Tuesday, May 21, 2024
HomeUSAന്യു യോർക്ക് ഗവർണർ മത്സരം കടുകട്ടിയായി -- ലീ സെൽഡിൻ പോളിംഗിൽ ലീഡ് നേടി

ന്യു യോർക്ക് ഗവർണർ മത്സരം കടുകട്ടിയായി — ലീ സെൽഡിൻ പോളിംഗിൽ ലീഡ് നേടി

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ന്യു യോർക്ക് ഗവർണർ മത്സരം കടുത്തപ്പോൾ ഡെമോക്രാറ്റിക് ഗവർണർ കാത്തി ഹോക്കലിനെ അഭിപ്രായ വോട്ടെടുപ്പിൽ പിന്തള്ളി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ലീ സെൽഡിൻ ആദ്യമായി മുന്നിലെത്തി. സെൽഡിന്റെ ലീഡ് ഒരു പോയിന്റ് പോലും എത്തിയിട്ടില്ലെങ്കിലും ഉറച്ച കസേരയെ ആണ് അദ്ദേഹം ഇളക്കുന്നത്.

ഇൻഡിപെൻഡന്റ് കോ/എഫിഷ്യൻറ് എന്ന ഗ്രൂപ് 1,056 വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ സെൽഡിൻ 45.6% വോട്ട് നേടിയപ്പോൾ ഹോക്കൽ 45.3% ആണ് നേടിയത്. മാർജിൻ ഓഫ് എറർ 3.31% ആണ് എന്നിരിക്കെ ഈ ലീഡ് ഉറപ്പുള്ളതല്ല എന്ന വ്യാഖ്യാനം ഉണ്ടെങ്കിലും മത്സരം ആരംഭിക്കുമ്പോൾ സെൽഡിൻ ബഹുദൂരം പിന്നിലായിരുന്നു എന്നതാണു  ശ്രദ്ധിക്കേണ്ടത്.

സെപ്റ്റംബറിൽ ഇതേ ഗ്രൂപ് നടത്തിയ സർവേയിൽ ഹോക്കലിനു 6% ലീഡ് ഉണ്ടായിരുന്നു.

ചൊവാഴ്ച ക്വിനിപിയാക്ക് കോളജ് പോളിംഗിൽ ഹോക്കലിന്റെ ലീഡ് 4% ആയിരുന്നു. സർവ്വേയുഎസ്എ വ്യാഴാഴ്ച പുറത്തു വിട്ട പോളിൽ അവർക്കു 6% ആണു ലീഡ്. വ്യാഴാഴ്ച തന്നെ പുറത്തു വന്ന സിയന കോളജ് സർവേയിൽ ഹോക്കലിനു 52% പിന്തുണയുള്ളപ്പോൾ സെൽഡിനു 41% മാത്രം. എന്നാൽ മൂന്നാഴ്ച മുൻപ് ഹോക്കലിന് ഇതേ സർവേയിൽ 17% ലീഡ് ഉണ്ടായിരുന്നു.

“മത്സരം കഴിഞ്ഞ ആഴ്ചകളിൽ കടുത്തു. ഇപ്പോൾ പ്രവചിക്കാൻ കഴിയാത്ത നിലയിലായി,” കോ/എഫിഷ്യന്റ് പോളിംഗ് നടത്തിയ റയാൻ മൂൺസ് പറഞ്ഞു. “പ്രധാനമായുംഡെമോക്രാറ്റിക് പാർട്ടിയിൽ റജിസ്റ്റർ ചെയ്ത വെള്ളക്കാരും ഹിസ്പാനിക്കുകളുമാണ് സെൽഡിൻ പക്ഷത്തേക്കു മാറിയിട്ടുള്ളത്.

“വോട്ടെടുപ്പിനു മൂന്നാഴ്ചയില്ല. ഈ പ്രവണത തുടർന്നാൽ ന്യു യോർക്കിനു 2006 നു ശേഷം ആദ്യത്തെ റിപ്പബ്ലിക്കൻ ഗവർണർ ഉണ്ടാവും.”

വലതുപക്ഷ ചായ്വുള്ള ഇതേ ഗ്രൂപ്പാണ് കഴിഞ്ഞ വര്ഷം വിർജീനിയ ഗവർണർ മത്സരത്തിൽ റിപ്പബ്ലിക്കൻ ഗ്ലെൻ യംഗ്കിൻ അട്ടിമറി വിജയം നേടുമെമെന്നു കൃത്യമായി പറഞ്ഞത്.

കുറ്റകൃത്യങ്ങളിലുള്ള വർധനയാണ് ലോംഗ് ഐലൻഡിൽ നിന്നുള്ള കോൺഗ്രസ് അംഗമായ സെൽഡിൻ പ്രധാന  ആയുധമാക്കിയിട്ടുള്ളത്. അദ്ദേഹം തന്നെ പ്രചാരണത്തിനിടയിൽ ഒരു ആക്രമണം നേരിട്ടിരുന്നു.

പുതിയ സർവേയിലെ സുപ്രധാനമായ ഒരു കണ്ടെത്തൽ സ്വതന്ത്ര വോട്ടർമാരുടെ നിലപാടാണ്. അവർക്കിടയിൽ സെൽഡിൻ 47% നേടുമ്പോൾ ഹോക്കലിനു 38% മാത്രമേയുള്ളൂ. രണ്ടു പാർട്ടികളിലും  റജിസ്റ്റർ  ചെയ്യാത്തവർ ആവട്ടെ, 31% ലീഡ് ആണ് സെൽഡിനു നൽകുന്നത് — 59% അദ്ദേഹത്തിന്റെ കൂടെ നിൽക്കുമ്പോൾ 28% മാത്രമാണ് ഹോക്കലിന്റെ കൂടെ.

ഡെമോക്രാറ്റിക് പാർട്ടിയിൽ റജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ഇടയിൽ തന്നെ ഉണ്ടായ വിള്ളലാണ് ഹോക്കലിന്റെ പ്രശ്നം. ഉറച്ച ഡെമോക്രാറ്റിക് സംസ്ഥാനത്തു ഹിസ്പാനിക്കുകൾ തന്നെ 54% പിന്തുണയാണ് സെൽഡിനു നൽകുന്നത്. ഹോക്കലിനാവട്ടെ 36% പേരുടെ പിന്തുണ മാത്രം. വെള്ളക്കാരിൽ ഹോക്കലിന് 44% ഉള്ളപ്പോൾ സെൽഡിനു 48 ഉണ്ട്.

കറുത്ത വർഗക്കാരുടെ ഇടയിലാണ് ഹോക്കലിനു പടുകൂറ്റൻ ലീഡ് — സെൽഡിന്റെ 18 നെതിരെ 71% അവരുടെ കൂടെയുണ്ട്. ന്യു യോർക്ക് നഗരം ഡെമോക്രാറ്റുകളുടെ കൂടെയാണെങ്കിലും ഹോക്കലിന്റെ ലീഡ് 36നെതിരെ 53% മാത്രമാണ്. നഗരത്തിൽ 30% കടന്നാൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു വിജയം സാധ്യമാണെന്നാണ് പാർട്ടി കരുതുന്നത്.

സ്ത്രീകൾക്കിടയിൽ ഹോക്കലിനു 18% ലീഡുണ്ട്. സെൽഡിനു പുരുഷന്മാർക്കിടയിൽ 22 ശതമാനവും.

വോട്ട് ചെയ്യുന്നവരിൽ 55% സ്ത്രീകളും 50% റജിസ്റ്റർ ചെയ്ത ഡെമോക്രാറ്റുകളും ആയിരിക്കുമെന്നാണ് സർവേ പറയുന്നത്. റിപ്പബ്ലിക്കൻ പക്ഷത്തു നിന്ന് 25% പേരും. അത്രയും തന്നെ സ്വതന്ത്രരും ഉണ്ടാവും.

ഡെമോക്രാറ്റുകളിൽ 67% ഹോക്കലിന്റെ കൂടെയുണ്ട്. എന്നാൽ 23% സെൽഡിനു വോട്ട് ചെയ്യുമെന്ന നിലയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ 77% അംഗങ്ങൾ സെൽഡിനു പിന്തുണ നൽകുമ്പോൾ 19% ഹോക്കലിന്റെ കൂടെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular