Saturday, May 18, 2024
HomeGulfപ്രവാചക നിന്ദ: കടുത്ത അതൃപ്തി അറിയിച്ച്‌ സൗദി അറേബ്യയും അറബ് ലീഗും

പ്രവാചക നിന്ദ: കടുത്ത അതൃപ്തി അറിയിച്ച്‌ സൗദി അറേബ്യയും അറബ് ലീഗും

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ട് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയില്‍ കടുത്ത അതൃപ്തി അറിയിച്ച്‌ സൗദി അറേബ്യയും അറബ് ലീഗും.

വിവാദ പ്രസ്താവനയില്‍ കടുത്ത നടപടി വേണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയെ സൗദി അറേബ്യ വിദേശകാര്യമന്ത്രാലയം അപലപിച്ചു. പ്രവാചകനെ അവഹേളിക്കുന്ന പ്രസ്താവന തള്ളിക്കളയുന്നു. ഇസ്ലാമിക ചിഹ്നങ്ങള്‍ എന്നുമാത്രമല്ല, ഏതു മതത്തെയും മോശമാക്കുന്ന ഒരു നടപടിയെയും അംഗീകരിക്കാനാകില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാദ് അല്‍ സൗദ് രാജകുമാരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിവാദ പ്രസ്താവന നടത്തിയ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ബിജെപി നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.

ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയില്‍ ഖത്തര്‍, ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തര്‍ പ്രതിഷേധം അറിയിച്ചു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലിലി പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ അറബ് ലോകത്താതെ പ്രതിഷേധം അലയടിക്കുകയാണ്.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ കടുത്ത പ്രതികരണവുമായി പാകിസ്ഥാനും രംഗത്തെത്തി. പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ പരസ്യശാസന നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണ്.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായി. വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ, പാര്‍ട്ടിയുടെ അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന്, ബിജെപി വക്താക്കളായ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പാര്‍ട്ടി പുറത്താക്കുകയും നൂപൂര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular