Sunday, May 19, 2024
HomeIndiaഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസികമായ ക്രൂരത - മദ്രാസ് ഹൈകോടതി

ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസികമായ ക്രൂരത – മദ്രാസ് ഹൈകോടതി

ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റിയത് ഭര്‍ത്താവിനോട് മാനസികമായി ക്രൂരതകാണിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നല്‍കി മദ്രാസ് ഹൈകോടതി.

വി.എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രഫസര്‍ സി. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 2016 ജൂണ്‍ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചിരുന്നു. അതിനെതിരായി സി. ശിവകുമാര്‍ നല്‍കിയ അപ്പീലിലാണ് വിധി.

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചുമാറ്റിയെന്ന് ഭാര്യ കോടതിയില്‍ അറിയിച്ചു. ചെയിന്‍ മാത്രമാണ് മാറ്റിയതെനും താലി ഒഴിവാക്കിയിട്ടില്ലെന്നുമാണ് ഭാര്യ വിശദീകരിച്ചത്. എന്നാല്‍ അഴിച്ചുമാറ്റിയതിന് അതിന്റെതായ പ്രധാന്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഹിന്ദു മാരേജ് ആക്ടിലെ സെക്ഷന്‍ ഏഴ് പ്രകാരം താലികെട്ടുക എന്നത് നിര്‍ബന്ധമല്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ താലി അഴിച്ചുമാറ്റി എന്നത് ശരിയാണെന്ന് കരുതിയാലും അത് വിവാഹ ബന്ധ​ത്തെ ബാധിക്കില്ലെന്നും വാദിച്ചു.

എന്നാല്‍ ലോകത്ത് നടക്കുന്ന വിവാഹങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ആചാരമാണ് താലികെട്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ഹിന്ദു സ്ത്രീയും താലയി അഴിച്ചു മാറ്റില്ലെന്നത് അറിയാവുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ കഴുത്തിലുള്ള താലി അവരുടെ വൈവാഹിക ജീവിതത്തിന്റെ തുടര്‍ച്ചയാണ് കാണിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തോടെ മാത്രമേ താലി അഴിച്ചുമാറ്റുകയുള്ളു. അതിനാല്‍ താലി അഴിച്ചു മാറ്റിയ പെറ്റീഷനറുടെ നടപടി ഭര്‍ത്താവിനോടുള്ള മാനസികമായ ക്രൂരതയുടെ ഏറ്റവും ഉന്നതാവസ്ഥയാണ്. അത് ഭര്‍ത്താവിനെ വേദനിപ്പിക്കുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ​ചെയ്തുവെന്നും ബെഞ്ച് നിരീക്ഷിച്ചു.

വിവാഹബന്ധം അവസാനിപ്പിക്കാന്‍ താലി നീക്കം ചെയ്താല്‍ മതിയെന്ന് പറയുന്നില്ല. എന്നാല്‍ ഈ പ്രവൃത്തി അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച്‌ നിഗമനത്തിലെത്തുന്നതിനുള്ള തെളിവാണ്. രേഖകളില്‍ ലഭ്യമായ മറ്റ് തെളിവുകള്‍ക്കൊപ്പം, കക്ഷികള്‍ക്ക് അനുരഞ്ജനത്തിനും ദാമ്ബത്യബന്ധം തുടരാനും ഉദ്ദേശ്യമില്ല എന്ന നിഗമനത്തിലെത്താന്‍ ഇത് പ്രേരിപ്പിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular