Wednesday, May 15, 2024
HomeAsiaപ്രതികാര ആയുധങ്ങളാകുന്ന റഷ്യന്‍ മിസൈലുകള്‍

പ്രതികാര ആയുധങ്ങളാകുന്ന റഷ്യന്‍ മിസൈലുകള്‍

മോസ്കോ : ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച് പാലം തകര്‍ത്തതിന് പ്രതികാരമായാണ് ഇന്നലെ യുക്രെയിനില്‍ ഉടനീളം തങ്ങളുടെ സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പറയുകയുണ്ടായി.

റഷ്യക്കെതിരെ പ്രകോപനം ഉയര്‍ന്നാല്‍ യുക്രെയിന് നേരെ ഇതിലും ഭീകരമായ തിരിച്ചടികളുണ്ടാകുമെന്നാണ് പുട്ടിന്റെ മുന്നറിയിപ്പ്.

റഷ്യയുടെ കാലിബര്‍ ക്രൂസ് മിസൈലുകള്‍ അടക്കമുള്ള അത്യാധുനിക മിസൈലുകളാണ് ഇന്നലെ യുക്രെയിനിലെ ലക്ഷ്യ സ്ഥാനങ്ങള്‍ ഛിന്നഭിന്നമാക്കിയത്. ഇതോടെ പലരും റഷ്യന്‍ ആയുധങ്ങളെയും റഷ്യയുടെ ആക്രമണ രീതിയേയും രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്‌ലര്‍ സ്വീകരിച്ച നടപടികളോടും ഹിറ്റ്‌ലറിന്റെ പ്രതികാര ആയുധങ്ങളോടും താരതമ്യപ്പെടുത്തുകയാണ്.

 പ്രതികാര ആയുധങ്ങള്‍ ?​

ഒരു കാലത്ത് യൂറോപ്പിന്റെ പേടിസ്വപ്നമായിരുന്ന ലോകത്തെ ആദ്യത്തെ ലോങ്ങ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ V2 റോക്കറ്റിനെയും മറ്റുമാണ് നാസികള്‍ ‘പ്രതികാര ആയുധങ്ങള്‍” ( revenge weapons ) എന്ന് വിശേഷിപ്പിച്ചിരുന്നത്. ശബ്ദത്തേക്കാള്‍ മൂന്നരയിരട്ടി വേഗത്തില്‍ സഞ്ചരിക്കുമെങ്കിലും V2 വിന്റെ സ്ഫോടനശേഷി ഇന്നത്തെ സൂപ്പര്‍സോണിക് മിസൈലുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ കുറവാണ്.

V2,​ അതിന് മുന്നേയുള്ള V1 പതിപ്പ് എന്നീ മിസൈലുകള്‍ 1943ലും 1944ലും ജര്‍മ്മന്‍ നഗരങ്ങളില്‍ സഖ്യസേനയുടെ നേതൃത്വത്തില്‍ നടത്തിയ ബോംബാക്രമണങ്ങള്‍ക്കുള്ള പ്രതികാരമെന്ന നിലയില്‍ ലണ്ടനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ഹിറ്റ്‌ലറുടെ നിര്‍ദ്ദേശപ്രകാരം വികസിപ്പിച്ചതാണ്. ജോസ്ഫ് ഗീബല്‍സ് ആണ് ഇവയ്ക്ക് പ്രതികാര ആയുധങ്ങള്‍ എന്ന ഓമനപ്പേര് നല്‍കിയത്. 1944 ജൂണ്‍ 13ന് ആദ്യ V1 മിസൈല്‍ ലണ്ടനില്‍ പതിച്ചു. ആദ്യ V2 മിസൈല്‍ 1944 സെപ്റ്റംബര്‍ 7ന് ഇംഗ്ലണ്ടില്‍ ആക്രമണം നടത്തി.

ഒരു യുദ്ധവിമാനത്തിന്റെ വേഗത മാത്രമായിരുന്നു അന്ന് V1 ന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടന്റെ റോയല്‍ എയര്‍ ഫോഴ്സ് പൈലറ്റുമാര്‍ വളരെ വേഗം തന്നെ അവയെ വെടിവച്ച്‌ വീഴ്ത്തി. V1 ന്റെ പള്‍സ് ജെറ്റ് എന്‍ജിനുകളാകട്ടെ വളരെയധികം ശബ്ദം പുറപ്പെടുവിച്ചിരുന്നു. അതിനാല്‍,​ അവയുടെ വരവ് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അഭയസ്ഥാനങ്ങളില്‍ ഒളിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍, സൂപ്പര്‍ സോണിക് വേഗതയില്‍ സഞ്ചരിക്കുന്ന V2 വിനെ ഏവരും ഭയത്തോടെയാണ് കണ്ടത്. V2 വിന്റെ വരവ് ആര്‍ക്കും കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. വളരെ ഉയരത്തില്‍ പറന്നിരുന്ന ഇവ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു. ജര്‍മ്മന്‍ മിലിട്ടറി 80 കിലോമീറ്റര്‍ അകലേക്ക് വിക്ഷേപിക്കുന്ന V2 മണിക്കൂറില്‍ 5,600 കിലോമീറ്റര്‍ വേഗതയില്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചിരുന്നു.

നാസികള്‍ ലണ്ടനില്‍ നടത്തിയ V2 റോക്കറ്റ് ആക്രമങ്ങളില്‍ മിലിട്ടറി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം 10,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേ സമയം, ജര്‍മ്മനിയുടെ ഈ രണ്ട് മിസൈലുകളും ചേര്‍ന്ന് ഏകദേശം 30,000 ത്തിലേറെ പേരുടെ ജീവന്‍ കവര്‍ന്നെടുത്തെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ വാര്‍ മ്യൂസിയത്തിന്റെ കണക്ക്.

V2 റോക്കറ്റുകള്‍ പ്രധാനമായും രാത്രികാലങ്ങളിലാണ് നാസി ജര്‍മ്മനി പ്രയോഗിച്ചിരുന്നത്. റഡാര്‍ സംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതിരിക്കാനായിരുന്നു ഇത്. യൂറോപ്പില്‍ നാസികള്‍ കൈയ്യടക്കിവച്ചിരുന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന രഹസ്യ ഫാക്ടറികളിലാണ് ഇവ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular