Sunday, May 19, 2024
HomeIndia'ഗുജറാത്ത് സര്‍ക്കാറിന് പ്രതികളെ വിട്ടയക്കാം': ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

‘ഗുജറാത്ത് സര്‍ക്കാറിന് പ്രതികളെ വിട്ടയക്കാം’: ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ തന്റെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളി.

കേസിന്റെ വിചാരണ മഹാരാഷ്ട്രയിലാണ് നടന്നതെങ്കിലും പ്രതികളുടെ വിടുതല്‍ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. സുപ്രിംകോടതി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്തയ്ക്ക് നല്‍കി. 2022 മേയിലെ വിധിക്കെതിരെയാണ് ബില്‍ക്കീസ് ബാനു ഹരജി നല്‍കിയിരുന്നത്. അന്ന് ജസ്റ്റിസ് അജയ് റസ്‌തോഗിയും വിക്രം നാഥും അടങ്ങുന്ന ബെഞ്ച് ഗുജറാത്ത് ഗവണ്‍മെന്റിന് പ്രതികളുടെ വിടുതല്‍ അപേക്ഷ പരിഗണിക്കാനുള്ള അധികാരം ഉണ്ടെന്ന് വിധിച്ചിരുന്നു.

നേരത്തെ കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറിയിരുന്നു. 2004-2006 കാലത്ത് ഗുജറാത്ത് സര്‍ക്കാരില്‍ നിയമ സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിച്ചിരുന്നു ഇവര്‍. ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വാതന്ത്യദിനത്തില്‍ വിട്ടയച്ചത്. കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇത് പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു.

15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച്‌ ഇളവ് അനുവദിക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച്‌ മൂന്നിനായിരുന്നു ബല്‍ക്കീസ് ബാനുവിനും കുടുംബത്തിനുമെതിരെയും കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബല്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഗര്‍ഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അന്ന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ബില്‍ക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular