Saturday, May 18, 2024
HomeAsiaചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഗാല്‍വന്‍ കമാന്‍ഡറും

ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഗാല്‍വന്‍ കമാന്‍ഡറും

ബീജിംഗ്: 2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവില്‍ കലാശിച്ച ഏ​റ്റുമുട്ടലില്‍ പരിക്കേ​റ്റ ചൈനീസ് മിലിട്ടറി കമാന്‍ഡര്‍ ക്വി ഫാബാവോയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം ദേശീയ കോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ചു . ഞായറാഴ്ചയാണ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ നേതൃത്വത്തില്‍ ബീജിംഗിലെ ഗ്രേറ്റ് ഹാള്‍ ഒഫ് ദ പീപ്പിളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങിയത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും പീപ്പിള്‍സ് ആംഡ് പൊലീസിന്റെയും 304 പ്രതിനിധികളില്‍ ഒരാളായാണ് ക്വി എത്തിയത്. ഗാല്‍വനില്‍ ഇന്ത്യന്‍ സൈനികരുമായി ക്വി ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ഞായറാഴ്ച കോണ്‍ഗ്രസിനിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടലുണ്ടാകുന്നതിന് മുന്‍പ് ചിത്രീകരിച്ച വീഡിയോ ആണിത്. ഗാല്‍വന്‍ സംഭവത്തിന് പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച്‌ ഷീ ജിന്‍പിംഗിന്റെ പ്രസംഗത്തിന് മുന്നേ ഹാളിലെ ഭീമന്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച രാജ്യത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന ദൈര്‍ഘ്യമേറിയ വീഡിയോയിലാണ് ഗാല്‍വന്‍ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നത്. ചൈന യുദ്ധസാഹചര്യങ്ങളില്‍ സൈനിക പരിശീലനം തീവ്രമാക്കുമെന്നും സംയുക്ത പരിശീലനം,​ ഫോഴ്സ് – ഓണ്‍ – ഫോഴ്സ് പരിശീലനം,​ ഹൈടെക് പരിശീലനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും പ്രസംഗത്തിനിടെ ഷീ പറഞ്ഞിരുന്നു.

എന്നാല്‍ തായ്‌വാനുള്ള മുന്നറിയിപ്പായാണ് ഷീ സൈനിക പരാമര്‍ശം നടത്തിയത്. തായ്‌വാന് നേരെ സൈനിക നടപടി പ്രയോഗിക്കാനും ചൈനയ്ക്ക് അധികാരമുണ്ടെന്ന് ഷീ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയെ മുഖ്യഎതിരാളിയായി ചൈന കാണുന്നുവെന്നതിന്റെ ഉദാഹരണമായാണ് വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നിലവില്‍ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ക്ക് ഇത് ഇടയാക്കിയേക്കും.

അതേ സമയം,​ ഇതാദ്യമായല്ല ക്വി ഫാബാവോയെ ഉന്നത സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത്. ഗാല്‍വന്‍ സംഘര്‍ഷത്തിന് പിന്നാലെ ക്വിയ്‌ക്ക് ചൈന ഹീറോ പരിവേഷം നല്‍കുകയും ‘ഹീറോ റെജിമെന്റല്‍ കമാന്‍ഡര്‍ ഫോര്‍ ഡിഫന്‍ഡിംഗ് ദ ബോര്‍ഡര്‍” പദവി നല്‍കുകയും ചെയ്തിരുന്നു. ക്വിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈന ആതിഥേയത്വം വഹിച്ച ശീതകാല ഒളിമ്ബിക്സിന്റെ ദീപശിഖാ വാഹകനാക്കിയത് വിവാദമായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച്‌ ശീതകാല ഒളിമ്ബിക്സിന്റെ ഉദ്ഘാടന സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ഗാല്‍വന്‍ താഴ്‌വരയില്‍ തങ്ങള്‍ വിജയം നേടിയെന്നും നാല് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു ചൈനയുടെ അവകാശവാദം. എന്നാല്‍,​ 43 മുതല്‍ 67 ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യയും വിദേശ ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular