ്റിൽ ഇത്തവണ ഉമയ്ക്ക് 25,000 ഭൂരിപക്ഷമുണ്ടെങ്കിൽ അതിലൊരു പ്രധാന ഘടകം 2020 യുടെ ‘മനസാക്ഷി’ വോട്ടാണെന്നതിൽ സംശയമില്ല. പക്ഷെ സി പി എം അത് സ്വയം നഷ്ടപ്പെടുത്തിയതല്ലേ എന്ന ചോദ്യമുണ്ടല്ലോ.എങ്ങിനെ നഷ്ടപ്പെടുത്തി? അവിടെയാണ് അവരുടെ അഹങ്കാരത്തെ കുറിച്ച് ജനം  സംസാരിക്കുന്നത്. പിണറായി വിജയനെ മുട്ടുകുത്തിച്ച രാഷ്ട്രീയ തന്ത്രം സാബു ജേക്കബിന്റെ കൈയ്യിൽ ഉണ്ടെന്നു 2020 മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ വ്യക്തമായിരുന്നു. ആർക്കാണ് ആ വോട്ടുകൾ പോവുക എന്ന ചർച്ച ഉയർന്നപ്പോൾ പ്രഫഷണൽ സ്ഥാനാർത്ഥികളെ 2020 ക്കു ഇഷ്ടമാണല്ലോ എന്നൊക്കെ ഉളുപ്പില്ലാതെ നിന്നങ്ങ് വിളമ്പിയ ഇടതു മുന്നണിക്ക് ആ വോട്ടിന്റെ വില മനസിലായിരുന്നില്ല എന്നു കരുതാമോ.

ജനങ്ങളിൽ നിന്നു പിടുങ്ങാൻ മാത്രം ശീലിച്ചവർക്കു ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകി ജീവിതഭാരം കുറയ്ക്കുന്ന ഒരു പ്രസ്ഥാനത്തെ കുറിച്ചു എന്ത് മനസ്സിലാവാൻ. ഫാക്ടറിയിൽ തുടർച്ചയായി റെയ്‌ഡ്‌ നടത്തുകയും പ്രവർത്തകനെ കൊലപ്പെടുത്തുകയുമൊക്കെ ചെയ്ത ശേഷം വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവർ ഏതു വിഢികളുടെ സ്വർഗ്ഗത്തിലാണോ ജീവിക്കുന്നത്. കോൺഗ്രസിനോട് 2020 പൊറുത്തുവെങ്കിൽ അത് അവരുടെ കാഴ്ചപ്പാടിലുള്ള മാറ്റമാണ്. പി ടി തോമസ് അവിടെ കടമ്പ്രയാർ മലിനമാക്കുന്നു എന്ന പേരിലാണ് സമരത്തിന് ഇറങ്ങിയത്. കോൺഗ്രസ് അവിടെ ആരെയും കൊന്നിട്ടില്ല. റെയ്‌ഡ്‌ നടത്താൻ അധികാരവും കൈയ്യിൽ ഇല്ല.

കിറ്റ് കൊടുത്തതു കൊണ്ട് ജനങ്ങൾ തുടര്ഭരണം നൽകി എന്ന് വിശ്വസിക്കുന്നവർ എന്തേ കിറ്റ് നിർത്തി. ആരെതിർത്താലും കെ-റെയിൽ നടപ്പാക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചു ജനങ്ങളുടെ നെഞ്ചത്തു മഞ്ഞക്കല്ലിടുമ്പോൾ ജനം പ്രതികരിക്കില്ലെന്നു സി പി എം ഉറപ്പാക്കിയോ.

കേരള മന്ത്രിമാരും വിശിഷ്യ ഇടതു മുന്നണി കൺവീനറും ഈ ഉപതിരഞ്ഞെടുപ്പിൽ ഭരണ മുന്നണിയുടെ പരാജയം ഉറപ്പാക്കുന്നതിൽ പങ്കു വഹിച്ചു എന്ന് കൂടി പറയണം. രാഷ്ട്രീയക്കാർക്ക് പ്രവേശനം നിരോധിച്ച ഫ്ലാറ്റ് സമുച്ചയങ്ങളിലും മറ്റും പൊലിസ് എസ്കോര്ട്ടുമായി അതിക്രമിച്ചു കയറിയവർ വോട്ടല്ല തല്ലു വാങ്ങാതിരുന്നത് നഗര മണ്ഡലത്തിലെ സംയമനമുള്ള ജനം കാരണമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular