Saturday, May 18, 2024
HomeUSAഇന്ത്യൻ വംശജനെ കടയിൽ കയറി വെടിവച്ചു കൊന്നു

ഇന്ത്യൻ വംശജനെ കടയിൽ കയറി വെടിവച്ചു കൊന്നു

പതിനാലു മാസം മുൻപ് അമേരിക്കയിൽ എത്തി  മിസിസ്സിപ്പിയിലെ ഗ്യാസ് സ്റ്റേഷനിലുള്ള കടയിൽ ക്ളർക്കായി ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജനെ കവർച്ചയ്ക്കു കയറിയ യുവാവ് പട്ടാപ്പകൽ വെടിവച്ചു കൊന്നു. പഞ്ചാബിലെ കപൂർത്തലയിൽ നിന്നുള്ള പരംവീർ സിംഗ് (33) ആണ് നിഷ്ടൂരമായ കൊലപാതകത്തിന് ഇരയായത്.

മിസിസ്സിപ്പിയിലെ ട്യുപെലോയിലുള്ള ഷെവ്‌റോൺ ഫുഡ് മാർട്ടിൽ കൊല നടക്കുമ്പോൾ അമേരിക്ക സെപ്റ്റംബർ 11 കൂട്ടക്കൊലയുടെ വാർഷികം ആചരിക്കയായിരുന്നു. വെടിയേറ്റ പരംവീർ സിംഗിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു മണിക്കൂർ കഴിഞ്ഞു സിംഗ് മരിച്ചു.

ട്യുപെലോ നിവാസിയായ ക്രിസ് കോപ്ലാന്ഡ് (26) എന്ന ആഫ്രിക്കൻ അമേരിക്കനെ രണ്ടു ദിവസം കഴിഞ്ഞു പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോടതി അയാൾക്കു ജാമ്യം നിഷേധിച്ചു. വധ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മുൻപും ക്രിമിനൽ കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള യുവാവിന്റെ മേൽ ചുമത്തിയത്.

“നിഷ്ടൂരം. ഭീകരവും അങ്ങേയറ്റം പ്രാകൃതവും” എന്നാണ് സിറ്റി പ്രോസിക്യൂട്ടർ റിച്ചാഡ് ബാബ് കോടതിയിൽ പറഞ്ഞത്. സമൂഹത്തിനു കോപ്ലാന്ഡ് ഭീഷണിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറ്റകൃത്യം വ്യക്തമായി സ്ഥാപിക്കുന്ന വീഡിയോ ആണ് കോപ്ലാന്ഡിന്റെ അറസ്റ്റിലേക്ക് നയിച്ചത്.  ഒന്നര മിനിറ്റ് നീണ്ട വീഡിയോ ആരംഭിക്കുമ്പോൾ ഭക്ഷണ സാധനങ്ങളും മറ്റും വിൽക്കുന്ന കടയിലേക്കു കോപ്ലാന്ഡ് കയറുന്നതു കാണാം. സമയം രാവിലെ 9.30. സാധനങ്ങൾ വാങ്ങാൻ എന്ന ഭാവത്തിലാണ് സിംഗിനെ അയാൾ സമീപിക്കുന്നത്. കൊലയാളി ഒലിവ് നിറത്തിലുള്ള ഹുഡ് ധരിച്ചിട്ടുണ്ട്. മഞ്ഞ ടി ഷർട്ടും നിറപ്പകിട്ടുള്ള പാജാമയും.

കോപ്ലാന്ഡ് കവർച്ച നടത്തുമ്പോൾ അയാളുടെ ആജ്ഞ അനുസരിച്ചു നിലത്തു മുട്ടു കുത്തി നിൽക്കുന്ന സിംഗിനെ യുവാവ് ഒരു കൂസലുമില്ലാതെ വെടി വയ്ക്കുന്നതും സിംഗ് തറയിൽ കുഴഞ്ഞു വീഴുന്നതും വിഡിയോയിൽ കാണാം. സിംഗിനോടു മുട്ടുകുത്താൻ പറഞ്ഞ ശേഷം കോപ്ലാന്ഡ് കൗണ്ടറിനു മുകളിൽ കൂടി ചാടി സിംഗിനെ സമീപിക്കുന്നു. പിന്നെ കണ്ണും പൂട്ടി വെടിവയ്ക്കുകയാണ്.

ഈ കടയിൽ കയറുന്നതിനു കുറച്ചു മുൻപ് കോപ്ലാന്ഡ് തെരുവിനു കുറുകെയുള്ള ഡോളർ ജനറൽ സ്റ്റോറിൽ ഉണ്ടായിരുന്നുവെന്ന് ഡിറ്റക്റ്റീവ് വെസ് ക്ളോആക് പറഞ്ഞു. അവിടത്തെ ഒരു ജീവനക്കാരനാണ് അയാളെ തിരിച്ചറിയാൻ സഹായിച്ചത്.

യുവാവ് ആവശ്യപ്പെടാതെ തന്നെ സിംഗ് അയാൾക്ക്‌ കുറച്ചു പണം നൽകിയെന്ന് ഡിറ്റക്റ്റീവ് പറഞ്ഞു. ബാങ്കിലേക്ക് കരുതിയിരുന്ന പണം സേഫിൽ നിന്ന് എടുത്തു കൊടുത്തു. എന്നാൽ കൊലയാളി സിംഗിന് ഒരു പരിഗണനയും നൽകിയില്ല.

കവർച്ച ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു മുൻപ്  ശിക്ഷിക്കപ്പെട്ടുണ്ട് കോപ്ലാന്ഡ്.

സിംഗിനു വെടിയേറ്റ ഇടത്തു സെപ്റ്റംബർ 17 നു ദുഃഖാചരണം നടന്നു. മെഴുകുതിരികൾ ഏന്തി നൂറു കണക്കിനാളുകൾ അണിനിരന്നുവെന്നു ‘ഡെയ്‌ലി ജേണൽ’ പറഞ്ഞു.  സിംഗിന്റെ വലിയ ചിത്രത്തിനു മുന്നിൽ പൂക്കൾ കുമിഞ്ഞുകൂടി.

സ്റ്റേറ്റ് സെനറ്റർ ചാഡ് മക്മോഹൻ പറഞ്ഞു: “നമ്മളെല്ലാം മിസിസ്സിപ്പിയിൽ ജീവിക്കാൻ തീരുമാനിച്ചവരാണ്. നമുക്കെല്ലാം വേദനയുണ്ട്. പരംവീർ സിംഗ് നല്ലൊരു മനുഷ്യനായിരുന്നു. ഈ രാജ്യത്തു ജോലി ചെയ്യാനും ഒരു കുടുംബം കെട്ടിപ്പടുക്കാനും ആഗ്രഹിച്ചു വന്നയാൾ. നമുക്കെല്ലാം ജോലിക്കു പോവുകയും സുരക്ഷിതമായി മടങ്ങുകയും ചെയ്യാൻ അവകാശമില്ലേ?”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular