Friday, May 3, 2024
HomeIndiaഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനുമെതിരെ അപകീര്‍ത്തികരമായ ട്വീറ്റ്; നടന്‍ കെ.ആര്‍.കെ അറസ്റ്റില്‍

ഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനുമെതിരെ അപകീര്‍ത്തികരമായ ട്വീറ്റ്; നടന്‍ കെ.ആര്‍.കെ അറസ്റ്റില്‍

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്മാരായ ഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനുമെതിരെ അപകീര്‍ത്തികരമായ ട്വീറ്റിന്റെ പേരില്‍ നടനും സിനിമ നിരൂപകനുമായ കമാല്‍ ആര്‍. ഖാന്‍ എന്ന കെ.ആര്‍.കെയെ മലാഡ് പൊലീസ് അറസ്റ്റ് ചെയ്തു. 2020ലെ ട്വീറ്റ് ആണ് അറസ്റ്റിന് കാരണമായത്. യുവസേന അംഗം രാഹുല്‍ കനാല്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. ട്വീറ്റിനെ തുടര്‍ന്ന് 2020ല്‍ കേസെടുത്ത പൊലീസ് നടനു വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. എയര്‍പോര്‍ട്ടില്‍നിന്ന് പിടികൂടിയ കെ.ആര്‍.കെയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ബോറിവാലി കോടതിയില്‍ ഹാജരാക്കും.

”എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമാല്‍ ആര്‍. ഖാനെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ പൊലീസിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. അത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇയാളെ അറസ്റ്റ് ചെയ്തതിലൂടെ അത്തരക്കാര്‍ക്കെതിരെ ശക്തമായ സന്ദേശമാണ് മുംബൈ പൊലീസ് നല്‍കിയത്” രാഹുല്‍ കനാല്‍ ട്വീറ്റ് ചെയ്തു. ഒപ്പം പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്.

വിവാദ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന നടനാണ് കമാല്‍ ആര്‍. ഖാന്‍. ഹിന്ദി, ഭോജ്പുരി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള കെ.ആര്‍.കെ നിര്‍മ്മാതാവ് കൂടിയാണ്. മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്നതിനെ ഇദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു. മോഹന്‍ലാല്‍ ഭീം അല്ല ഛോട്ടാ ഭീം ആണെന്നായിരുന്നു കമാല്‍ ആര്‍ ഖാന്റെ പരിഹാസം. ഇതിനെതിരെ ചലച്ചിത്രലോകവും ആരാധകരും രൂക്ഷമായി പ്രതികരിച്ചിരുന്നു. കമാല്‍ ആര്‍. ഖാന്റെ ഫേസ്‌ബുക്ക് ഹാക്ക് ചെയ്യുക വരെയുണ്ടായി. ഒടുവില്‍ മോഹന്‍ലാലിനോട് മാപ്പ് പറയേണ്ടി വന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular