Sunday, May 19, 2024
HomeKeralaസി.എം.എസ് കോളജ് കാമ്ബസില്‍ 'മയ്യ' ഉയര്‍ന്നു

സി.എം.എസ് കോളജ് കാമ്ബസില്‍ ‘മയ്യ’ ഉയര്‍ന്നു

കോട്ടയം: പ്രസിദ്ധ ശില്‍പിയായ കെ.എസ്. രാധാകൃഷ്ണന്‍റെ ശില്‍പമായ ‘മയ്യ’ സി.എം.എസ് കാമ്ബസില്‍ ഉയര്‍ന്നു.

കൈയടികളോടെയും ആരവത്തോടെയുമാണ് കുട്ടികളും അധ്യാപകരും മറ്റും ശില്‍പത്തെ സ്വീകരിച്ചത്. കെ.എസ്. രാധാകൃഷ്ണനൊപ്പം അദ്ദേഹത്തിന്‍റെ ഗുരുനാഥനും ആര്‍ട്ടിസ്റ്റുമായ പി.സി. മാമ്മന്‍, സംവിധായകന്‍ ജയരാജ്, പ്രിന്‍സിപ്പല്‍ വര്‍ഗീസ് സി. ജോഷ്വ തുടങ്ങിയവരും സാക്ഷികളായി.

മയ്യ എന്ന സാങ്കല്‍പിക കഥാപാത്രത്തിന്‍റെ ചാരുത ശില്‍പത്തിന്‍റെ വ്യത്യസ്തഭാവങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രകൃതിയോട് ഇഴചേര്‍ന്ന് എഴുതുന്ന പെണ്‍കുട്ടി എന്ന സങ്കല്‍പത്തെ അനശ്വരമാക്കും വിധത്തിലാണ് മയ്യയെ കാമ്ബസില്‍ അവതരിപ്പിച്ചത്. കെ.എസ്. രാധാകൃഷ്ണന്‍റെ ശില്‍പം ആദ്യമായാണ് കേരളത്തിലെ ഒരു കാമ്ബസില്‍ സ്ഥാപിക്കുന്നത്. കൊല്‍ക്കത്തയിലെ ശാന്തിവനത്തിലാണ് ശില്‍പം നിര്‍മിച്ചത്. 16 അടിയാണ് ആകെ ഉയരം. ശില്‍പം വെങ്കലത്തിലും ചുവടുഭാഗം കൃഷ്ണശിലയിലുമാണ് തയാറാക്കിയിരിക്കുന്നത്.

‘ഹ്യൂസ് ഓഫ് ടൈംസ്’ എന്ന പേരില്‍ നാല് ഘട്ടമായാണ് കാമ്ബസില്‍ ശില്‍പോദ്യാനം ഒരുക്കിയിരിക്കുന്നത്. കോളജിന്‍റെ ചരിത്രം, പൈതൃകം എന്നിവയുള്‍പ്പെടുത്തിയ ആദ്യഘട്ടം നൂറോളം ചരിത്രകാരന്മാര്‍ ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്.

സംസ്ഥാന സര്‍ക്കാറിന്‍റെ സഹായത്തോടെ കോളജില്‍ മ്യൂസിയം ആരംഭിക്കുന്നതിന്‍റെ ചുവടുവെപ്പായാണ് ശില്‍പോദ്യാനത്തിന്‍റെ ഒരുക്കം. പ്രഗല്ഭരായ കലാകാരന്മാരുടെ 150ഓളം സൃഷ്ടികള്‍ ഇതിനോടകം സമാഹരിച്ചിട്ടുണ്ട്. കാമ്ബസിനുള്ളിലെ ചുവരുകളില്‍ കോളജിന്‍റെ ചരിത്രം, പൈതൃകം എന്നിവയുള്‍പ്പെടുത്തിയ മ്യൂറല്‍ പെയിന്‍റിങ്ങാണ് രണ്ടാമത്തേത്. മൂന്നാമത്തത് ശില്‍പങ്ങളാണ്.

കോളജ് കാമ്ബസിനുള്ളില്‍ ശില്പവിദ്യാലയം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ, കോട്ടയത്തിന്‍റെ ശില്‍പിയായ കെ.എസ്. രാധാകൃഷ്ണനെ സമീപിച്ചെങ്കിലും ശില്‍പം നിര്‍മിക്കാന്‍ സാധിച്ചില്ല. പിന്നീട്, മറ്റ് ആറ് ശില്‍പികളെ സമീപിച്ച്‌ ആറ് ശില്‍പം കൃഷ്ണശിലയില്‍ നിര്‍മിച്ചു. 60 ഫ്രെയിമുകളിലായി തിരുവിതാംകൂറിന്‍റെ ചരിത്രം, കേരളത്തിന്‍റെ നവോത്ഥാനം, വിദ്യാഭ്യാസചരിത്രം, കോളജിന്‍റെ പശ്ചാത്തലം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുവര്‍ശില്പങ്ങളാണ് നാലാംഘട്ടത്തില്‍ കാമ്ബസില്‍ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ ആദ്യ ആധുനിക സര്‍വകലാശാലയാണ് സി.എം.എസ് കോളജ്. തുച്ഛമായ പ്രതിഫലം വാങ്ങിയാണ് ശില്‍പങ്ങളും പെയിന്‍റിങ്ങുകളും നിര്‍മിച്ചതെന്ന് പ്രിന്‍സിപ്പല്‍ വര്‍ഗീസ് സി. ജോഷ്വ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular