Saturday, May 18, 2024
HomeGulfസൗദി പങ്കാളിത്തത്തോടെ ലോക അറബിക് ഭാഷാദിന പരിപാടികള്‍ക്ക് പാരിസില്‍ തുടക്കം

സൗദി പങ്കാളിത്തത്തോടെ ലോക അറബിക് ഭാഷാദിന പരിപാടികള്‍ക്ക് പാരിസില്‍ തുടക്കം

റിയാദ്: സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഫൗണ്ടേഷന്റെ പിന്തുണയോടെ യുനൈറ്റഡ് നേഷന്‍സ് എജുക്കേഷനല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) സംഘടിപ്പിക്കുന്ന അറബിക് ഭാഷാദിന പരിപാടികള്‍ക്ക് പാരിസില്‍ തുടക്കമായി.

യുനെസ്‌കോ ആസ്ഥാനത്ത് ‘മനുഷ്യ സംസ്‌കാരത്തിനും സംസ്‌കാരത്തിനും അറബി ഭാഷയുടെ സംഭാവന’ എന്ന പ്രമേയത്തിലാണ് പരിപാടികള്‍ നടക്കുന്നത്. യുനെസ്കോയുടെയും റിയാദ് ആസ്ഥാനമായുള്ള സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഫൗണ്ടേഷന്റെയും സ്ഥിരം പ്രതിനിധികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിലെ സൗദി അംബാസഡര്‍ ഫഹദ് ബിന്‍ മയൂഫ് അല്‍ റുവൈലി, യുനെസ്‌കോയുടെ സോഷ്യല്‍ ആന്‍ഡ് ഹ്യൂമന്‍ സയന്‍സസ് അസി. ഡയറക്ടര്‍ ജനറല്‍ ഗബ്രിയേല റാമോസ്, യുനെസ്കോയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അമീറ ഹൈഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ മുഖ് രിന്‍ എന്നിവര്‍ പങ്കെടുത്തു.

മനുഷ്യ സംസ്‌കാരത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും അറബി ഭാഷ നല്‍കിയ സംഭാവനകള്‍ ലോകം ഉറ്റുനോക്കുകയാണെന്ന് ഗബ്രിയേല റാമോസ് പറഞ്ഞു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 45 കോടിയിലധികം ജനങ്ങള്‍ സംസാരിക്കുന്ന ഒരു ഭാഷയുടെ ശക്തിയാണ് ഈ ആഘോഷം ഉയര്‍ത്തിക്കാട്ടുന്നതെന്ന് അവര്‍ പറഞ്ഞു.

അറബി പഠിക്കാനും പഠിപ്പിക്കാനും പ്രത്യേക കോളജുകളും സര്‍വകലാശാലകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കുന്നത് ഉള്‍പ്പെടെ പ്രാദേശികമായും ആഗോളതലത്തിലും അറബി ഭാഷയെ സേവിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങള്‍ അമീറ ഹൈഫ ചടങ്ങില്‍ വിശദീകരിച്ചു.

അറബി ഭാഷ സേവനത്തിനും വിവര്‍ത്തനത്തിനുമുള്ള കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ അവാര്‍ഡ്, അറബി ഭാഷ സേവനത്തിനുള്ള കിങ് ഫൈസല്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ് എന്നിങ്ങനെയുള്ളവ ഇതിന്റെ ഉദാഹരണങ്ങളാണ്. അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സൗദി സ്ഥാപനങ്ങളുടെ പങ്ക് കൂടാതെ അറബി ഭാഷ പ്രചരിപ്പിക്കുന്നതിനായി എക്സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവയും നടത്തുന്ന കാര്യം അമീറ ഹൈഫ ചൂണ്ടിക്കാട്ടി. അറബി ഭാഷാനുഭവവും മറ്റ് ഭാഷകളുമായുള്ള ആശയവിനിമയവും വിളംബരം ചെയ്യുന്ന ‘സാംസ്കാരിക വൈവിധ്യം’ എന്ന സെഷന്‍ ഉള്‍പ്പെടെയുള്ളവക്ക് ചടങ്ങ് സാക്ഷ്യം വഹിച്ചു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും ആധുനിക ആശയവിനിമയ മാര്‍ഗങ്ങളുടെയും വെളിച്ചത്തില്‍ പൊതുവായ മാനുഷിക മൂല്യങ്ങള്‍ എങ്ങനെ സംരക്ഷിക്കണമെന്നതും ചടങ്ങില്‍ ചര്‍ച്ചയായി. അറബി ഭാഷയെ പിന്തുണക്കുന്നതിനുള്ള യുനെസ്‌കോയുടെയും അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഫൗണ്ടേഷന്റെയും ശ്രമങ്ങളെയും ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രശംസിച്ചു.

സംസ്‌കൃതമായ ആശയവിനിമയം, അറബ് സംസ്‌കാരത്തിന്റെ ആഗോള വ്യാപനം, യുനെസ്‌കോയിലെ അതിന്റെ സാന്നിധ്യം എന്നിവക്കും അറബി ഭാഷ പഠിക്കാന്‍ താല്‍പര്യമുള്ളവരുടെ വലയം വിപുലീകരിക്കുന്നതിനും ഇത്തരം ശ്രമങ്ങള്‍ സഹായിച്ച കാര്യം ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.

അതിനിടെ, കിങ് സല്‍മാന്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ അറബിക് ലാംഗ്വേജിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ആഗോള അറബി ഭാഷ ദിനാഘോഷത്തിന് ഞായറാഴ്ച റിയാദില്‍ തുടക്കമായി. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular