Saturday, May 18, 2024
HomeAsiaയുക്രെയിന് മീതെ പറക്കുമോ റഷ്യയുടെ ' ചെര്‍ണോബില്‍ "!

യുക്രെയിന് മീതെ പറക്കുമോ റഷ്യയുടെ ‘ ചെര്‍ണോബില്‍ “!

മോസ്കോ : യുക്രെയിന് നേരെയുള്ള റഷ്യന്‍ ആക്രമണം കൂടുതല്‍ ശക്തമാകുമെന്നതിന്റെ സൂചനയാണ് ഇന്നലത്തെ വ്യോമാക്രമണത്തിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ നല്‍കിയിരിക്കുന്നത്.

പ്രകോപനപരമായ നീക്കത്തിന് ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ആണവായുധ പ്രയോഗത്തിന് പോലും മടിക്കില്ലെന്നും പുട്ടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ മാസം മുതല്‍ തെക്കന്‍ യുക്രെയിനിലടക്കം തിരിച്ചടികള്‍ നേരിട്ടതിന് പിന്നാലെ പുട്ടിന്റെ അടുത്ത അനുയായികള്‍ പ്രഹര തീവ്രത കുറഞ്ഞ ആണവായുധം പ്രയോഗിക്കണമെന്ന് പോലും ആവശ്യമുന്നയിച്ചത് ആശങ്ക ഉയര്‍ത്തിയിരുന്നു. റഷ്യയുടെ കൈവശം നിര്‍മ്മാണത്തിലുള്ളതും അല്ലാത്തതുമായ ഉഗ്രകോപികളായ ആണവായുധങ്ങള്‍ ഉണ്ട്. ബെല്‍ഗൊറോഡ് അന്തര്‍വാഹിനി, പൊസിഡോണ്‍ ടോര്‍പിഡോ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്.

ഇതില്‍ അതിമാരകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ആണവായുധമാണ് ‘ ബ്യൂറെവെസ്നിക് “. ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ക്രൂസ് മിസൈലാണിത്. ‘ പറക്കും ചെര്‍ണോബില്‍ ” എന്നാണ് ബ്യൂറെവെസ്നിക് അറിയപ്പെടുന്നത്. സ്കൈഫോള്‍ എന്നും പേരുണ്ട്. ബ്യൂറെവെസ്നികിനെ സംബന്ധിച്ച വളരെ പരിമിതമായ അറിവേ പുറംലോകത്തിനുള്ളൂ.

 പറക്കും ചെര്‍ണോബില്‍

ലോകത്തിന് മറക്കാനാകാത്ത ഒന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ ദുരന്തമായ ചെര്‍ണാബില്‍ ദുരന്തം. 1986 ഏപ്രില്‍ 26നാണ് ഇന്ന് യുക്രെയിന്റെ ഭാഗമായ പ്രിപ്യാറ്റ് നഗരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്റിന്റെ നാലാം നമ്ബര്‍ റിയാക്ടറില്‍ ഭീകരമായ പൊട്ടിത്തെറിയുണ്ടായത്. റിയാക്ടറിന്റെ ഉരുക്കുകവചങ്ങള്‍ തകര്‍ന്ന് ടണ്‍കണക്കിന് റേഡിയോ ആക്ടിവ് പദാര്‍ത്ഥങ്ങളാണ് പുറത്തേക്ക് വന്നത്.

ഇത് ഏകദേശം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കപ്പെട്ടപ്പോള്‍ ഉണ്ടായതിനേക്കാള്‍ ഏകദേശം 400 മടങ്ങായിരുന്നു. കുറഞ്ഞത് 4,000 പേരെങ്കിലും ദുരന്തത്തിന് ശേഷം റേഡിയേഷന്‍ മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ച്‌ മരിച്ചെന്നാണ് കണക്കുകള്‍. എന്നാല്‍, ഇത് 60,000 വരെയാണെന്നും വാദമുണ്ട്. ചെര്‍ണോബില്‍ ദുരന്തത്തിന്റെയത്ര ഭീകരത സൃഷ്ടിക്കാന്‍ കഴിയുന്ന ആണവ പോര്‍മുന ബ്യൂറെവെസ്നികിനും വഹിക്കാനാകുമെന്നാണ് അഭ്യൂഹം.

 റഷ്യയുടെ സൂപ്പര്‍വെപ്പണ്‍

‘ സൂപ്പര്‍ വെപ്പണ്‍സ് ” എന്നറിയപ്പെടുന്ന റഷ്യയുടെ ആറ് തന്ത്രപ്രധാന ആയുധങ്ങളില്‍ ഒന്നാണ് ബ്യൂറെവെസ്നിക്. 2018ല്‍ ക്രെംലിനില്‍ നടത്തിയ പ്രസംഗത്തിനിടെ വ്ലാഡിമിര്‍ പുട്ടിനാണ് ഈ ആയുധങ്ങളെ പരിചയപ്പെടുത്തിയത്. സാര്‍മത് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍, അവന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍, പോസിഡോണ്‍ ടോര്‍പ്പിഡോ ( അണ്ടര്‍വാട്ടര്‍ അണ്‍മാനഡ് വെഹിക്കിള്‍ ), കിന്‍ഷല്‍ ഹൈപ്പര്‍സോണിക് മിസൈല്‍, സിര്‍കോണ്‍ ഹൈപ്പര്‍സോണിക് മിസൈല്‍ എന്നിവയാണ് മറ്റുള്ളവ.

 നിഗൂഢ മിസൈല്‍

ബ്യൂറെവെസ്നികിന്റെ സ്വഭാവം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇപ്പോഴും രഹസ്യമാണ്. എന്നാല്‍ ബ്യൂറെവെസ്നികിനെ സംബന്ധിച്ച ചില അഭ്യൂഹങ്ങള്‍ പാശ്ചാത്യ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവ ഇവ;

 നീളം – 12 മീറ്റര്‍

 സോളിഡ് ഫ്യുവല്‍ഡ് ബൂസ്റ്റര്‍ എന്‍ജിനോട് കൂടിയ തെര്‍മല്‍ റോക്കറ്റ്

 റഷ്യയുടെ കെ.എച്ച്‌ – 101 ക്രൂസ് മിസൈലിനേക്കാള്‍ രണ്ടിരട്ടി നീളം

 പ്രഹര പരിധി വളരെ ഉയര്‍ന്നതെന്ന് സൂചന

 അതീവ അപകടം

പാശ്ചാത്യ രാജ്യങ്ങള്‍ ബ്യൂറെവെസ്നികിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. 2017നും 2019നും ഇടയില്‍ നിരവധി തവണ ബ്യൂറെവെസ്നികിന്റെ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെന്ന് യു.എസ് ഇന്റലിജന്‍സ് പറയുന്നു. 2019ല്‍ ഇത്തരത്തില്‍ പരീക്ഷണത്തിനിടെ പരാജയപ്പെട്ട ഒരു ബ്യൂറെവെസ്നിക് മിസൈല്‍ വെള്ളക്കടലില്‍ പതിച്ചിരുന്നു. തിരിച്ചെടുക്കുന്നതിനിടെ ഈ മിസൈല്‍ പൊട്ടിത്തെറിച്ച്‌ ഏഴോളം വിദഗ്ദ്ധര്‍ കൊല്ലപ്പെട്ടെന്നും റേഡിയേഷന്‍ ചോര്‍ച്ച ഉണ്ടായെന്നും പറയപ്പെടുന്നു. 2020 ജനുവരിയില്‍ ബ്യൂറെവെസ്നികിന്റെ പരീക്ഷണം ആദ്യമായി വിജയിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.

ഈ മിസൈല്‍ വായുവിലായിരിക്കുമ്ബോഴും അമിത വേഗത്തില്‍ സഞ്ചരിക്കുമ്ബോഴും റേഡിയേഷന്‍ ചോര്‍ച്ച ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണ്. മാത്രമല്ല, മിസൈലിന്റെ സഞ്ചാര പാതയില്‍ വരുന്ന വിമാനങ്ങള്‍ക്കും മറ്റും അണുപ്രസരണമേല്‍ക്കാനുള്ള സാദ്ധ്യതയുമുണ്ട്.

1950കളില്‍ ആണവശക്തിയുള്ള സൂപ്പര്‍സോണിക് ലോ ആല്‍റ്റിറ്റ്യൂഡ് മിസൈല്‍ ( SLAM ) വികസിപ്പിക്കാന്‍ യു.എസ് ശ്രമം നടത്തിയിരുന്നെങ്കിലും പരീക്ഷണങ്ങളിലെ അപകട സാദ്ധ്യത കണക്കിലെടുത്ത് ഉപേക്ഷിച്ചിരുന്നു. നിലവില്‍ ബ്യൂറെവെസ്നികിന്റെ പരീക്ഷണം പൂര്‍ത്തിയായോ എന്ന് വ്യക്തമല്ലെങ്കിലും 2025 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിവരം. വടക്കന്‍ റഷ്യയിലെ വിദൂര മേഖലയിലെ രഹസ്യ ബേസില്‍ ബ്യൂറെവെസ്നികിന്റെ പരീക്ഷണം ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ചില ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular