Sunday, May 19, 2024
HomeIndiaട്രകും കാറും ബൈകും കൂട്ടിയിടിച്ച്‌ 5 പേര്‍ മരിച്ചു, 2പേര്‍ക്ക് പരിക്ക്

ട്രകും കാറും ബൈകും കൂട്ടിയിടിച്ച്‌ 5 പേര്‍ മരിച്ചു, 2പേര്‍ക്ക് പരിക്ക്

രാജസ്താന്‍: () രാജസ്താനിലെ ഝലവാറില്‍ അകോഡിയ ഗ്രാമത്തിന് സമീപം ദേശീയ പാത 52 ല്‍ കണ്ടെയ്നര്‍ ട്രക് കാറിലും ബൈകിലും ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ശനിയാഴ്ച വൈകുന്നേരം അസ്നാവര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെയ്നര്‍ ട്രക് കാറുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയും തുടര്‍ന്ന് 50 മീറ്ററോളം മുന്നോട്ട് പോയി ബൈക് യാത്രികരായ മൂന്ന് യുവാക്കളെ ഇടിക്കുകയുമായിരുന്നു. എസ് എച് ഒ ഹര്‍വന്ത് സിംഗ് രന്ധവയാണ് ഞായറാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യപ്രദേശില്‍ നിന്നുള്ള കാര്‍ യാത്രക്കാര്‍ ജലവാറിലെ കാംഖേഡ ബാലാജി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. നാലുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ബൈകിലുണ്ടായിരുന്ന മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മരിച്ച അഞ്ച് പേരില്‍ കാറിലുണ്ടായിരുന്ന രണ്ട് പേരും ബൈകിലുണ്ടായിരുന്ന മൂന്ന് കോളജ് വിദ്യാര്‍ഥികളും ഉള്‍പെടുന്നു. പരിക്കേറ്റ ഒരാള്‍ ജലവാറിലെ എസ്‌ആര്‍ജി ആശുപത്രിയിലും മറ്റൊരാള്‍ കോടയിലെ ആശുപത്രിയിലും ചികിത്സയിലാണ്.

രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട് ട്വിറ്ററില്‍ അഞ്ച് പേരുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

മധ്യപ്രദേശിലെ മന്ദ് സൗര്‍ ജില്ലയിലെ ഗരോത് ടൗണ്‍ സ്വദേശി ബലറാം സെന്‍ (55), ദുര്‍ഗ സിംഗ് (45), നിതേഷ് പരേത (22), മനീഷ് പരേത (20), സോനു പരേത (22) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയില്‍ താമസിക്കുന്ന കമലേഷ് മേഘ്വാള്‍ (26), കരണ്‍ സിംഗ് (62) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

അപകടത്തെത്തുടര്‍ന്ന് കണ്ടെയ്നര്‍ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച്‌ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

അഞ്ച് മൃതദേഹങ്ങളുടെയും പോസ്റ്റ്മോര്‍ടം നടക്കുകയാണെന്ന് ജലവാറിലെ എസ്‌ആര്‍ജി ആശുപത്രി മോര്‍ചറിയില്‍ നിന്ന് എഎസ്‌ഐ ബല്‍ചന്ദ് പറഞ്ഞു.

നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫിസര്‍, സര്‍കിള്‍ ഓഫിസര്‍, എസ് എച് ഒ, എന്‍ജിനീയര്‍മാര്‍ എന്നിവരടങ്ങുന്ന ജലവാര്‍ ജില്ലാ റോഡ് സുരക്ഷാ സെലി(Cell)ന്റെ സംയുക്ത സമിതി അപകടസ്ഥലം സന്ദര്‍ശിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular