Friday, May 17, 2024
HomeUSAകപ്പല്‍-ഹോട്ടലില്‍ ഉറങ്ങാം, ഉണ്ണാം, ഉല്ലസിക്കാം...

കപ്പല്‍-ഹോട്ടലില്‍ ഉറങ്ങാം, ഉണ്ണാം, ഉല്ലസിക്കാം…

ചില്ലറക്കാരിയല്ല ക്വീന്‍ എലിസബത്ത്-2 എന്ന ഈ ആഢംബര കപ്പല്‍. ആഴക്കടലിലൂടെ കൂറ്റന്‍ തിരമാലകളോടും കാറ്റിനോടും മഞ്ഞുമലകളോടും മല്ലിട്ട് 40 കൊല്ലത്തോളം ഉലകം ചുറ്റിയ ഈ സുന്ദരി, പൊളിച്ചടുക്കാന്‍ ആക്രിക്കാര്‍ക്ക് പിടികൊടുക്കാതെ പ്രൗഢിയും പൈതൃകവും പങ്കുവെക്കാന്‍ ദുബൈ റാശിദ് തുറമുഖത്ത് നങ്കൂരമിട്ട് നക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായി ഇപ്പോഴും അതിഥികളെ വരവേല്‍ക്കുകയാണ്.

ഒരു അത്താഴവിരുന്നോ, കുടുംബത്തോടൊത്ത് ഒരു രാത്രിയിലെ താമസമോ, കൂട്ടുകാരൊന്നിച്ച്‌​ ജന്മദിനാഘോഷമോ എന്തുമാവട്ടെ; ഒരു വെറൈറ്റി ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ക്യൂ.ഇ-2വിലേക്ക് സ്വാഗതം.

1964ലാണ് ക്യൂനാര്‍ഡ് ക്രൂയിസ് കമ്ബനി ഈ കപ്പല്‍ നിര്‍മിക്കാനുള്ള കരാര്‍ ജോണ്‍ ബ്രൗണ്‍ എന്ന സ്ഥാപനത്തിന് നല്‍കുന്നത്. പണി കഴിഞ്ഞ്​ യാത്രക്കൊരുങ്ങിയ കപ്പലിന് 1967ല്‍ ബ്രിട്ടീഷ് രാജ്ഞി തന്‍റെ സ്വന്തം പേര് നല്‍കിയതിന് പിന്നില്‍ രസകരമായ ഒരു സംഭവം ഉണ്ട്. നാവികരുടെ നടപ്പനുസരിച്ച്‌ കണ്ടുവെച്ച പേരടങ്ങിയ കവറും ഒരു കുപ്പി ഷാംപൈനും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥി തടിച്ചുകൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി തുറന്ന് പ്രഖ്യാപിക്കുന്നതോടെയാണ് കപ്പല്‍ നീറ്റിലിറക്കുന്നത്. ക്വീന്‍ വിക്ടോറിയ, ക്വീന്‍ മേരി തുടങ്ങിയ തങ്ങളുടെ മറ്റ് കപ്പലുകളുടെ പേരുകളില്‍ നിന്നും വ്യത്യസ്തമായി ഒരു സ്കോട്ടിഷ് പേര് നല്‍കാനായിരുന്നു ക്യൂനാര്‍ഡ് കമ്ബനി ഉദ്ദേശിച്ചതും കവറില്‍ നിക്ഷേപിച്ചതും.

എന്നാല്‍ അന്നത്തെ ദിവസം ഷാംപൈന്‍ കുപ്പിയുടെ അടപ്പ് തുറന്നെങ്കിലും പേരടങ്ങിയ കവര്‍ തുറക്കാതെ തന്നെ രാജ്ഞി ഇങ്ങനെ പ്രഖ്യാപിച്ചു. ‘ഈ കപ്പലിനെ ക്വീന്‍ എലിസബത്ത്​-2 എന്ന് ഇതിനാല്‍ നാമകരണം ചെയ്യുന്നു, കപ്പലിനും അതിലെ യാത്രക്കാര്‍ക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ’ പേരിടലില്‍ ഉണ്ടായ ഈ അങ്കലാപ്പ് കാരണം പിന്നെയും രണ്ടു കൊല്ലത്തോളം കന്നിയാത്രക്ക് കാത്തുകെട്ടികിടന്നതും ഈ കാലയളവില്‍ കപ്പലിലെ പരവതാനിയടക്കം പലതും പലവട്ടം മോഷണത്തിനിരയായതും പഴങ്കഥ.

1969ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ വര്‍ഷം തുടങ്ങിയ യാത്രകള്‍ 2008ല്‍ അവസാന സഞ്ചാരത്തോടെ ദുബൈ തുറമുഖത്തു നങ്കൂരമിടുമ്ബോള്‍ ക്യൂ.ഇ-2 ഒട്ടേറെ റിക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ത്തിരുന്നു. നാലു പതിറ്റാണ്ട് നീണ്ട യാത്രകളില്‍ ഇവള്‍ താണ്ടിയത് 6 മില്യണ്‍ മൈലുകള്‍, 812 തവണ അറ്റ്ലാന്‍റിക് സമുദ്രം മുറിച്ചുകടന്നു, 25 വേള്‍ഡ് ക്രൂസ്, കൂടാതെ ചെറുതും വലുതുമായ 1400 ഓളം ഒറ്റപ്പെട്ട യാത്രകള്‍, അതിസമ്ബന്നരടക്കം 2.5 മില്യണ്‍ യാത്രക്കാര്‍, 1986ല്‍ ഡീസല്‍ എന്‍ജിനിലേക്ക് മാറുന്നത് വരെ ക്യൂനാര്‍ഡ് കമ്ബനിയുടെ നീരാവി എന്‍ജിന്‍ ഉപയോഗിച്ച അവസാന കപ്പലും ഇത് തന്നെ. ചരിത്രത്താളുകളില്‍ അനേകം വരികള്‍ എഴുതിച്ചേര്‍ത്ത ഈ കൂറ്റന്‍ യാനം ഇപ്പോഴും ചരിത്രം സൃഷ്ടിക്കുകയാണ്.

അക്കോര്‍ എന്ന ഹോട്ടല്‍ ശൃംഖല നക്ഷത്ര നിലവാരത്തോടെ ഒരു ​ഫ്ലോട്ടിങ് ഹോട്ടലായാണ് നടത്തുന്നത്. റോയല്‍ സ്യൂട്ടും ക്യാപ്റ്റന്‍ സ്യൂട്ടും ക്വീന്‍സ്‌ റൂമും തുടങ്ങി വിവിധ വലിപ്പത്തിലുള്ള 447 മുറികളാണ് അതിഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. റെസ്റ്റോറന്‍റുകളും പൂളും ജിമ്മും ഷോപ്പിങ്​ ഏരിയയും തീയേറ്ററും തുടങ്ങി സകല സജ്ജീകരങ്ങള്‍ വേറെയുമുണ്ട്​. കൂടാതെ വിവാഹം, ബിസിനസ് മീറ്റ്​ പോലുള്ള ചടങ്ങുകള്‍ അവിസ്മരണീയമാക്കണം എന്ന് ചിന്തിക്കുന്നവര്‍ ഇവന്‍റ്​ ഡെസ്റ്റിനേഷനായി ഇവിടം തിരഞ്ഞെടുക്കാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular