Sunday, May 19, 2024
HomeIndiaഡല്‍ഹി മദ്യഅഴിമതി: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ സിബിഐ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തു

ഡല്‍ഹി മദ്യഅഴിമതി: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ സിബിഐ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കല്‍വകുന്തല കവിതയെ സിബിഐ ചോദ്യം ചെയ്തു.

ഞായറാഴ്ചയായിരുന്നു ഏഴു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം, ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും സി.ബി.ഐ കവിതയോട് ആവശ്യപ്പെട്ടു.

അരബിന്ദോ ഫാര്‍മയിലെ പി ശരത് ചന്ദ്ര റെഡ്ഡി, ഗുരുഗ്രാം ആസ്ഥാനമായുള്ള വ്യവസായി അമിത് അറോറ എന്നിവരുള്‍പ്പെടെ കേസില്‍ അറസ്റ്റിലായ പ്രതികളുമായി കവിതക്കുള്ള ബന്ധത്തെക്കുറിച്ച്‌ സിബിഐ അന്വേഷിച്ചു. നേരത്തെ, കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കവിതയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും വേണ്ടി കവിത പ്രവര്‍ത്തിച്ചതായും ഇഡി പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്ന് പുറത്തിറങ്ങിയ കവിത, തനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്ക് നേരെ കൈ വീശി. തുടര്‍ന്ന് പിതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

ഫോണുകള്‍ മാറ്റിയതിന് പിന്നിലെ ഉദ്ദേശ്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സിബിഐ കവിതയോട് ചോദിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്തായി കവിത ആകെ ഏഴു തവണ ഫോണ്‍ നമ്ബറുകള്‍ മാറ്റിയതായി കണ്ടെത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കവിത നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകളെക്കുറിച്ചും സിബിഐ അന്വേഷിച്ചു വരികയാണ്.

ചോദ്യം ചെയ്യല്‍ തടസങ്ങളൊന്നും കൂടാതെ നടന്നതായും കവിത അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചതായും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യലിനു ശേഷം ഔദ്യോഗിക പ്രസ്താവന ഇറക്കുമെന്ന് കവിതയുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയെ കണ്ടതിനെ തുടര്‍ന്ന് ആ തീരുമാനം മാറ്റുകയായിരുന്നു.

കവിത കല്‍വകുന്തലയെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു. കവിതയെ സഹായിക്കാനായി ഒരു അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കവിതയെ സിബിഐ വീണ്ടും ചോദ്യം ചെയ്‌തേക്കും.

സൗത്ത് ഗ്രൂപ്പില്‍ നിന്ന് (ശരത് റെഡ്ഡി, കവിത, മഗുണ്ട ശ്രീനിവാസുലു എന്നിവര്‍ നിയന്ത്രിക്കുന്ന സംഘം) എഎപി നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിജയ് നായര്‍ക്ക് 100 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോയിന്‍പള്ളി, മുന്‍ ട്രേഡ് കമ്മീഷണര്‍ അരുണ്‍ രാമചന്ദ്ര പിള്ള, പി ശരത് റെഡ്ഡി എന്നിവരും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. കവിതയുമായി അടുപ്പമുള്ളയാളാണ് ബോയിന്‍പള്ളിയും. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 14 പേര്‍ പ്രതികളായ കേസില്‍ കവിത ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്നോ എന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.

സിബിഐയുടെ ചോദ്യം ചെയ്യലിനു പിന്നാലെ, ബിആര്‍എസ് മന്ത്രി തലസാനി ശ്രീനിവാസ് യാദവും നിരവധി പാര്‍ട്ടി എംഎല്‍എമാരും എംപിമാരും കവിതയെ സന്ദര്‍ശിച്ച്‌ ഐക്യദാര്‍ഢ്യം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular