Saturday, May 18, 2024
HomeUSAസ്വയം കുഴിച്ച കുഴികളിലാണ് ട്രംപ് വീണത്; ഏറ്റവും വലിയ പതനം

സ്വയം കുഴിച്ച കുഴികളിലാണ് ട്രംപ് വീണത്; ഏറ്റവും വലിയ പതനം

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ മുഖത്ത് അടിയേറ്റ നേതാവാണ് ഡൊണാൾഡ് ട്രംപ്. രണ്ടു പാർട്ടികളും നേട്ടങ്ങൾ ഉണ്ടാക്കിയ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് അദ്ദേഹത്തിനാണെന്നു ഫലങ്ങൾ കാണിക്കുന്നു.

പോരാട്ട ഭൂമികളായ സംസ്ഥാനങ്ങളിൽ വ്യക്തിപരമായ കൂറിന്റെ പേരിൽ അദ്ദേഹം ഇറക്കിയ സ്ഥാനാർത്ഥികൾ പലരും അടിയേറ്റു വീണപ്പോൾ അനഭിമതനെന്നു കരുതപ്പെട്ടിരുന്ന പ്രസിഡന്റ് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി നേട്ടം കൊയ്തു. ട്രംപ് കോപം കൊണ്ട് കരുവാളിച്ചെന്നും കണ്ടവരോടൊക്കെ അലറി വിളിച്ചെന്നും കേൾക്കുമ്പോൾ ചിരിക്കാതെ വയ്യ. ആരെ വിരട്ടാനാണ് അതൊക്കെ.

പെൻസിൽവേനിയ തന്നെ എടുക്കുക. ട്രംപിന്റെ സ്ഥാനാർഥി മെഹമേത് ഓസ് തുടക്കം മുതലേ പിന്നിലായിരുന്നു. അദ്ദേഹം തോറ്റപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കു  കൈയിലിരുന്ന സെനറ്റ് സീറ്റാണു പോയത്. അതോടെ സെനറ്റ് പിടിക്കാനുള്ള നീക്കത്തിൽ ഡെമോക്രാറ്റുകൾക്കു ഒരു കുതിപ്പായി.

പക്ഷാഘാതം സംഭവിച്ച ഡെമോക്രാറ്റ് ജോൺ ഫെറ്റർമാനു വോട്ട് ചെയ്‌തതു അദ്ദേഹത്തിന്റെ സത്യസന്ധതയും സ്വഭാവഭദ്രതയും പരിഗണിച്ചാണെന്നു എക്സിറ്റ് പോളിൽ വോട്ടർമാർ പറഞ്ഞിരുന്നു. അത്തരം ഗുണങ്ങളൊന്നും ട്രംപിന്റെ സ്ഥാനാർഥിയിൽ ജനം കണ്ടില്ല.

അതേ പോലെ, സംസ്ഥാന ഗവർണർ സ്ഥാനവും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ട്രംപിന്റെ സ്‌ഥാനാർഥി ഡൗ മാസ്ട്രിയാനോ തോൽക്കുമെന്ന് ഉറപ്പായിരുന്നു എന്നു പറയുന്നത് ജി ഓ പി നേതാക്കൾ തന്നെ. മാസച്യുസെറ്സിൽ ഡെമോക്രാറ്റ് മൗറ ഹീലി ഗവർണറായത് ട്രംപിന്റെ സ്ഥാനാർഥി ജോഫ് ഡീഹെലിനെ തോൽപിച്ചാണ്.

മെരിലാൻഡിലും ന്യു യോർക്കിലും ഡെമോക്രാറ്റുകൾ മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ന്യു ഹാംഷെയറിൽ ട്രംപിന്റെ സ്‌ഥാനാർഥി ഡോൺ ബോൾഡക് ഡെമോക്രാറ്റ് മാഗി ഹാസനോട് പരാജയപ്പെട്ടു.

ജോർജിയയിൽ 2020 തിരഞ്ഞെടുപ്പ് ഫലം തള്ളിക്കളയാൻ വിസമ്മതിച്ചു ട്രംപിന്റെ രോഷം ഏറ്റുവാങ്ങിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫെൻസ്പെർഗെർ വിജയം കണ്ടു. സംസ്ഥാനത്തു തന്നെ ട്രംപ് പിന്തുണച്ച ഹെർഷൽ വാക്കർക്കു സെനറ്റ് സീറ്റ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം പിന്നിട്ടു നിൽക്കേ മത്സരം രണ്ടാം റൗണ്ടിലേക്കു പോയി.

അരിസോണയാണ്‌ നിര്ണായകമാവുന്ന മറ്റൊരു സെനറ്റ് മത്സരം കാണുന്നത്. ട്രംപ് പിന്തുണച്ച ബ്ലേക്ക് മാസ്‌റ്റേഴ്‌സ് ആണ് ജി ഓ പി സ്ഥാനാർഥി. ഗവർണർ സ്ഥാനത്തേക്ക് കാരി ലേക്കും. വോട്ടെണ്ണൽ തുടരുമ്പോൾ കാരി ലേക്ക് കള്ളവോട്ട് സംശയം ഉന്നയിച്ചിട്ടുണ്ട്.

ട്രംപ് ഇറക്കിയ സ്ഥാനാർഥികളാണ് പാർട്ടിയുടെ അപ്രതീക്ഷിത തോൽവികൾക്കു കാരണമെന്നു മുൻ പ്രസിഡന്റ് സ്ഥാനാർഥി റിക്ക് സാന്റോറം പറഞ്ഞു.

നാലു വർഷത്തെ ഭരണം കൊണ്ട് വൈറ്റ് ഹൗസും സെനറ്റും ഹൗസും നഷ്ടപ്പെടുത്തിയ ട്രംപിനെ ഇനി കൊള്ളാവുന്ന സ്ഥാനാർത്ഥിയായി പരിഗണിക്കാൻ ആവില്ലെന്നു പല ജി ഓ പി നേതാക്കളും പറയുന്നു.  അതിനു പുറമെയാണ് അദ്ദേഹത്തിന് എതിരായ നിയമനടപടികൾ. ജനുവരി 6 കലാപം അന്വേഷിക്കുന്ന ഹൗസ് കമ്മിറ്റി പിരിച്ചു വിടാൻ ഹൗസിൽ ഭൂരിപക്ഷം നേടുമ്പോൾ ജി ഓ പിക്കു കഴിയുമെന്നു ട്രംപ് പറഞ്ഞിരുന്നു. എന്നാൽ പാർട്ടി ഹൗസിൽ നേടാൻ ഇടയുള്ള സീറ്റുകൾ പരിഗണിക്കുമ്പോൾ അതത്ര എളുപ്പമല്ല.

കഷ്ടിച്ചു ഭൂരിപക്ഷം കിട്ടും എന്നാണ് പ്രതീക്ഷ. സെനറ്റ് ആവട്ടെ ഉറപ്പുമില്ല. അങ്ങിനെ വരുമ്പോൾ ട്രംപിനെ രക്ഷിക്കാൻ ഹൗസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഒന്നായി നീങ്ങുമെന്ന് കരുതാൻ ന്യായമില്ല. അപ്പോൾ കമ്മിറ്റി തുടരാം. ഇല്ലെങ്കിൽ തന്നെ കമ്മിറ്റിക്കു മുൻപിൽ കേട്ട സാക്ഷി മൊഴികൾ വേണ്ടത്ര രാഷ്ട്രീയ പ്രഹരം ഏല്പിച്ചിട്ടുണ്ട്. രാജ്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാൻ ട്രംപ് ഗൂഢാലോചന നടത്തിയെന്ന് അടുത്ത സഹായികൾ തന്നെ മൊഴി നല്കിയിട്ടുണ്ട്.

അപ്പോൾ പകരക്കാരൻ ആര്?

പെട്ടെന്ന് ഉയർന്നു വരുന്ന പേര് റോൺ ഡിസന്റിസ് ആണ്. ഫ്‌ളോറിഡ ഗവർണർ റിപ്പബ്ലിക്കൻ നേതൃനിരയിൽ ഉയരുന്ന താരമാണ്. മറ്റു ഭരണ നേട്ടങ്ങൾക്കു പുറമെ, ഇയാൻ കൊടുംകാറ്റിന്റെ കെടുതികൾ കൈകാര്യം ചെയ്തതിലെ മികവിന്റെ പേരിലാണ് ജനങ്ങൾ അദ്ദേഹത്തിനു മിന്നുന്ന വിജയം സമ്മാനിച്ചത്. ഡിസന്റിസ് പ്രസിഡന്റ് സ്ഥാനാർഥിയാവും എന്ന് ഈ ഘട്ടത്തിൽ പറയാൻ വയ്യെങ്കിലും അദ്ദേഹം തന്നെ മുൻനിരക്കാരൻ എന്നാണ് കാണുന്നത്. റിപ്പബ്ലിക്കൻ സഹയാത്രികരായ ഫോക്സ് ന്യൂസ് അദ്ദേഹത്തെ ഉയർത്തിപ്പിടിച്ചു കഴിഞ്ഞു.

മാത്രമല്ല, 2024 പ്രസിഡന്റാവാൻ ഡിസന്റിനു വാതുവയ്‌പുകാർ ഒന്നാം സ്‌ഥാനം നൽകുന്നു. അതു  കഴിഞ്ഞേയുള്ളൂ ട്രംപും ബൈഡനും.

ട്രംപിനെ തഴയാം എന്ന ചിന്ത വരുമ്പോൾ മത്സരത്തിനു മറ്റു പലരും ഇറങ്ങാനുള്ള സാധ്യതയും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular