Friday, May 3, 2024
HomeUSAഇന്ത്യൻ അമേരിക്കൻ ഓഫിസറെ വെടിവച്ചു കൊന്ന പ്രതിക്കു വധശിക്ഷ

ഇന്ത്യൻ അമേരിക്കൻ ഓഫിസറെ വെടിവച്ചു കൊന്ന പ്രതിക്കു വധശിക്ഷ

ടെക്സസിലെ ഹാരിസ് കൗണ്ടിയിൽ ഷെരിഫിന്റെ ഡെപ്യൂട്ടി ആയിരുന്ന ഇന്ത്യൻ അമേരിക്കൻ സന്ദീപ് ദാലിവാളിനെ (42) വെടിവച്ചു കൊന്ന കേസിൽ പ്രതി റോബർട്ട് സോളിസിനു കോടതി  വധശിക്ഷ വിധിച്ചതായി ഷെരിഫ്  എഡ് ഗോൺസാലസ് അറിയിച്ചു.

പൊലീസ് യൂണിഫോമിൽ സിഖ് തലപ്പാവ് ധരിക്കാൻ യുഎസിൽ ആദ്യമായി അനുമതി കിട്ടിയ ദാലിവാൾ ഹൂസ്റ്റണു സമീപത്തു വച്ച് സ്ഥിരം കൂറ്റവാളിയായ സോളിസിനെ ട്രാഫിക് നിയമലംഘനത്തിനു തടഞ്ഞു നിർത്തിയപ്പോഴാണ് അയാൾ ഓഫിസറെ പിന്നിൽ നിന്നു വെടിവച്ചത്. 2019ൽ നടന്ന കൊലപാതകത്തിൽ സോളിസ് കുറ്റക്കാരനാണെന്നു ഏതാനും ദിവസം മുൻപ് ജൂറി തീരുമാനിച്ചിരുന്നു.

എഡ് ഗോൺസാലസ് ട്വീറ്റ് ചെയ്തു: “റോബർട്ട് സോളിസിനെ വധശിക്ഷയ്ക്കു വിധിച്ചു. നീതി ലഭിച്ചതിൽ ഞങ്ങൾക്ക് ഏറെ നന്ദിയുണ്ട്. ഞങ്ങളുടെ ഓഫീസിനെ കുടുംബം പോലെയാക്കിയ സന്ദീപ് സേവനത്തിൽ മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.”

സോളിസ് വിചാരണയ്ക്കിടയിൽ സ്വന്തം അഭിഭാഷകനെ നീക്കം ചെയ്തിരുന്നു. വിചിത്രമായ വാദമുഖങ്ങൾ ഉയർത്തിയ അയാൾ ഒടുവിൽ ജൂറിയോടു പറഞ്ഞു: “ഞാൻ കുറ്റക്കാരനാണെന്നു നിങ്ങൾ കരുതുന്നതു കൊണ്ട് എനിക്കു വധശിക്ഷ തരിക.”

സുപ്രീം കോടതി വരെ അപ്പീൽ പോകാൻ സോളിസിനു അനുവാദമുണ്ട്. അപ്പീലുകളിൽ പരാജയപ്പെട്ടാൽ അയാളെ പെന്റോബാർബിറ്റൽ എന്ന മാരക മരുന്നു കുത്തിവച്ചു കൊല്ലും. 2002ൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു എന്ന കുറ്റത്തിന് 20 വർഷം തടവ് ലഭിച്ച സോളിസ് 2014ൽ പരോളിൽ ഇറങ്ങിയതാണ്. ദാലിവാളിനെ ആക്രമിക്കുന്ന നേരത്തു പെൺ സുഹൃത്തിനെ ആക്രമിച്ച കേസിൽ അയാൾക്കു വാറന്റ് ഉണ്ടായിരുന്നു. ആ യുവതിയുടെ പിതാവും ദാലിവാളിനെ വധിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി മൊഴി നൽകി.

മറ്റൊരു സ്ത്രീ ആരോപിച്ച ബലാത്സംഗ കുറ്റം സോളിസ് കോടതിയിൽ സമ്മതിച്ചു. അയാൾ അക്രമിയായ മനോരോഗിയാണെന്നു മൂന്നു കുട്ടികളുടെ അമ്മയായ ആ സ്ത്രീ പറഞ്ഞു.

“ജോലി ചെയ്തു കൊണ്ടിരുന്ന യൂണിഫോം ധരിച്ച ഡെപ്യൂട്ടിയെ അയാൾ പട്ടാപ്പകൽ തലയിൽ വെടിവച്ചു,” ഹാരിസ് കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോണി കിം ഓഗ് പ്രസ്താവനയിൽ പറഞ്ഞു: “അതു കൊണ്ട് അയാൾ ഏറ്റവും വഷളായ കുറ്റമാണ് ചെയ്തത്. അത് മരണം അർഹിക്കുന്നു.”

പത്തു വർഷം ഷെറീഫിന്റെ ഡെപ്യൂട്ടിയായി ജോലി ചെയ്തു ഏറെ മതിപ്പും സൗഹൃദങ്ങളും നേടിയ ദാലിവാളിനു ഭാര്യയും മൂന്നു മക്കളുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular